തിരുവനന്തപുരം: കുംഭമേളയിലെ വൈറൽ താരമായ പെൺകുട്ടിയുടെ ആധാർകാർഡ് ആധികാരികമായിരുന്നുവെന്ന് പോലീസ്. എന്നാൽ, ആധാർനമ്പർ ഉൾപ്പെടുത്തിയ ജനനസർട്ടിഫിക്കറ്റ് പരിശോധിച്ചിട്ടില്ല. അച്ഛനെതിരേ പരാതിയുമായി പെൺകുട്ടിയും യുവാവും തമ്പാനൂർ പോലീസ് സ്റ്റേഷനിലെത്തിയതിനുപിന്നാലെയായിരുന്നു ആധാർ പരിശോധിച്ചത്.

To advertise here,

പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായില്ലെന്ന് വ്യക്തമാക്കിയുള്ള റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറി. വിവാഹസമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല എന്ന ദേശീയ പട്ടികവർഗ കമ്മിഷന്റെ കണ്ടെത്തലിനെത്തുടർന്ന് മധ്യപ്രദേശ് പോലീസ് വരന്റെ പേരിൽ പോക്സോകേസ് രജിസ്റ്റർചെയ്തിരുന്നു. ഈമാസം 22-ന് ഹാജരാകാൻ ദേശീയ പട്ടികവർഗ കമ്മിഷൻ പോലീസ് മേധാവിയോടും നിർദേശിച്ചിട്ടുണ്ട്.

കേരളത്തിൽ ചലച്ചിത്ര ചിത്രീകരണത്തിനെത്തിയ പെൺകുട്ടിയും സഹപ്രവർത്തകനായ യുവാവും ഒരുമിച്ചാണ് തമ്പാനൂർ പോലീസിൽ എത്തിയത്. ‌അച്ഛന്റെ സഹോദരിയുടെ മകനെ വിവാഹംചെയ്യാൻ അച്ഛൻ നിർബന്ധിക്കുന്നുവെന്നും ഒപ്പംവന്ന സഹപ്രവർത്തകനെ വിവാഹംചെയ്യാനാണ് തീരുമാനമെന്നുമാണ് പെൺകുട്ടി പോലീസിനോട് പറഞ്ഞത്.

പരാതിക്കൊപ്പം നൽകിയ ആധാർകാർഡിന്റെ ആധികാരികത യു.ഐ.ഡി.എ.ഐ. വെബ്‌സൈറ്റുവഴി പരിശോധിച്ച് പോലീസ് ഉറപ്പാക്കി. ഈ ആധാർനമ്പർ തന്നെയാണ് പെൺകുട്ടി നൽകിയ ജനനസർട്ടിഫിക്കറ്റിലുമുണ്ടായിരുന്നത്. അതുകൊണ്ട് അത് പരിശോധിച്ചില്ല.

മാർച്ച് 11-ന് പൂവാറിനടത്ത് അരുമാനൂർ ക്ഷേത്രത്തിലായിരുന്നു പെൺകുട്ടിയുടെ വിവാഹം. ആ സമയത്ത് പെൺകുട്ടിക്ക് 16 വയസ്സും രണ്ടുമാസവും മാത്രമാണ് പ്രായമെന്നാണ് ദേശീയ പട്ടികവർഗകമ്മിഷന്റെ കണ്ടെത്തൽ. വിവാഹത്തിനായി വ്യാജസർട്ടിഫിക്കറ്റ് നിർമിച്ചെന്നാണ് ആശുപത്രിരേഖകൾ ഉദ്ധരിച്ച് കമ്മിഷന്റെ വാദം.