പത്തനംതിട്ട: ഡൽഹിയിൽനടന്ന വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട് ഒരു വൈദികനും അദ്ദേഹത്തിന്റെ സന്യാസസഭയ്ക്കുമെതിരേ ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.കെ.എസ്. രാധാകൃഷ്ണൻ നടത്തിയ പരാമർശങ്ങൾ വിവാദത്തിൽ. ഒരു ഓൺലൈൻ ചാനലിനോട് സംസാരിക്കുമ്പോഴായിരുന്നു പരാമർശങ്ങൾ.
“ഇന്ത്യയെ നശിപ്പിക്കണമെന്നാഗ്രഹിക്കുന്ന അന്താരാഷ്ട്ര ശക്തികളുണ്ട്. അവർക്കൊപ്പം ചേർന്ന് ഒരു മലയാളി വൈദികനും പ്രവർത്തിക്കുകയാണ്. അവരുടെ ലക്ഷ്യം ഇന്ത്യയെ ക്രൈസ്തവരാഷ്ട്രമാക്കുകയാണ്. അന്താരാഷ്ട്ര ക്രിസ്തുവത്കരണത്തിനുവേണ്ടി ഏതുമാർഗവും ഉപയോഗിക്കാമെന്ന് വിശ്വസിക്കുന്ന സംഘടനയാണ് ഈശോസഭ എന്നുവിളിക്കുന്ന സൊസൈറ്റി ഓഫ് ജെസ്യൂട്സ്. നക്‌സലൈറ്റുകൾക്കു ഫണ്ടിങ് നടത്തുന്ന ഏജൻസികളുമായി ഇവർക്കുബന്ധമുണ്ട്. അവരുമായി നേരിട്ടുബന്ധമുള്ളയാളായിരുന്നു സ്റ്റാൻ സ്വാമി.
ഇന്ത്യ ശക്തമായി നിലനിൽക്കരുതെന്നാഗ്രഹിക്കുന്നവരാണ് ഇവാൻജലിക്കൽ ഗ്രൂപ്പുകൾ മുഴുവൻ. അവരെല്ലാവരും ഒരുമിച്ചുചേർന്ന് എതിർക്കുന്നതിന്റെ ഫലമായിട്ടാണ് ജന്തർമന്തറിൽ നമ്മൾ കണ്ട നാടകം”-ഡോ.രാധാകൃഷ്ണൻ പറഞ്ഞു.
സൊസൈറ്റി ഓഫ് ജീസസ് ദക്ഷിണേഷ്യൻ റീജണൽ അസിസ്റ്റന്റാണ് അദ്ദേഹം പരാമർശിക്കുന്ന മലയാളി വൈദികൻ ഫാ. എം.കെ. ജോർജ്. സമരം നടക്കവെ, ‘വേർ ഈസ് കാത്തലിക് കോക്ക്രോച്ചസ്’ (കത്തോലിക്ക പാറ്റകൾ എവിടെ?) എന്ന തലക്കെട്ടിൽ ഒരു ക്രൈസ്തവ പ്രസിദ്ധീകരണത്തിൽ ഫാ.ജോർജ് ലേഖനമെഴുതിയിരുന്നു. എല്ലാ യുവാക്കളും സമരത്തിൽ അണിനിരക്കണമെന്ന ആഹ്വാനമായിരുന്നു അത്. ഇതാകും ഡോ.രാധാകൃഷ്ണനെ ചൊടിപ്പിച്ചതെന്ന് സഭാകേന്ദ്രങ്ങൾ കരുതുന്നു.
പാവപ്പെട്ടവർക്കും ആദിവാസികൾക്കും വിദ്യാഭ്യാസവും പാർപ്പിടവും നിയമസഹായവും ഉറപ്പാക്കാൻ ജീവിതം ഉഴിഞ്ഞുവെച്ച ക്രൈസ്തവ മിഷനറിമാരെ ‘നക്‌സൽ അനുകൂലികൾ’ എന്ന് മുദ്രകുത്തുന്നത് വിഭജന രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് കെ.സി.ബി.സി. ജാഗ്രതാ കമ്മിഷൻ കുറ്റപ്പെടുത്തി. ബി.ജെ.പിയിൽ സ്വന്തം സ്ഥാനം ഉറപ്പിക്കുന്നതിനും സംഘപരിവാറിന്റെ തീവ്രരാഷ്ട്രീയ അജൻഡ നടപ്പാക്കുന്നതിനുമാണ് രാധാകൃഷ്ണന്റെ ശ്രമമെന്നും കമ്മിഷൻ ആരോപിച്ചു.
ഫാ.എം.കെ. ജോർജ് തിരുവനന്തപുരം ലയോള കോളേജിൽ പ്രിൻസിപ്പലായിരുന്നപ്പോൾ കെ.എസ്. രാധാകൃഷ്ണൻ അവിടെച്ചെന്ന് ക്ലാസുകൾ എടുത്തിട്ടുണ്ടെന്നും കേരളത്തിലെ ക്രൈസ്തവ വേദികളിൽ സ്ഥിരസാന്നിധ്യമായിരുന്ന അദ്ദേഹത്തിന് അക്കാലത്തൊന്നും ഇല്ലാത്ത വിദ്വേഷമാണ് ഇപ്പോൾ പുറത്തുവരുന്നതെന്നും ജെസ്യൂട്സ് വക്താവ് ഫാ.ബിനോയ് പിച്ചളക്കാട്ട് കുറ്റപ്പെടുത്തി.
കത്തോലിക്കസഭയിലെ ഏറ്റവുംവലിയ സന്യാസസഭയാണ് 1540-ൽ വിശുദ്ധ ഇഗ്നേഷ്യസ് ലൊയോള സ്ഥാപിച്ച ഈശോസഭ. ഫ്രാൻസിസ് മാർപാപ്പ ഈശോസഭാംഗമായിരുന്നു. രാജ്യത്ത് ആറു യൂണിവേഴ്‌സിറ്റികളും 73 കോളേജുകളും ഇവർക്കുണ്ട്.
Content Highlights: BJP leader KS Radhakrishnan labels Jesuit priests as working with international forces., Allegations connect Fr. MK George to Naxalite funding networks., KCBC Vigilance Commission condemns the remarks as divisive politics., Jesuit spokesperson highlights previous professional association between Radhakrishnan and Fr. George., Background on the Society of Jesus and their educational contributions in India.
Published: 29 Jul 2026, 07:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented