തിരുവനന്തപുരം: രാത്രിസമയങ്ങളിലേക്ക്‌ അമിതവിലയ്ക്കുള്ള വൈദ്യുതിയെമാത്രം ആശ്രയിക്കുന്നതിൽ കെ.എസ്.ഇ.ബി.ക്ക്‌ താക്കീതുമായി വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ. വൈദ്യുതി ഉത്‌പാദനം കൂട്ടാനുള്ള ബദൽമാർഗങ്ങൾ തേടിയില്ലെങ്കിൽ ഇനിമുതൽ ഉയർന്നവിലയ്ക്ക് വൈദ്യുതി വാങ്ങാൻ അംഗീകാരംനൽകില്ലെന്നും മുന്നറിയിപ്പ് നൽകി.

To advertise here,

പംപ്ഡ് സ്റ്റോറേജ്, ബാറ്ററി സ്റ്റോറേജ് പദ്ധതികൾ നടപ്പാക്കുന്നതിനെപ്പറ്റി കെ.എസ്.ഇ.ബി. വിശദനിർദേശങ്ങൾ സമർപ്പിക്കണം. നിലവിലെ അണക്കെട്ടുകളിൽ വൈദ്യുതി ഉത്‌പാദനത്തിനുശേഷം ഒഴുക്കിവിടുന്ന വെള്ളം തിരികെ പംപ് ചെയ്ത് റിസർവോയറിൽ എത്തിച്ച് വൈദ്യുതി ഉത്‌പാദിപ്പിക്കുന്നതാണ് പംപ്ഡ് സ്റ്റോറേജ്. പകൽ കുറഞ്ഞവിലയ്ക്ക് കിട്ടുന്ന വൈദ്യുതി പംപിങ്ങിന് ഉപയോഗിക്കാം.

പകൽ ഉത്‌പാദിപ്പിക്കുന്ന സൗരവൈദ്യുതി ഉൾപ്പെടെയുള്ള വിലകുറഞ്ഞ വൈദ്യുതി ശേഖരിച്ച് രാത്രിയിൽ ഉപയോഗിക്കാനുള്ളതാണ് ബാറ്ററി സ്റ്റോറേജ് നിലയങ്ങൾ.

9.15 രൂപ നിരക്കിൽ വാങ്ങിയത് 1010 കോടിയുടെ വൈദ്യുതി

2024-25-ൽ കെ.എസ്.ഇ.ബി. 12,930 കോടിയുടെ വൈദ്യുതിയാണ് വാങ്ങിയത്. ഇതിൽ 3116 കോടിയും ഹ്രസ്വകാല കരാറുകൾവഴിയും പവർ എക്സ്‌ചേഞ്ചിൽനിന്ന്‌ കൂടിയവിലയ്ക്കുള്ള വൈദ്യുതി വാങ്ങാനാണ് ചെലവഴിച്ചത്. മൊത്തം ചെലവിന്റെ 26 ശതമാനം വരുമിത്.

അടിയന്തരമായി വൈദ്യുതി വാങ്ങാവുന്ന ടേം എഹെഡ് മാർക്കറ്റിൽനിന്ന് യൂണിറ്റിന് 9.15 രൂപ നിരക്കിൽമാത്രം വാങ്ങിയത് 1010.27 കോടിയുടെ വൈദ്യുതിയാണ്. 2025-26, 2026-27 വർഷങ്ങളിലും ബോർഡ് ഇത്തരം വിപണികളെ ആശ്രയിക്കുന്നത് തുടർന്നു.

കേന്ദ്രസർക്കാർ പംപ്ഡ് സ്റ്റോറേജ് പദ്ധതികളെ വൻതോതിൽ പ്രോത്സാഹിപ്പിക്കുന്നു. രാജ്യത്ത് ഇത്തരം 12 നിലയങ്ങൾ നിർമാണത്തിലാണ്. കേരളത്തിന്റെ ഒരുപദ്ധതിപോലും ഈ പട്ടികയിലില്ല.

ബാറ്ററി സ്റ്റേറേജ് പദ്ധതികൾ സ്ഥാപിക്കാൻ പ്രാഥമിക നടപടികൾ തുടങ്ങിയെങ്കിലും പൂർത്തിയാക്കാത്തതിനാൽ ഈ വേനൽക്കാലത്ത് പ്രയോജനമുണ്ടായില്ല. ഇക്കാര്യത്തിൽ കെ.എസ്.ഇ.ബി.ക്ക് വൻ അനാസ്ഥയുണ്ട്.

കണക്കിൽ മറിമായം

കെ.എസ്.ഇ.ബി.യുടെ വാർഷിക റിപ്പോർട്ടിലെ കണക്കുകളിലും അടിമുടി വൈരുധ്യമാണുള്ളത്. 13-ാം വാർഷിക റിപ്പോർട്ടിൽ 2022-23-ലെ മൊത്തം ചെലവ് 22,336.49 കോടിയും നഷ്ടം 534.01 കോടിയായുമാണ് രേഖപ്പെടുത്തിയിട്ടുണ്ട്. നഷ്ടത്തിന്റെ 90 ശതമാനം (494 കോടി രൂപ) സർക്കാർ ഏറ്റെടുത്തു.

എന്നാൽ, 14-ാം വാർഷിക റിപ്പോർട്ടിൽ ഇതേവർഷത്തെ ചെലവായി കാണിച്ചിരിക്കുന്നത് 23,952.87 കോടിയാണ്. 1616.38 കോടി കൂടുതൽ. നഷ്ടം 2150.39 കോടിയും. റെഗുലേറ്ററി കമ്മിഷനുമുന്നിൽ ഈ വ്യത്യാസം കൃത്യമായി വിശദീകരിക്കാൻ കെ.എസ്.ഇ.ബി.ക്ക് കഴിഞ്ഞിട്ടില്ല.