കോഴിക്കോട്: താമരശ്ശേരിയിൽ യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ കെപിസിസി അംഗം എ. അരവിന്ദനെതിരെ പോലീസ് കേസെടുത്തു. ലൈംഗിക അതിക്രമം, മാനഭംഗ ശ്രമം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് താമരശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

To advertise here,

പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ ഒരു കടയുടെ ലൈസൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട ആവശ്യത്തിനാണ് യുവതി അരവിന്ദനെ ബന്ധപ്പെട്ടത്. നിലവിലെ ലൈസൻസ് കാലാവധി അടുത്ത മാസം 14-ന് അവസാനിക്കാനിരിക്കെ, അത് നീട്ടി നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ ഇവർ അരവിന്ദനെ ഫോണിൽ വിളിച്ചു. സംസാരത്തിനിടയിൽ അരവിന്ദൻ യുവതിയോട് വീട്ടിലേക്ക് വരാൻ ആവശ്യപ്പെടുകയും അവിടെ വെച്ച് ലൈംഗികാതിക്രമത്തിന് മുതിരുകയുമായിരുന്നു എന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. സംഭവത്തിന് പിന്നാലെ യുവതി നേരിട്ട് പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു.

ദീർഘകാലം താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് എ. അരവിന്ദൻ. നിലവിൽ കെപിസിസി അംഗമായി പ്രവർത്തിക്കുന്ന ഇദ്ദേഹത്തിനെതിരെ ഉയർന്നിട്ടുള്ള ഗുരുതര പരാതിയിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.