കുറ്റിപ്പുറം: ഞായറാഴ്ച കുറ്റിപ്പുറത്ത് അപകടത്തിൽപ്പെട്ട സ്വകാര്യബസ് അപകടത്തിനു തൊട്ടുമുൻപ് സഞ്ചരിച്ചത് 130 കിലോമീറ്റർ വേഗത്തിൽ. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ പോലീസ് രൂപവത്കരിച്ച നാറ്റ്പാക്, എൻ.എച്ച്.എ.ഐ., മോട്ടോർവാഹന വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയുള്ള പ്രത്യേക അന്വേഷണസംഘം ചൊവ്വാഴ്ച നടത്തിയ പരിശോധനയിലാണ് ബസിന്റെ വേഗം സംബന്ധിച്ച ഡിജിറ്റൽ തെളിവുകൾ ലഭിച്ചത്.
ആറുവരിപ്പാതയിലെ നിരീക്ഷണക്യാമറകളുടെ കുറ്റിപ്പുറത്തുള്ള കൺട്രോൾ റൂമിൽനിന്നാണ് അന്വേഷണസംഘം ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചത്. ആറുവരിപ്പാതയിലെ സർവീസ് റോഡുകളുടെ പ്രവേശനഭാഗങ്ങളിലും പുറത്തേക്ക് പോകുന്ന ഭാഗങ്ങളിലും വലിയ വാഹനങ്ങൾക്ക് അനുവദിച്ച വേഗം 50 കിലോമീറ്ററാണ്. അപകടം നടന്ന അത്താണി ബസാർ സർവീസ് റോഡിന്റെ സമീപം എത്തുന്നതിനുമുൻപ് ബസിന്റെ വേഗം 130 കിലോമീറ്റർ ആയിരുന്നുവെന്നാണ് കണ്ടെത്തൽ.
ആറുവരിപ്പാതയിൽ വലിയ വാഹനങ്ങൾക്ക് അനുവദിക്കപ്പെട്ട പരമാവധി വേഗം 80 കിലോമീറ്ററാണ്. അമിതവേഗവും അപകടം നടക്കുന്ന സമയത്ത് മഴ പെയ്തിരുന്നതിനാൽ ബസിന്റെ ടയറും റോഡും തമ്മിൽ വേണ്ടത്ര ബന്ധിക്കപ്പെടാതിരുന്നതുമാണ് അപകടകാരണമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ.
ഡ്രൈവറെ ചോദ്യംചെയ്താൽ മാത്രമേ സംഭവത്തിന്റെ യഥാർഥചിത്രം വ്യക്തമാകൂവെന്നും അപകടവുമായി ബന്ധപ്പെട്ട് മുഴുവൻ പരിശോധനകളും പൂർത്തിയാക്കിയശേഷമേ ട്രാൻസ്‌പോർട്ട് കമ്മിഷണർക്ക് അന്തിമ റിപ്പോർട്ട് സമർപ്പിക്കൂവെന്നും അന്വേഷണസംഘം വ്യക്തമാക്കി.
ആറുവരിപ്പാതയിൽ വാഹനങ്ങളുടെ അമിതവേഗത്തിനു കടിഞ്ഞാണിടാൻ പിഴ ചുമത്തുന്ന സംവിധാനം നടപ്പാക്കണമെന്ന് എൻ.എച്ച്.എ.ഐ. ഉദ്യോഗസ്ഥർ അന്വേഷണസംഘത്തോട് ആവശ്യപ്പെട്ടു.
മലപ്പുറം എൻഫോഴ്സ്‍മെന്റ് ആർ.ടി.ഒ. യൂസഫ്, ജില്ലാ ക്രൈം റെക്കോഡ്സ് ബ്യൂറോ ഡിവൈ.എസ്.പി. സുനിൽ പുളിക്കൽ, എൻ.എച്ച്.എ.ഐ. എൻജിനീയർ ടീം ലീഡർ ഷാജി, ക്വാളിറ്റി എൻജിനീയർ തേജസ് വാർ റെഡ്ഡി, ലെയ്സൺ ഓഫീസർ പി.പി. അഷ്റഫ്, എൻ.എ.ടി.പി.എ.സി. സയന്റിസ്റ്റ് സജിത് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
Published: 29 Jul 2026, 06:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented