കോഴിക്കോട്: കാലങ്ങളായുള്ള കാത്തിരിപ്പിന് വിരാമമാകുന്നു. മാനാഞ്ചിറമുതൽ വെള്ളിമാടുകുന്നുവരെതന്നെ റോഡ് വികസിക്കും.
നിലവിൽ മലാപ്പറമ്പുവരെ നടക്കുന്ന പണിയുടെ തുടർച്ചയായി വെള്ളിമാടുകുന്നുവരെ റോഡുപണി നടത്താൻ അനുമതിയായി. മലാപ്പറമ്പുമുതൽ വെള്ളിമാടുകുന്നുവരെ മൂന്നുകിലോമീറ്ററാണ് 24 മീറ്റർ വീതിയിൽ വികസിപ്പിക്കുക.
പണി വേഗം തുടങ്ങാൻ നിലവിലുള്ള കരാറുകാരനെക്കൊണ്ടുതന്നെ നിർമാണം നടത്താൻ കേരള റോഡ് ഫണ്ട് ബോർഡിന്റെ നേതൃത്വത്തിൽ തീരുമാനമെടുക്കുകയായിരുന്നു. അതിന്റെ നടപടി പൂർത്തിയാക്കി പ്രവൃത്തി തുടങ്ങാനാണ് ഇപ്പോൾ സർക്കാർ അനുമതി നൽകിയിട്ടുള്ളത്. ഒന്നാംഘട്ടമായ മാനാഞ്ചിറമുതൽ മലാപ്പറമ്പുവരെ 5.32 കിലോമീറ്റർ റോഡ് പണി അവസാനഘട്ടത്തിലാണ്.
ആധുനികനിലവാരത്തിലുള്ള ഡിസൈൻഡ് റോഡായാണ് മാനാഞ്ചിറ-വെള്ളിമാടുകുന്ന് പാത വികസിപ്പിക്കുന്നത്. 8.34 കിലോമീറ്റർ ദൂരം വരുന്ന മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് ആകെ നവീകരിക്കാൻ 482 കോടിരൂപയാണ് സംസ്ഥാനസർക്കാർ അനുവദിച്ചത്. സ്ഥലം ഏറ്റെടുക്കലിനു മാത്രമായി 344.5 കോടിരൂപ അനുവദിച്ചു.
രണ്ടാംഘട്ടമായ മലാപ്പറമ്പ്-വെള്ളിമാടുകുന്ന് ഭാഗം മുത്തങ്ങ ദേശീയപാതയുടെ ഭാഗമായതിനാൽ ആദ്യം അനുമതി ലഭിച്ചിരുന്നില്ല. തുടർന്ന് മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും എം.പി.യുമെല്ലാം ഇടപെട്ടു. നാലുമാസംമുൻപ് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ അനുമതി ലഭ്യമായി.
മലാപ്പറമ്പ്-വെള്ളിമാടുകുന്ന് ഭാഗത്തിനുമാത്രം 80 കോടിയോളം ചെലവുവരും. നിലവിൽ സർക്കാർ അനുവദിച്ച 51 കോടിയുണ്ട്. 29 കോടികൂടി വേണ്ടിവരും. മാനാഞ്ചിറമുതൽ മലാപ്പറമ്പുവരെയുള്ള റോഡ് പണി പൂർത്തീകരിച്ച് വൈകാതെതന്നെ ഉദ്ഘാടനംചെയ്യും.
പ്രതിസന്ധികളെ അതിജീവിച്ച് യാഥാർഥ്യമാക്കിയ പദ്ധതി
ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ചാണ് നഗരത്തിന്റെ പതിറ്റാണ്ടുകളായുള്ള സ്വപ്നം സഫലമാകുന്നത്. പൂർണമായും സംസ്ഥാനസർക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന വികസനപ്രവൃത്തിക്ക് കേന്ദ്രസർക്കാരിൽനിന്ന് അനുമതി ലഭിക്കുന്നതിൽ കാലതാമസമുണ്ടായി. നിരന്തര ഇടപെടലിനെത്തുടർന്നാണ് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിൽനിന്ന് രണ്ടാംഘട്ടവികസനത്തിന് അനുമതി ലഭിച്ചത്. പദ്ധതിയിൽ ചില വ്യവസ്ഥകൾകൂടി ഉൾപ്പെടുത്തിയാണ് കേന്ദ്രാനുമതി ലഭ്യമായത്. ആ വ്യവസ്ഥകൾ അനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തിയതിനുശേഷമാണ് പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടി തുടങ്ങുന്നത്.
-മന്ത്രി പി.എ. മുഹമ്മദ് റിയാസ്
സ്വാഗതംചെയ്യുന്നു
ആദ്യഘട്ടത്തിൽ സാങ്കേതികകാരണം പറഞ്ഞ് മലാപ്പറമ്പുവരെമാത്രമായി വെട്ടിമുറിച്ച റോഡ് വികസനം വെള്ളിമാടുകുന്നുവരെയാക്കി നീട്ടാൻ സർക്കാർ ഉത്തരവിറക്കിയതിനെ ആക്ഷൻ കമ്മിറ്റി സ്വാഗതംചെയ്തു. ഡോ. എം.ജി.എസ്. നാരായണന്റെ നേതൃത്വത്തിൽ നടത്തിയ ബഹുജനസമരങ്ങളുടെ വിജയമാണിത്. എം.കെ. രാഘവൻ എം.പി., മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്ക് അഭിനന്ദനങ്ങൾ.
-മാത്യു കട്ടിക്കാന, എം.പി. വാസുദേവൻ
(മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് ആക്ഷൻ കമ്മിറ്റി)
Content Highlights: Final approval granted for the Malaparamba-Vellimadukunnu section., Completes the 8.34 km Mananchira-Vellimadukunnu road widening project., The total project cost is ₹482 crore, fully funded by the state government., Overcomes previous delays to fulfill a long-standing demand for Kozhikode city.
Published: 28 Feb 2026, 08:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented