കൊല്ലം: ദേശീയപാതയില്‍ ഓച്ചിറ വലിയകുളങ്ങരയില്‍ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചറും എസ്.യു.വി വാഹനവും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. എസ്‌യുവി യാത്രക്കാരായ തേവലക്കര പടിഞ്ഞാറ്റിന്‍കര പൈപ്പ്മുക്ക് പ്രിന്‍സ് വില്ലയില്‍ പ്രിന്‍സ് തോമസ് (44), മക്കളായ അല്‍ക്ക (5), അതുല്‍ (14) എന്നിവരാണ് മരിച്ചത്. പ്രിന്‍സിന്റെ ഭാര്യ ബിന്ദ്യ, മകള്‍ ഐശ്വര്യ എന്നിവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. ഐശ്വര്യയുടെ നില അതീവഗുരുതരമാണ്.

To advertise here,

കെഎസ്ആര്‍ടി ബസ്സിലുണ്ടായിരുന്ന 20 പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ഓച്ചിറയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വലിയകുളങ്ങര ക്ഷേത്രത്തിന് സമീപംവ്യാഴാഴ്ച രാവിലെ 6:10 ഓടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ എസ്.യു.വി ശ്രേണിയില്‍പ്പെടുന്ന വാഹനം പൂര്‍ണമായും തകര്‍ന്നു. കരുനാഗപ്പള്ളിയില്‍നിന്ന് ചേര്‍ത്തലയിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസും എതിര്‍ഭാഗത്ത് നിന്ന് വരികയായിരുന്നു എസ്.യു.വിയുമാണ് അപകടത്തില്‍പ്പെട്ടത്.

യുഎസിലേക്ക് പോകുന്നതിനായി ബിന്ദ്യയുടെ സഹോദരന്റെ മകനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാക്കി മടങ്ങി വരികയായിരുന്നു കുടുംബം. അഞ്ച് പേരായായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. 

മരിച്ച അതുല്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയും അല്‍ക്ക എല്‍കെജി വിദ്യാര്‍ഥിയുമാണ്. പരിക്കേറ്റ ഐശ്വര്യ പ്ലസ്ടു വിദ്യാര്‍ഥിയാണ്