പൂക്കോട്ടുംപാടം: ഒരിക്കലും തിരിച്ചുകിട്ടില്ലെന്നുവിചാരിച്ച ഉറ്റവരെ വർഷങ്ങൾക്കുശേഷം തിരിച്ചുകിട്ടിയപ്പോൾ സുഹാസിനിയുടെ കണ്ണുനിറഞ്ഞു. ആ രക്തബന്ധത്തിന്റെ കണ്ണികൾ തിരികെത്തന്ന പോലീസ് ഓഫീസർക്കുമുൻപിൽ അവൾ ഈറൻകണ്ണുകളോടെ കൈകൂപ്പി: ‘‘സാറേ, സാറാണിപ്പോൾ എന്റെ ദൈവം, ഇതിന് എങ്ങനെ നന്ദിപറയണമെന്നറിയില്ല...’’

To advertise here,

15 വർഷം മുൻപ്

2010-ൽ ആറുവയസ്സിലാണ് സുഹാസിനിക്ക് മുത്തശ്ശിയും ചേച്ചിയുമുൾപ്പെടെയുള്ള ഉറ്റവരെ നഷ്ടപ്പെടുന്നത്. മലപ്പുറം താനൂരിൽ ജോലിചെയ്യുന്ന അമ്മയെക്കാണാനായി വാശിപിടിച്ചതിനെത്തുടർന്നാണ് തമിഴ്‌നാട്ടിലെ കടലൂരിൽനിന്ന് പാട്ടി (മുത്തശ്ശി) അവളെയുംകൊണ്ട് കേരളത്തിലെത്തിയത്.

എന്നാൽ, തിരൂരിൽവെച്ച് അവൾ എങ്ങനെയോ കൂട്ടംതെറ്റി. പോലീസിന്റെ കൈയിൽപ്പെട്ട സുഹാസിനി ശിശുക്ഷേമസമിതിയുടെ സംരക്ഷണയിലായി. മുത്തച്ഛന്റെ പേര് മഞ്ജുനാഥെന്നും അമ്മ പഞ്ചാലിയെന്നും മാത്രമേ അവൾക്ക് അറിയാമായിരുന്നുള്ളൂ.

മറ്റൊരുവിവരവും ലഭിക്കാത്തതിനാൽ പോലീസിന്റെ തുടരന്വേഷണം നിലച്ചു.

കോഴിക്കോട് ചിൽഡ്രൻസ് ഹോം, വേങ്ങര റോസ് മനാർ ചിൽഡ്രൻസ് ഹോം തുടങ്ങിയ കേന്ദ്രങ്ങളിൽ കഴിഞ്ഞശേഷം സുഹാസിനി കോഴിക്കോട് മഹിളാമന്ദിരത്തിലെത്തി.

ഇപ്പോൾ പ്രൊഫഷണൽ കോഴ്‌സിന് പഠിച്ചുകൊണ്ടിരിക്കുന്ന സുഹാസിനിക്ക് ബന്ധുക്കളെ കണ്ടെത്തണമെന്ന മോഹം കലശലായതോടെ മഹിളാമന്ദിരം സൂപ്രണ്ട് നാരായണിയോടും മാട്രൺ രമ്യയോടും പറഞ്ഞു. ഇവർ പത്രങ്ങളിൽ വാർത്തനൽകി.

വാർത്തയും അന്വേഷണവും

ഈ വാർത്ത പൂക്കോട്ടുംപാടം സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.ടി. നൗഷാദിന്റെ ശ്രദ്ധയിൽപ്പെട്ടതാണ് വഴിത്തിരിവായത്.

എങ്ങനെയെങ്കിലും സുഹാസിനിക്ക് ബന്ധുക്കളെ കണ്ടെത്തത്തിനൽകണമെന്ന് നൗഷാദ് തീരുമാനിച്ചു.

മേലുദ്യോഗസ്ഥരും പോലീസ് വകുപ്പും പിന്തുണനൽകിയതോടെ അന്വേഷണംതുടങ്ങി. എവിടെ ഡ്യൂട്ടി കിട്ടിയാലും മനസ്സിൽ ഇതേചിന്തയായിരുന്നു.

ഇത്തവണ ശബരിമല ഡ്യൂട്ടി ലഭിച്ചപ്പോൾ അവിടെയെത്തിയ തീർഥാടകരോടെല്ലാം സുഹാസിനിയുടെ പഴയ ഫോട്ടോകാണിച്ച് അന്വേഷിച്ചു.

അങ്ങനെയാണ് ഇവരുടെ പിതാവിനെക്കുറിച്ചും സഹോദരിയെക്കുറിച്ചുമുള്ള വിവരംലഭിച്ചത്. അതനുസരിച്ചുള്ള അന്വേഷണം ബന്ധുക്കളിലേക്കെത്തി.

സഹോദരി മഞ്ജുളയെ സുഹാസിനിക്കുമുന്നിലെത്തിച്ചതോടെ നഷ്ടപ്പെട്ടെന്നുകരുതിയ രക്തബന്ധം വിളക്കിച്ചേർത്തു.