കൊല്ലം: ബസുകളിൽ ‘കെ.എൽ-15’ എന്ന ബ്രാൻഡിൽ സ്വന്തം കുടിവെള്ളം വിൽക്കാൻ കെ.എസ്.ആർ.ടി.സി.. 13 രൂപയ്ക്ക് ഒരുകുപ്പി വെള്ളം വിൽക്കാനാണ് തീരുമാനം. കേരള സർക്കാരിന്റെ ഔദ്യോഗിക കുപ്പിവെള്ള ബ്രാൻഡായ ‘ഹില്ലി അക്വാ’യാണ്, ‘കെ.എൽ-15’ എന്ന പേരിൽ കുടിവെള്ളം നൽകുന്നത്. ഒരു കുപ്പി വെള്ളം വിൽക്കുമ്പോൾ രണ്ടു രൂപ കണ്ടക്ടർക്കും ഒരു രൂപ ഡ്രൈവർക്കും കമ്മിഷനായി നൽകും. എന്നാൽ, തൊഴിലാളി യൂണിയനുകളും കണ്ടക്ടർമാരും ഈ നീക്കത്തെ രൂക്ഷമായി വിമർശിച്ച് രംഗത്തുവന്നിട്ടുണ്ട്. എതിർപ്പു മറികടക്കാൻ, ആദ്യഘട്ടത്തിൽ സ്വിഫ്റ്റ് ബസുകളിൽ, കരാർ ജീവനക്കാരെക്കൊണ്ട് ഉടൻ കുടിവെള്ളവിൽപ്പന ആരംഭിക്കുമെന്നാണ് വിവരം.
കുപ്പിവെള്ളവിൽപ്പനയ്ക്കായി പ്രത്യേക രജിസ്റ്റർ, ടിക്കറ്റ് ആൻഡ് കാഷ് വിഭാഗത്തിൽ പരിപാലിക്കണമെന്ന് മാനേജ്മെൻറ് നിർദേശം നൽകി. ഈ രജിസ്റ്ററിൽ സ്റ്റോറിൽനിന്നു ലഭിക്കുന്ന സ്റ്റോക്ക്, ഓരോ തവണയും വിതരണംചെയ്യുന്ന കുടിവെള്ളത്തിന്റെ എണ്ണം, അവശേഷിക്കുന്ന സ്റ്റോക്ക് എന്നിവ കൃത്യമായി രേഖപ്പെടുത്തണമെന്നും പറഞ്ഞിട്ടുണ്ട്. കണ്ടക്ടർമാർക്കു നൽകുന്ന കുപ്പിവെള്ളത്തിന്റെ കണക്ക് ഇ.ടി.എം. വേ-ബില്ലിൽ രേഖപ്പെടുത്തും.
ഓൺലൈനായി സീറ്റ് റിസർവ് ചെയ്യുന്ന യാത്രക്കാർക്ക് ഒരു കുപ്പി വെള്ളം നൽകാനും ആലോചനയുണ്ട്. വെള്ളത്തിന്റെ തുക ടിക്കറ്റിനൊപ്പം ഈടാക്കും. ഒരു ദിവസം രണ്ടുലക്ഷം ഓൺലൈൻ ടിക്കറ്റ് വിൽപ്പന നടക്കുന്ന സാഹചര്യത്തിൽ, എട്ടുലക്ഷം രൂപ ഇതുവഴി ലാഭമുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷ. ബജറ്റ് ടൂറിസം യാത്രക്കാർക്കും കുപ്പിവെള്ളം നൽകും. റിസർവേഷൻ, കൂപ്പൺ, എൻക്വയറി കൗണ്ടറുകളിലും കുടിവെള്ളവിൽപ്പനയുണ്ടാകും.
വെള്ളത്തിന്റെ വിലയായ 13 രൂപയും കാഷ് കൗണ്ടറിൽ അടയ്ക്കണമെന്നും, ജീവനക്കാർക്ക് ശമ്പളത്തിനൊപ്പം കമ്മിഷൻ നൽകാമെന്നുമായിരുന്നു ആദ്യ നിർദേശം. പുതിയ തീരുമാനമനുസരിച്ച് കമ്മിഷൻ തുക കുറച്ച് കൗണ്ടറിൽ അടച്ചാൽ മതി. ജീവനക്കാരുടെ എതിർപ്പ് മറികടക്കാനാണ് ആദ്യ തീരുമാനം മാറ്റിയത്. എന്നാൽ, സ്ത്രീകളടക്കമുള്ള കണ്ടക്ടർമാർക്ക് വെള്ളക്കുപ്പികൾ ബസിൽ കയറ്റുന്നതടക്കം വലിയ ബുദ്ധിമുട്ടാകും. കണ്ടക്ടർതസ്തികയിലേക്ക് പി.എസ്.സി. പരീക്ഷയെഴുതി ജോലിയിൽ പ്രവേശിച്ചവരെക്കൊണ്ട് വെള്ളം വിൽപ്പിക്കുന്നത് ചട്ടവിരുദ്ധമാണെന്നാണ് അവർ പറയുന്നത്.
യാത്രക്കാരെ നിർത്തിക്കൊണ്ടുപോകുന്ന തിരക്കേറിയ ബസുകളിൽ കുടിവെള്ളവിൽപ്പന അസാധ്യമാണെന്നുകാട്ടി ഐ.എൻ.ടി.യു.സി., ബി.എം.എസ്. അനുകൂല സംഘടനകൾ സി.എം.ഡി.ക്കു പരാതി നൽകി.
Content Highlights: Introduction of 'KL-15' brand drinking water at ₹13 per bottle., Commission structure: ₹2 for conductors and ₹1 for drivers per bottle., Initial rollout targeted for KSRTC Swift buses using contract staff., Integrated sales via online ticket booking and budget tourism packages., Resistance from labor unions citing logistical challenges and job role concerns.
Published: 27 Apr 2026, 06:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented