കുറ്റിക്കോൽ (കാസർകോട്): തെരുവുവിളക്കിന്റെ പ്രകാശത്തിൽ രാത്രിയിൽ വെട്ടിത്തിളങ്ങുന്ന ഒരു കൊക്ക് മരമുണ്ട് കുറ്റിക്കോൽ ടൗണിൽ. ഒറ്റനോട്ടത്തിൽ ബൾബുകൾകൊണ്ട് അലങ്കരിച്ച ക്രിസ്മസ് മരമാണെന്നേ തോന്നൂ. ചുറ്റിലും തെങ്ങുകൾ. ഒത്ത നടുവിൽ ഒരു വട്ടമരം. സന്ധ്യയായാൽ കൊക്കുകൾ ഇതിന് മുകളിൽ ചേക്കേറും. വട്ട നിറയെ കൊക്കുകൾകൊണ്ട് നിറയും. വട്ടയിൽ കൊള്ളാത്തവ തെങ്ങിൽ കയറിയിരിക്കും.

To advertise here,

വർഷങ്ങൾക്ക് മുൻപ് ഇവിടെ വലിയൊരു മാവുണ്ടായിരുന്നു. ടൗണിന്റെ ഈ ഭാഗം അന്ന് മാവിന്റടി എന്നാണറിയപ്പെട്ടിരുന്നത്. ആ മുത്തശ്ശി മാവിന്റെ ചുവട്ടിൽ നൂറ്റാണ്ടുകളുടെ കഥ പറയുന്ന ഒരു ചുമട് താങ്ങിക്കല്ലും. അന്നും പക്ഷികളുടെ വാസസ്ഥലമായിരുന്നു മുത്തശ്ശിമാവ്.

റോഡും ടൗണും വികസിക്കുമ്പോൾ തടസ്സമായി നിന്ന മാവ് മുറിച്ചുമാറ്റി. മുറിച്ചു മാറ്റിയ മാവിന് സമീപം വളർന്നുവന്ന വട്ടയിൽ എന്നാൽ കൊക്കുകൾ മാത്രമാണ് ഇപ്പോൾ കൂടണയുന്നത്.