
ഡോ. സിസാ തോമസ് (ഫയൽചിത്രം) ഡോ. സജി ഗോപിനാഥ് | ചിത്രം: എസ്. ശ്രീകേഷ്, മാതൃഭൂമി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും തമ്മില്‍ ചൊവ്വാഴ്ച നടന്ന കൂടിക്കാഴ്ച ഫലംകണ്ടു. ഡോ. സിസാ തോമസിനെ കേരള സാങ്കേതിക സര്‍വകലാശാല വിസി ആക്കുന്നതില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ധാരണയായി. ഡോ. സിസാ തോമസിനെ സാങ്കേതിക സര്‍വകലാശാലയിലും ഡോ. സജി ഗോപിനാഥിനെ ഡിജിറ്റല്‍ സര്‍വകലാശാലയിലും വിസിമാരായി നിയമിച്ച് ഗവര്‍ണര്‍ വിജ്ഞാപനമിറക്കി.
സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ സമവായത്തില്‍ എത്തിയില്ലെങ്കില്‍ നേരിട്ട് നിയമനം നടത്തുമെന്ന് സുപ്രീംകോടതി നേരത്തെ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രിയുടെയും ഗവര്‍ണറുടെയും അഭിപ്രായവ്യത്യാസങ്ങള്‍ മൂലം സാങ്കേതിക സര്‍വകലാശാലയുടെയും ഡിജിറ്റല്‍ സര്‍വകലാശാലയുടെയും വിസി നിയമനം അനിശ്ചിതമായി നീണ്ടുപോവുകയായിരുന്നു.
ഒടുവില്‍ സുപ്രീംകോടതി വിഷയത്തില്‍ ഇടപെടുകയായിരുന്നു. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ സമവായത്തില്‍ എത്തിയില്ലെങ്കില്‍ കോടതി ഇടപെട്ട് രണ്ട് സര്‍വകലാശാലയിലേക്കും വിസിയെ നിയമിക്കും എന്ന് പ്രഖ്യാപിച്ചു. ആദ്യഘട്ട സമവായ ചര്‍ച്ചയില്‍ തീരുമാനം ഉണ്ടായില്ല. പിന്നാലെ, ചൊവ്വാഴ്ച മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ നടന്ന സമവായ ചര്‍ച്ചയിലാണ് വിസിമാരെ നിയമിക്കുന്നത് സംബന്ധിച്ച് ധാരണയായത്.
സിസാ തോമസിനെ വിസിയായി നിയമിക്കാന്‍ പാടില്ലെന്ന നിലപാടില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങി. സജി ഗോപിനാഥിന്റെ കാര്യത്തില്‍ ഗവര്‍ണറും വിട്ടുവീഴ്ചയ്ക്ക് തയ്യാറായതോടെയാണ് ചര്‍ച്ച ഫലം കണ്ടത്. സര്‍ക്കാരിന് അനഭിമതയായ സിസയെ വിസിയാക്കാന്‍ പാടില്ലെന്ന കര്‍ക്കശമായ നിലപാടില്‍ നിന്ന് മുഖ്യമന്ത്രി അവസാന നിമിഷമാണ് പിന്‍വാങ്ങിയത്. ഡിജിറ്റല്‍ സര്‍വകലാശാലയിലെ ക്രമക്കേടുകളെക്കുറിച്ച് എജിയുടെ അന്വേഷണം നടക്കുന്നതിന്റെ വെളിച്ചത്തില്‍ സജി ഗോപിനാഥിനെ വീണ്ടും വിസിയാക്കാന്‍ കഴിയില്ലെന്ന നിലപാടില്‍നിന്ന് ഗവര്‍ണറും അയഞ്ഞു.
Content Highlights: Kerala Governor and Government agree on KTU and Digital University VC appointments. Ciza Thomas to head KTU, Saji Gopinath for Digital University. Read more!
Published: 16 Dec 2025, 09:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented