
കോഴിക്കോട്: റിയൽ എസ്റ്റേറ്റ് വ്യാപാരി മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനത്തിൽ മാമിയുടെ കുടുംബത്തിനെതിരേയും അന്വേഷണ സംഘത്തിനെതിരേയും ആരോപണങ്ങളുമായി മാമിയുടെ ഡ്രൈവർ രജിത്തും കുടുംബവും. റിയൽ എസ്റ്റേറ്റ് വ്യാപാരിയായ മാമി ബിസിനസ് ആവശ്യങ്ങൾക്കായി പല സ്ഥലത്തും പോവാറുണ്ട്. രണ്ടുമൂന്ന് ദിവസങ്ങൾ കഴിഞ്ഞ് തിരിച്ചെത്തുന്ന സാഹചര്യങ്ങളും ഉണ്ടാവാറുണ്ട്. എന്നാൽ മാമിയെ കാണാതായ ദിവസം മണിക്കൂറുകൾക്കുള്ളിൽ തന്നെ കുടുംബം പരാതി നൽകി. ഇതിൽ അസ്വാഭാവികത ഉണ്ടെന്നും ഇക്കാര്യം പോലീസ് അന്വേഷിക്കുന്നില്ലെന്നും രജിത്ത് ആരോപിച്ചു.
മാമിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ഡ്രൈവർ എലത്തൂർ സ്വദേശി രജിത്ത് കുമാർ, ഭാര്യ തുഷാര എന്നിവരെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഇതിനുപിന്നാലെ ഇവരെ കാണാനില്ലെന്നുകാണിച്ച് തുഷാരയുടെ സഹോദരൻ പോലീസിൽ പരാതി നൽകി. തുടർന്നു നടന്ന അന്വേഷണത്തിനൊടുവിൽ ഗുരുവായൂരിൽവെച്ച് ഇരുവരേയും കണ്ടെത്തി. വെള്ളിയാഴ്ച രാത്രി പതിനൊന്നോടെ ഇരുവരെയും കോഴിക്കോട്ടെത്തിച്ച് മജിസ്ട്രേറ്റിനുമുൻപാകെ ഹാജരാക്കി. ഇതിന് പിന്നാലെയാണ് മാധ്യമങ്ങൾക്കുമുന്നിലെത്തി മാമിയുടെ കുടുംബത്തിനും പോലീസിനുമെതിരെ ആരോപണങ്ങളുന്നയിച്ചത്.
മാമിയെ കാണാതായ ശേഷം പോലീസ് തന്നെയും സുഹൃത്തുക്കളേയും മക്കൾ ഉൾപ്പടെയുള്ള കുടുംബാങ്ങളേയും വേട്ടയാടുന്നുവെന്നും രജിത്ത് ആരോപിച്ചു. സുഹൃത്തുക്കളെ വിളിക്കാനാകുന്നില്ല. താൻ പൂർണമായും ഒറ്റപ്പെട്ടു. ഭാര്യയെ പൊലീസ് വിളിപ്പിച്ചു, പത്ത് മണി മുതൽ അഞ്ച് മണി വരെ ചോദ്യം ചെയ്തു, മകനെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. രാവിലെ നാല് മണിക്ക് ഗേറ്റ് ചാടിക്കടന്ന് പോലീസ് വാതിലിൽ മുട്ടുന്നു. ഭാര്യയുടെ ഫോൺ പോലീസ് വാങ്ങിവെച്ചു. പത്ത് ദിവസമായി കാറ് കൊണ്ടുപോയിട്ടെന്നും രജിത്ത് കുമാർ പറഞ്ഞു. മാമി അവസാനമായി പള്ളിയിലേക്ക് പോകുന്നത് കണ്ടിട്ടുണ്ട്. പോലീസ് ചോദിക്കുന്ന എല്ലാ കാര്യവും തനിക്കറിയാത്തതാണെന്നും രജിത് കുമാർ പറഞ്ഞു.
ക്രൈംബ്രാഞ്ച് വിളിപ്പിച്ചതിനെത്തുടർന്ന്, കഴിഞ്ഞ ചൊവ്വാഴ്ച വീട്ടിൽനിന്നുപോയ രജിത്തും തുഷാരയും കോഴിക്കോട് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു. വ്യാഴാഴ്ച മുറി ഒഴിഞ്ഞുപോയെന്നും പിന്നീട് ഇരുവരെയും കുറിച്ച് വിവരമില്ലെന്നായിരുന്നു സഹോദരന്റെ പരാതി. വെള്ളിയാഴ്ച രാവിലെ ഇരുവരുടെയും ഫോട്ടോ ഉൾപ്പെടുത്തി പോലീസ് ലുക്ക് ഔട്ട് സർക്കുലർ പ്രസിദ്ധീകരിച്ചു. ഈ നോട്ടീസ് ഗുരുവായൂർ അസി. കമ്മിഷണർ കെ.എം. ബിജു അവിടത്തെ ഹോട്ടലുടമകളുടെ വാട്സാപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടാണ് ഹോട്ടലുടമ പോലീസിൽ വിവരമറിയിച്ചത്.
ഇതിനിടെ, മാമി തിരോധാനവുമായി ബന്ധപ്പെട്ട് നേരത്തേ രൂപീകൃതമായ വാട്സാപ്പ് ഗ്രൂപ്പിൽ രജിത്ത് വെള്ളിയാഴ്ച വൈകീട്ട് നാല് ശബ്ദസന്ദേശങ്ങൾ അയച്ചു. തന്റെ കുടുംബം തകർന്നാൽ പലർക്കും സമാധാനംകിട്ടുമെന്നായിരുന്നു അതിലൊന്ന്. മനഃസമാധാനത്തിനുവേണ്ടിയാണ് ഗുരുവായൂരിൽ പോയതെന്നും താൻ ജീവൻ അവസാനിപ്പിച്ചാൽ ചിലർക്ക് സന്തോഷമാകുമെന്നുമായിരുന്നു മറ്റു സന്ദേശങ്ങളുടെ ഉള്ളടക്കം.
Content Highlights: Kozhikode Real Estate Agent Muhammed Aattur Missing: Driver`s Allegations
Published: 11 Jan 2025, 12:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented