മലപ്പുറം: രാജ്യസഭയില്‍ കേന്ദ്രമന്ത്രി വി. മുരളീധരനെ പ്രശംസിച്ച് സംസാരിച്ച പി.വി. അബ്ദുള്‍വഹാബ് എം.പിയോട് മുസ്ലീം ലീഗ് വിശദീകരണം തേടും. അബ്ദുള്‍ വഹാബ് നടത്തിയ പരാമര്‍ശത്തോട് പാര്‍ട്ടി യോജിക്കുന്നില്ലെന്നും ഏത് സാഹചര്യത്തിലാണ് പ്രസ്തുത പരാമര്‍ശം എന്നതിനെക്കുറിച്ച് അദ്ദേഹത്തോട് വിശദീകരണം തേടുമെന്നും മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. 

To advertise here,

മുരളീധരന്‍ ഡല്‍ഹിയില്‍ കേരളത്തിന്റെ അംബാസിഡര്‍ ആണെന്നായിരുന്നു വഹാബ് രാജ്യസഭയില്‍ പറഞ്ഞത്. മുരളീധരന് പുറമേ മലയാളിയായ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനേയും വഹാബ് പുകഴ്ത്തിയിരുന്നു. നൈപുണ്യ വികസനത്തില്‍ ആ വകുപ്പിന്റെ മന്ത്രിയായ രാജീവ് ചന്ദ്രശേഖര്‍ നല്ല പദ്ധതികളാണ് നടപ്പാക്കുന്നതെന്നായിരുന്നു വഹാബ് പറഞ്ഞത്. ഈ പ്രശംസ വലിയ വിവാദമായതോടെയാണ് വിഷയത്തില്‍ ലീഗ് നേതൃത്വം ഇടപെട്ടത്. 

ബിജെപിയെ നിശിതമായി വിമര്‍ശിക്കുന്ന പാര്‍ട്ടിയാണ് ലീഗ്. അതിനിടയിലാണ് ലീഗിന്റെ തന്നെ എംപി രാജ്യസഭയില്‍ ബിജെപി കേന്ദ്രമന്ത്രിമാരെ പ്രശംസിച്ചത്. ഇത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയുന്ന നിലപാടല്ലെന്നാണ് പാര്‍ട്ടിക്കുള്ളില്‍നിന്ന് ഉയരുന്ന വിമര്‍ശനം.