കോഴിക്കോട്: താറുമാറായിരിക്കുന്ന മലബാറിലെ ട്രെയിന്‍ ഗതാഗതസംവിധാനം ശാശ്വതപരിഹാരം തേടുന്നു. കൂടുതല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ അനുവദിക്കുകയും നിലവിലുള്ള വണ്ടികളില്‍ കോച്ചുകള്‍ കൂട്ടുകയുമാണ് അടിയന്തരമായി ചെയ്യാവുന്നത്. രണ്ടുവര്‍ഷം മുന്‍പ് നിര്‍ത്തിയ കോഴിക്കോട്-തൃശ്ശൂര്‍ പാസഞ്ചര്‍ ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല.

To advertise here,

രാവിലെ 7.45-ന് പുറപ്പെട്ട് എല്ലാ സ്റ്റേഷനിലും നിര്‍ത്തി യാത്രതുടര്‍ന്നിരുന്ന കോഴിക്കോട്-തൃശ്ശൂര്‍ ട്രെയിന്‍ മലബാറിലെ ഹ്രസ്വദൂരയാത്രക്കാര്‍ക്ക് ആശ്വാസമായിരുന്നു. ഒരു മാസത്തേക്ക് നിര്‍ത്തുന്നുവെന്നു പറഞ്ഞാണ് നിര്‍ത്തലാക്കിയത്. വന്ദേഭാരത് വന്നതോടെ സമയക്രമീകരണം നടത്താനാവാത്തതിനാല്‍ പിന്നെ പുനഃസ്ഥാപിച്ചില്ല. ഇത് പുനഃസ്ഥാപിക്കുകയും വണ്ടി എറണാകുളംവരെ ദീര്‍ഘിപ്പിക്കുകയും ചെയ്യണമെന്നാണ് ആവശ്യമുയരുന്നത്.

മംഗലാപുരം-കന്യാകുമാരി പരശുറാം എക്‌സ്പ്രസിന്റെ സമയമാറ്റമാണ് മറ്റൊരു പ്രശ്‌നം. പല സ്റ്റേഷനുകളിലും പരശുറാം അരമണിക്കൂറിലധികം പിടിച്ചിടുന്നു. ജോലിക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മറ്റും ഇതുമൂലം സമയത്തെത്താനാവുന്നില്ല.

സ്ഥിരംയാത്രക്കാരാണ് ഇവരില്‍ ഏറെയും. പരശുറാം പിടിച്ചിടുന്നതിനാല്‍ ആ സമയത്ത് യാത്രക്കാര്‍ കൂടുതലും ആശ്രയിക്കുന്നത് കണ്ണൂര്‍-കോയമ്പത്തൂര്‍ പാസഞ്ചറിനെയാണ്.

വൈകീട്ട് 4.20-ന് ഷൊര്‍ണൂരില്‍നിന്ന് പാസഞ്ചര്‍ കഴിഞ്ഞാല്‍ കോഴിക്കോട് ഭാഗത്തേക്കുള്ള അടുത്ത ട്രെയിന്‍ 8.30-നുള്ള എക്സിക്യുട്ടീവാണ്. യാത്രക്കാര്‍ നാലുമണിക്കൂറോളം ഈ വണ്ടിക്കായി കാത്തിരിക്കണം. മിക്കപ്പോഴും ഈ വണ്ടി വൈകിയാണ് ഓടുന്നത്. പാലക്കാട്-കണ്ണൂര്‍ സ്‌പെഷ്യല്‍ എക്സ്പ്രസ് സമയം മാറി നേരത്തേ പോകുന്നുവെന്നതാണ് മറ്റൊരു പ്രശ്‌നം. ഈ വണ്ടി ഷൊര്‍ണൂരില്‍നിന്ന് കോഴിക്കോട്ട് 5.30-ന് എത്തുംവിധം ക്രമീകരിച്ച് കോച്ചുകള്‍ കൂട്ടിയാല്‍ വൈകീട്ട് കോഴിക്കോട്ടുനിന്ന് കണ്ണൂരിലേക്ക് പോകാന്‍ സൗകര്യമാവും. 12 കോച്ചുകളാണ് നിലവില്‍ ഈ വണ്ടിയിലുള്ളത്. ഇത് 18 ആക്കിയാല്‍ യാത്രക്കാരുടെ തിരക്ക് ഒരുപരിധിവരെയെങ്കിലും കുറയ്ക്കാനാവും.