കോഴിക്കോട്: സംഘര്‍ഷത്തിനിടെ ബാലറ്റ് പേപ്പര്‍ കീറിയെറിഞ്ഞെന്ന പരാതിയെത്തുടര്‍ന്ന് റീപോളിങ് നടന്ന കുന്ദമംഗലം ഗവണ്‍മെന്റ് കോളേജില്‍ കെ.എസ്.യു. - എം.എസ്.എഫ്  സഖ്യത്തിന് വിജയം. ഹൈക്കോടതി നിര്‍ദേശമനുസരിച്ച് നടത്തിയ റീപോളിങ് ഫലം കൂടി ചേര്‍ത്താണ് യൂണിയന്‍ തിരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനം നടത്തിയത്. ബാലറ്റ് പേപ്പര്‍ നശിപ്പിച്ച ബൂത്ത് രണ്ടിലായിരുന്നു റീപോളിങ്. മുഴുവന്‍ ജനറല്‍ സീറ്റും സഖ്യം നേടി. 

To advertise here,

മുഹസിന്‍ പി.എം ആണ് ചെയര്‍പേഴ്‌സണ്‍. വൈസ് ചെയര്‍പേഴ്‌സണ്‍: റിന്‍ഷിദാ കെ. ജനറല്‍ സെക്രട്ടറി : ആദിത്യന്‍ വി.കെ.

നവംബറില്‍ നടന്ന കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനിടെ ആയിരുന്നു സംഘര്‍ഷം. വോട്ടെണ്ണലില്‍ യു.ഡി.എസ്.എഫ് സഖ്യം ലീഡ് ചെയ്യുന്നതിനിടെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ബാലറ്റ് പേപ്പറുകള്‍ വലിച്ചുകീറുകയും പുറത്തേക്ക് എറിഞ്ഞെന്നുമാണ് പരാതി.

ഇതിനുപിന്നാലെയാണ് കോളേജില്‍ സംഘര്‍ഷമുണ്ടായത്. പിന്നാലെ റീപോളിങ്  ആവശ്യപ്പെട്ട് കോളേജ് അധികൃതര്‍ സര്‍വകലാശാലയ്ക്ക് കത്തയച്ചു. യു.ഡി.എസ്.എഫ് സഖ്യം നല്‍കിയ ഹര്‍ജിയില്‍ റീപോളിങ് നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് ബൂത്ത് രണ്ട് ഉള്‍പ്പെടുന്ന ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ് വിഭാഗം വിദ്യാര്‍ഥികള്‍ക്കായി വീണ്ടും പോളിങ് നടത്തിയത്.