
കുട്ടനാട്: വെള്ളിയാഴ്ച വൈകുന്നേരം വീട്ടുപരിസരത്തു പതിയിരുന്ന മൂർഖനെക്കണ്ട്, വളർത്തുനായ ഷിംബ നിർത്താതെ കുരച്ച് മുന്നറിയിപ്പു നൽകിയിട്ടും അറുപത്തഞ്ചുകാരി ഇന്ദിര അപകടം തിരിച്ചറിഞ്ഞില്ല. അതു വകവെക്കാതെ മുന്നോട്ടുപോയപ്പോഴാണ് ഇന്ദിര പാമ്പുകടിയേറ്റു മരിച്ചത്. കെട്ടിയിട്ടിരുന്നെങ്കിലും ഇന്ദിര മുന്നോട്ടുപോകാതിരിക്കാൻ തന്നാലാകുംവിധം അവൻ പ്രതിരോധിച്ചു. പിൻകാലുകളിൽ നിന്ന് മുൻകാലുകൾകൊണ്ട് തടഞ്ഞു. ഉടുത്തിരുന്ന സാരിയിൽ കടിച്ചുവലിച്ചു. സാരി ചെറുതായി കീറിയപ്പോൾ ഷിംബയെ ശാസിച്ച് ശൗചാലയത്തിലേക്കു പോയപ്പോഴാണ് തൊട്ടടുത്തുള്ള കവുങ്ങിനു സമീപംവെച്ച് ഇന്ദിരയ്ക്കു മൂർഖന്റെ കടിയേറ്റത്. ആലപ്പുഴ മെഡിക്കൽ കോളേജിലെത്തിച്ച് പ്രതിവിഷം നൽകിയെങ്കിലും രക്ഷിക്കാനായില്ല.
വീടിനകത്തു ശൗചാലയമുണ്ടെങ്കിലും അതു ചെറുമകൻ ഉപയോഗിച്ചുകൊണ്ടിരുന്നതിനാലാണ് ഇന്ദിര പുറത്തു പോയത്. രക്തസമ്മർദവും മുട്ടുവേദനയുമുള്ള ഇന്ദിര, ചമ്പക്കുളത്തെ ആശുപത്രിയിൽ പോയി തിരിച്ചുവന്നതായിരുന്നു. വളർത്തുനായ പതിവില്ലാത്തവിധം കുരയ്ക്കുന്നതു കേട്ട് അതുകൂടി നോക്കാനാണ് അമ്മ പുറത്തിറങ്ങിയതെന്നു മകൾ രശ്മി പറഞ്ഞു.
‘കടിയേറ്റ് പരിഭ്രാന്തയാകാതെ വീടിനകത്തേക്കു നടന്നുവന്ന് സർപ്പം കടിച്ചുവെന്നാണ് അമ്മ പറഞ്ഞത്. ആദ്യം അമ്മയുടെ തോന്നലാകുമെന്ന് വിചാരിച്ചു. മുറിവിന്റെ രീതിയും രക്തമൊഴുകുന്നതും കണ്ടതോടെ പാമ്പുകടിയേറ്റതാണെന്നു മനസ്സിലായി. മുറിവുകഴുകി തുണിവെച്ചു കെട്ടി. അയൽവാസിയുടെ കാറിൽ ഉടൻ ആശുപത്രിയിലേക്കു കൊണ്ടുപോയി. കടിയേറ്റിട്ടും അമ്മയ്ക്കു കാര്യമായ ക്ഷീണമില്ലെന്നാണു പറഞ്ഞത്. ആശുപത്രിയിലെത്തിയപ്പോഴും അമ്മ ഞങ്ങളെ ആശ്വസിപ്പിക്കുകയായിരുന്നു. പെട്ടെന്നാണു നില വഷളായി അമ്മ മരിച്ചത്’- രശ്മി പറഞ്ഞു.
‘കുറച്ചുദിവസം മുൻപ് വീടിനടുത്തുകൂടി ഇഴഞ്ഞുപോയ പാമ്പിന്റെ ദൃശ്യം മൊബൈലിൽ പകർത്തിയിരുന്നു. മക്കളെ പേടിപ്പിക്കാമെന്നു കരുതി ഞാനും അമ്മയും കൂടി ചെയ്തതാണ്’- രശ്മി പറഞ്ഞു.
ഇന്ദിരയും രശ്മിയും മക്കളായ അഭിനവും അതുലുമാണ് വീട്ടിലുള്ളത്. ഇന്ദിരയുടെ ഭർത്താവ് രഘു, ഒരു വീടിന്റെ നോട്ടക്കാരനായി കോന്നിയിലാണ്. കാലിനു സ്വാധീനക്കുറവുള്ള രഘു വല്ലപ്പോഴുമാണു വീട്ടിലെത്തുക. രശ്മിയുടെ ഭർത്താവ് സൗദിയിലാണ്. ലൈഫ് പദ്ധതിയിൽ നിർമിച്ച വീട്ടിലാണ് ഇവരുടെ താമസം. വീടുവെച്ചിട്ട് ഏഴുമാസമായതേയുള്ളൂ. പാമ്പിന്റെ ശല്യം മുൻപും ഇന്ദിരയുടെ വീട്ടിലുണ്ടായിട്ടുണ്ടെന്നു ബന്ധുക്കൾ പറഞ്ഞു. വളർത്തുപൂച്ച പാമ്പുകടിയേറ്റ് ചത്തിരുന്നു.
Content Highlights: A 65-year-old woman named Indira died following a cobra bite in Kuttanad., Her pet dog, Shimba, attempted to prevent her from approaching the snake., Despite receiving anti-venom at Alappuzha Medical College, the victim could not be saved., The family reported previous snake sightings near their new home., Highlighting the importance of snake awareness in residential areas.
Published: 26 Apr 2026, 07:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented