കലഞ്ഞൂര്‍: വനംവകുപ്പ് ഓഫീസിലെത്തി, കത്തിക്കുമെന്നും വീണ്ടും നക്സലുകള്‍ വരുമെന്നും കോന്നി എം.എല്‍ എ കെ.യു. ജനീഷ് കുമാറിന്റെ ഭീഷണി. കസ്റ്റഡിയിലെടുത്ത ആളെ ഇറക്കി കൊണ്ടുപോകുകയും ചെയ്തു.
ശനിയാഴ്ച കുളത്തു മണ്ണില്‍ സ്വകാര്യ തോട്ടത്തില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവത്തില്‍ ചോദ്യംചെയ്യാന്‍ ഒരാളെ കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്നാണ് എംഎല്‍എ എത്തിയത്. നിയമപരമല്ലാതെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത് എന്നായിരുന്നു എംഎല്‍എയുടെ ആക്ഷേപം.
കത്തിക്കുമന്നും രണ്ടാമതും ഇവിടെ നക്സലുകള്‍ വരുമെന്നും പറഞ്ഞ് എംഎല്‍എ ഉദ്യോസ്ഥരോട് തട്ടിക്കയറി. മനുഷ്യന് ക്ഷമിക്കുന്നതിന് പരിധിയുണ്ടെന്നും ജനീഷ്കുമാര്‍ പറഞ്ഞു. വനംവകുപ്പിന്റെ പാടം ഓഫീസിലായിരുന്നു സംഭവം.
കഴിഞ്ഞ ശനിയാഴ്ച, കോന്നി നിയമസഭാ മണ്ഡലത്തിന്റെ പരിധിയില്‍വരുന്ന കുളത്തുമണ്‍ എന്ന സ്ഥലത്ത് സ്വകാര്യ തോട്ടത്തില്‍വെച്ച് 10 വയസ് പ്രായം തോന്നിക്കുന്ന കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് തോട്ടം ഉടമയ്ക്കെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു. ഈ കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ആളിന്റെ സുഹൃത്തിനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. തമിഴ്നാട് സ്വദേശിയായ വാസു എന്നയാളെയാണ് ചോദ്യം ചെയ്യലിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തത്. വനംവകുപ്പിന്റെ പാടം സ്റ്റേഷനിലാണ് ഇയാളെ ചോദ്യം ചെയ്യാനായി എത്തിച്ചത്.
ഇതറിഞ്ഞാണ് എംഎല്‍എയും സിപിഎം പ്രവര്‍ത്തകരും എത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടപടിക്രമം പാലിച്ചില്ല എന്നാരോപിച്ചാണ് എംഎല്‍എയും സംഘവുമെത്തിയത്. എംഎല്‍എ ഉദ്യോഗസ്ഥര്‍ക്കുനേരെ തട്ടിക്കയറുന്നതിന്റെയും ഭീഷണിപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
സംഭവത്തില്‍ വിശദീകരണവുമായി കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ രംഗത്തെത്തിയിട്ടുണ്ട്. കാട്ടാന പ്രശ്നത്തില്‍ ജനങ്ങളുടെ പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് വനംവകുപ്പുദ്യോഗസ്ഥര്‍ കുറേപ്പേരെ കൊണ്ടുപോയി എന്നറിയുന്നത്. ഇതിലുള്‍പ്പെട്ട ഇയാള്‍ക്ക് ഇതുമായി യാതൊരു ബന്ധവുമില്ല എന്ന് നാട്ടുകാര്‍ പറഞ്ഞതനുസരിച്ച് ഫോറസ്റ്റ് ഓഫീസില്‍ വിളിച്ചു. പക്ഷെ ആരും ഫോണെടുത്തില്ല. ഡിവൈഎസ്പിയുമൊപ്പമാണ് ഫോറസ്റ്റ് സ്റ്റേഷനിലെത്തിയത്. ഏഴുപേരെയാണ് ഇവര്‍ കസ്റ്റഡിയിലെടുത്തത്. കേസില്‍ പ്രതികളാണെങ്കില്‍ അറസ്റ്റ് ചെയ്യണം. അതല്ല, വിവരങ്ങള്‍ ചോദിച്ചറിയാനാണെങ്കില്‍ നോട്ടീസ് നല്കി വിളിച്ചുവരുത്തണം. അല്ലാതെ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ അത് അംഗീകരിക്കാനാകില്ലെന്നും എംഎല്‍എ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.
ജനങ്ങള്‍ വല്ലാത്ത മാനസികാവസ്ഥയിലായതിനാലാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്ക്കെതിരേ പ്രതികരിച്ചതെന്ന് എം എല്‍ എ പറഞ്ഞു. പെട്ടെന്നുള്ള പ്രകോപനമായിരുന്നെന്നുംഅദ്ദേഹംപറഞ്ഞു.
Content Highlights: Janish Kumar threatens forest officials after arrest in elephant death case
Published: 14 May 2025, 02:17 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented