കൂത്താട്ടുകുളം: യാത്രക്കാരൻ ടിക്കറ്റ് ചാർജായി നൽകിയ 100 രൂപയുടെ പഴകിയ നോട്ട് മാറ്റി നൽകണമെന്ന കണ്ടക്ടറുടെ ആവശ്യം വാക്കുതർക്കത്തിലും അക്രമത്തിലുമെത്തി. വ്യാഴാഴ്ച രാവിലെ കൂത്താട്ടുകുളത്താണ് സംഭവം. തൃശ്ശൂർ ഡിപ്പോയിൽനിന്നും കോട്ടയത്തേക്കുള്ള ബസിൽ മൂവാറ്റുപുഴയിൽനിന്ന് കയറിയ യാത്രക്കാരൻ കോട്ടയം ടിക്കറ്റ് ചാർജായ 73 രൂപയ്ക്ക് െെകയിലുണ്ടായിരുന്ന നൂറുരൂപയുടെ നോട്ട് കണ്ടക്ടർക്ക് നൽകി.

To advertise here,

എന്നാൽ, നോട്ട് വളരെ പഴകിയതാണെന്നും അത് മാറ്റി നൽകണമെന്നും കണ്ടക്ടർ ആവശ്യപ്പെട്ടുവെങ്കിലും തൻെറ കൈയിൽ കൂടുതൽ രൂപയില്ലെന്ന് യാത്രക്കാരൻ പറഞ്ഞു. ഇതുസംബന്ധിച്ച് ഇരുവരും തമ്മിൽ തർക്കമായി. കൂത്താട്ടുകുളത്ത് ടൗൺ പാലത്തിന് സമീപം ബസ് നിർത്തിയിട്ടു. യാത്രക്കാരനുമായി പിടിവലിയായി. ഇതിനിടയിൽ ബസ് ഡ്രൈവർ എത്തി യാത്രക്കാരൻെറ തലയ്ക്കും മുഖത്തും തുടരെ അടിച്ചു. ചില യാത്രക്കാരും ചേർന്നു.

ഇതുകണ്ട് നാട്ടുകാർ ഇടപെട്ടു. പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും ആരും കൂട്ടാക്കിയില്ല. നാട്ടുകാരും സാമൂഹിക മാധ്യമപ്രവർത്തകരും എത്തിയതോടെ ബസ് പെട്ടെന്ന് കോട്ടയത്തേക്ക് പോയി.

കോട്ടയം ബേക്കർ ജങ്ഷനിൽ യാത്രക്കാരനിറങ്ങിയെന്നും ബാക്കി പണം വാങ്ങിയില്ലെന്നും കണ്ടക്ടർ മാതൃഭൂമിയോട് പറഞ്ഞു. യാത്രക്കാരൻ മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്നും ബസ് ജീവനക്കാർ പറഞ്ഞു.