കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം.  അഗ്നിരക്ഷാസേനയുടെ വിവിധ യൂണിറ്റുകൾ സ്ഥലത്തെത്തി പുക ശാന്തമാക്കി. അതേസമയം ആളപായമില്ലെന്ന് മെഡിക്കൽ സൂപ്രണ്ട് ശ്രീജയൻ അറിയിച്ചു. സംഭവത്തിന് പിന്നാലെ പഴയ കാഷ്വാലിറ്റി താത്കാലികമായി അത്യാഹിത വിഭാഗമായി സജ്ജമാക്കി.

To advertise here,

പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. രോഗികൾക്ക് ശ്വാസതടസ്സം നേരിട്ടതായും റിപ്പോർട്ടുണ്ട്. പൊട്ടിത്തെറി ശബ്ദം കേട്ടതായി ഡോക്ടര്‍മാരും നഴ്‌സുമാരും സ്ഥിരീകരിക്കുന്നു.  അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ കെട്ടിടങ്ങളിലേക്കാണ് രോഗികളെ മാറ്റിയത്. അതേസമയം രോഗികളെ സമീപത്തെ മറ്റു ആശുപത്രികളിലേക്ക് മാറ്റിയെന്ന് കൗണ്‍സിലര്‍ അറിയിച്ചിരുന്നു. 

യുപിഎസില്‍നിന്നാണ് പുക ഉയര്‍ന്നതെന്നും ആര്‍ക്കും അപകടം സംഭവിച്ചിട്ടില്ലെന്നും മെഡിക്കല്‍ സൂപ്രണ്ട് ശ്രീജയന്‍ പറഞ്ഞു. രോഗികളെ പുറത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടില്ല. മെഡിക്കല്‍ കോളേജിലെത്തന്നെ പ്രധാന കെട്ടിടത്തിലേക്ക് മാറ്റാനാണ് നിര്‍ദേശിച്ചത്. ഫയര്‍ഫോഴ്‌സും ഇലക്ട്രിക്കല്‍ വിഭാഗവും പോലീസും ഡോക്ടര്‍മാരും ചേര്‍ന്ന് സുരക്ഷ ഉറപ്പുവരുത്തുന്നുണ്ടെ്. ഫയര്‍ഫോഴ്‌സിന്റെ വിവിധ യൂണിറ്റുകള്‍ എത്തിയിട്ടുണ്ടെന്നും മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു. അത്യാഹിത വിഭാഗം താല്‍ക്കാലികമായി പോലീസ് സീല്‍ ചെയ്തിട്ടുണ്ട്.

അന്വേഷണത്തിന് നിർദേശം നൽകി ആരോഗ്യമന്ത്രി

അതേസമയം സംഭവത്തിൽ മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോടാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ അവരെ സുരക്ഷിതരായി മറ്റ് സ്ഥലത്തേയ്ക്ക് മാറ്റാനും നിര്‍ദേശിച്ചു. അത്യാഹിത സേവനം ആവശ്യമുള്ള രോഗികള്‍ക്ക് ബീച്ച് ഹോസ്പിറ്റലില്‍ അതിനുള്ള സൗകര്യം ലഭ്യമാക്കുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സേവനം കൂടി അവിടെ ലഭ്യമാക്കും.

യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ. അഗ്നിരക്ഷാസേന എത്തി പുക നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുന്നു.  ആര്‍ക്കും അപകടം സംഭവിച്ചിട്ടില്ലെന്ന് കൗണ്‍സിലര്‍ മോഹനനും അറിയിച്ചു. 

(സഹായങ്ങൾക്കായി വിളിക്കുക: 9188920765 - മെഡിക്കൽ കോളേജ് ഹെൽപ് ഡെസ്ക് നമ്പർ)