
കോഴിക്കോട്: കല്ലായി റോഡിലെ 'ജയലക്ഷ്മി സിൽക്‌സി'ൽ ചൊവ്വാഴ്ചയുണ്ടായുണ്ടായ തീപ്പിടിത്തത്തിൽ 50 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി മാനേജ്‌മെന്റ്. ടെക്സ്റ്റെൽസ് മാനേജർ നൽകിയ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു. തീപ്പിടിത്തത്തിന്റെ കാരണം പ്രാഥമിക പരിശോധനയിൽ കണ്ടെത്താനായില്ല.
ഷോട് സർകിറ്റാണോ തീപ്പിടിത്തമുണ്ടാക്കിയതെന്നതെന്ന് കണ്ടെത്താൻ കഴിയാത്തതിനാൽ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വ്യാഴാഴ്ച പരിശോധന നടത്തും. ഫൊറൻസിക്, വിരടയാള വിദഗ്ധരുടെ പരിശോധനയും വ്യാഴാഴ്ച നടക്കും.
കെട്ടിടത്തിന്റെ രണ്ടാംനിലയിൽനിന്നാണ് തീപ്പിടിത്തമുണ്ടായത്. പക്ഷേ, ഉറവിടം കണ്ടെത്താനായില്ല. മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലെ തീപ്പിടിത്തത്തിലും സമാന അവസ്ഥയായിരുന്നു. ടെക്സ്റ്റെൽസിലെ രണ്ടും മൂന്നും നിലകളുടെ ഏതാണ്ട് പകുതിയോളം പൂർണമായി കത്തിപ്പോയിട്ടുണ്ട്. രണ്ട് നിലകളിലേ തീപ്പിടിത്തം ഉണ്ടായിട്ടുള്ളൂവെങ്കിലും കരിയും പുകയും പിടിച്ച് ടെക്സ്റ്റെൽസിലെ മുഴുവൻ തുണിത്തരങ്ങളും കേടുവന്നതായി ജയലക്ഷ്മി സിൽക്‌സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ എം. ഗോവിന്ദ കമ്മത്ത് പറഞ്ഞു.
ഒന്നുപോലും വിൽപ്പന നടത്താൻ പറ്റുന്നവയില്ല. കെട്ടിടത്തിലെ ഫർണിച്ചറുകളും ഗ്‌ളാസുകളുമെല്ലാം ഏതാണ്ട് പൂർണമായി നശിച്ചിട്ടുണ്ട്. അവയൊക്കെ വീണ്ടും മൊത്തം മാറ്റാനായി ലക്ഷങ്ങൾ ചെലവുവരും. ടെക്സ്റ്റെൽസിന് സന്പൂർണ ഇൻഷുറൻസ് കവറേജുണ്ടെന്നും മാനേജിങ് ഡയറക്ടർ പറഞ്ഞു.
ചൊവ്വാഴ്ച വൈകീട്ട് 5.50-നാണ് തീപ്പിടിത്തമുണ്ടായത്. നാലുമണിക്കൂറോളം സമയമെടുത്താണ് തീയണച്ചത്. തീപിടിച്ച ഭാഗത്താണ് അധികസ്റ്റോക്കുള്ള സാധനങ്ങൾ സൂക്ഷിക്കുന്നത്. കട്ടികൂടിയ ഗ്‌ളാസായതിനാൽ അത് തകർത്ത് തീയണയ്ക്കാൻ സമയമെടുത്തു. നിലവിൽ നാല് ഫയർ എസ്‌കേപ്പുകളുണ്ട്. തീയണയ്ക്കാൻ കുറച്ചുകൂടി സൗകര്യം ലഭിക്കുന്ന രീതിയിലുള്ള മാറ്റങ്ങൾ വരുത്തുമെന്ന് മാനേജിങ് ഡയറക്ടർ പറഞ്ഞു.
2023 ഏപ്രിൽ ഒന്നിനാണ് മുൻപ് ഇവിടെ തീപ്പിടിത്തമുണ്ടായത്. അന്ന് 11 കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായിരുന്നു. ഒൻപത് കോടിയോളമാണ് ഇൻഷുറൻസ് തുക ലഭിച്ചത്. ഷോട് സർകിറ്റായിരുന്നു തീപ്പിടിത്തത്തിന് കാരണം. അന്ന് ഫയർഫോഴ്‌സ് നിർദേശിച്ച കാര്യങ്ങളെല്ലാം ചെയ്തിരുന്നുവെന്നും മാനേജിങ് ഡയറക്ടർ പറഞ്ഞു.
തീപ്പിടിത്തങ്ങൾ ആവർത്തിക്കുന്നു; റിപ്പോർട്ടുകൾ രഹസ്യം
കോഴിക്കോട് : നഗരത്തിൽ തീപ്പിടിത്തങ്ങൾ ആവർത്തിക്കുമ്പോഴും എന്താണ് കാരണമെന്നത് റിപ്പോർട്ടുകൾ പുറത്തുവരുന്നില്ല. മൊഫ്യൂസിൽ ബസ്സ്റ്റാൻഡിൽ കഴിഞ്ഞവർഷം മേയ് 18-നുണ്ടായ തീപ്പിടിത്തത്തിന് കാരണമെന്താണെന്ന ഇലക്ട്രിക്കൽ ഇൻസ്പെക്ടേഴ്സിന്റെ റിപ്പോർട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല. ഷോർട് സർകിറ്റല്ല കാരണമെന്ന കണ്ടെത്തൽമാത്രമാണ് പുറത്തുവിട്ടത്. ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടെങ്കിലും രഹസ്യമാണ്. കാരണം കണ്ടെത്തിയോ ഇല്ലയോ എന്നുപോലും വ്യക്തമല്ല. ഒരു അഗ്‌നിരക്ഷാമാനദണ്ഡവും പാലിക്കാത്തതാണ് മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലെ തീപ്പിടിത്തം വൻ നാശനഷ്ടമുണ്ടാക്കാൻ കാരണം. കെട്ടിടത്തിന്റെ പാസേജുകളിൽ മുഴുവൻ തുണിത്തരങ്ങളായിരുന്നു. അത് തീപ്പിടിത്തത്തിൽ കത്തിയതോടെയാണ് അഗ്‌നിരക്ഷാസേനയ്ക്ക് ഉള്ളിലേക്ക് ഒരുതരത്തിലും കടക്കാൻ കഴിയാതിരുന്നതെന്ന് അവരുടെ റിപ്പോർട്ടിൽത്തന്നെ പറയുന്നുണ്ട്.
കോഴിക്കോട് നഗരത്തിലെ ഭൂരിഭാഗം കെട്ടിടങ്ങളിലും സമാനമായ അവസ്ഥയാണ്. തീപ്പിടിത്തങ്ങൾ ആവർത്തിക്കുമ്പോൾ ഫയർ ഓഡിറ്റിനെക്കുറിച്ച് പറയുകയല്ലാതെ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നില്ല.
പലകെട്ടിങ്ങളും ടഫ് ഗ്ലാസുകളും ഷീറ്റുകളുംകൊണ്ട് അടച്ചതിനാൽ തീപ്പിടിത്തം ഉണ്ടാവുമ്പോൾ അണയ്ക്കാനുള്ള മറ്റു മാർഗങ്ങളൊന്നും ഉറപ്പുവരുത്തുന്നുമില്ല. അതുകൊണ്ട് തീപ്പിടിത്തത്തിന്റെ വ്യാപ്തി കൂടുന്നു.
10 മാസത്തിനിടെ അഞ്ച് വൻ തീപ്പിടിത്തങ്ങളാണ് കോഴിക്കോട് നഗരത്തിലുണ്ടായത്. മെഡിക്കൽ കോളേജ് പി.എം.എസ്.എസ്.വൈ ബ്ലോക്കിലെ അത്യാഹിതവിഭാഗത്തിലായിരുന്നു കഴിഞ്ഞവർഷത്തെ ആദ്യ രണ്ടു തീപ്പിടിത്തങ്ങൾ. പിന്നീട് മൊഫ്യൂസിൽ ബസ്സ്റ്റാൻഡിൽ നഗരത്തെ നടുക്കിയ വൻ തീപ്പിടിത്തമുണ്ടായി. അതുകഴിഞ്ഞ് കഴിഞ്ഞ നവംബറിൽ ബേബി മെമ്മോറിൽ ആശുപത്രിയിലും. ചൊവ്വാഴ്ചയാണ് ജയലക്ഷ്മി സിൽക്‌സിൽ ഏറ്റവുമൊടുവിലത്തെ വൻ തീപ്പിടിത്തമുണ്ടായത്. അതിന്റെയും കാരണം കണ്ടെത്തിയിട്ടില്ല. റിപ്പോർട്ടുകൾ എല്ലാംപൂഴ്ത്തുകയും ഒരു നടപടിയും സ്വീകരിക്കാതിരിക്കുകയുമാണ് ഇവിടെ സംഭവിക്കുന്നത്.
നഗരം വളരുന്നു; ഉയരാതെ അഗ്‌നിരക്ഷാമാർഗങ്ങൾ
കോഴിക്കോട്: അതിവേഗം വളരുന്ന നഗരങ്ങളിലൊന്നായ കോഴിക്കോട്ട് പതിവായി വലിയ തീപ്പിടിത്തങ്ങളുണ്ടാകുമ്പോൾ ചർച്ചയായി നഗരത്തിലെ കെട്ടിടങ്ങളുടെ സുരക്ഷയും അഗ്‌നിരക്ഷാസംവിധാനങ്ങളും.
വലിയ കെട്ടിടങ്ങളും പാർപ്പിടസമുച്ചയങ്ങളുമുള്ള നഗരത്തിൽ ഉയരമുള്ള കെട്ടിടങ്ങളിൽ തീപ്പിടിത്തമുണ്ടാവുമ്പോൾ പെട്ടെന്ന് അണയ്ക്കാനുള്ള ഉപകരണങ്ങൾ അഗ്‌നിരക്ഷാസേനയ്ക്കില്ല. വെള്ളിമാടുകുന്നിൽ അഗ്‌നിരക്ഷാനിലയം വന്നതിനുശേഷം നഗരപരിധിയിൽ പുതിയ അഗ്‌നിരക്ഷാനിലയം വന്നിട്ടില്ല. ബീച്ച് സ്റ്റേഷൻ പുനർനിർമിക്കാൻ പൊളിച്ചുമാറ്റുകയും ചെയ്തു. നഗരത്തിലെ വലിയ സ്റ്റേഷനായ മീഞ്ചന്ത നിലയത്തിന്റെ പരിധിയിൽ മലപ്പുറം ജില്ലയിലേതടക്കം ഒട്ടേറെ സ്ഥലങ്ങളുമുണ്ട്.
നഗരത്തിലെ പലകെട്ടിടങ്ങളിലും അഗ്‌നിരക്ഷാ ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ജീവനക്കാർക്കും താമസക്കാർക്കും ഇത് കൃത്യമായി ഉപയോഗിക്കാനറിയാത്ത സ്ഥിതിയാണെന്ന് അഗ്‌നിരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. ഓരോവർഷവും എൻ.ഒ.സി. നൽകാനായി പരിശോധന നടത്തുമ്പോൾ എല്ലാ ഉപകരണങ്ങളും കൃത്യമായി വെക്കാറുണ്ട്. എന്നാൽ, പിന്നീട് ആരും ഇത് കൃത്യമായി പരിചരിക്കാറില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
സാറ്റലൈറ്റ് സ്റ്റേഷനുകൾ വേണം
ഗതാഗതത്തിരക്കേറിയതോടെ നഗരത്തിൽ പലയിടത്തും മിനിറ്റുകളെടുത്താണ് അപകടസ്ഥലങ്ങളിൽ ഫയർ എൻജിനുകളെത്തുന്നത്. റെയിൽവേ സ്റ്റേഷൻ, തൊണ്ടയാട്, പന്തീരങ്കാവ് എന്നിവിടങ്ങളിൽ സാറ്റലൈറ്റ് സ്റ്റേഷനുകൾ നിർമിക്കാൻ 10 വർഷം മുൻപ് അഗ്‌നിരക്ഷാസേന നിർദേശിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പായിട്ടില്ല.
പുതിയ ഉപകരണങ്ങളും വാഹനങ്ങളും വേണം
7000, 4000 ലിറ്റർ വീതം ശേഷികളുള്ള ഫയർ എൻജിനുകളിലെ വെള്ളം പരമാവധി ശക്തിയിൽ ഉപയോഗിക്കേണ്ടിവന്നാൽ രണ്ടുമുതൽ നാലുമിനിറ്റിനുള്ളിൽ തീരും. 14,000 ലിറ്റർ ശേഷിയുള്ള വാട്ടർബ്രൗസർ ജില്ലയിൽ നിലയിൽ മീഞ്ചന്ത അഗ്‌നിരക്ഷാനിലയത്തിലാണുള്ളത്. വാട്ടർ ബ്രൗസറുകൾ എല്ലാ സ്റ്റേഷനുകളിലും അനുവദിക്കുകയാണെങ്കിൽ രക്ഷാപ്രവർത്തനം എളുപ്പമാവും.
ഉയരങ്ങളിൽ തീയണയ്ക്കാൻ സ്‌കൈ ലിഫ്റ്റ്, ഹൈഡ്രോളിക് പ്ലാറ്റ്‌ഫോം, എന്നിവയിലേതെങ്കിലും വേണം. കെ.എസ്.ഇ.ബി. ഉപയോഗിക്കുന്നതരത്തിലുള്ള ചെറിയ സ്‌കൈലിഫ്റ്റ് എങ്കിലും നൽകിയാൽ ഉപകാരമാവും. പുതിയ ഉപകരണങ്ങൾ നൽകുന്നകാര്യം വകുപ്പിന്റെ ഡയറക്ടറേറ്റിൽനിന്ന് നേരിട്ടാണ് തീരുമാനിക്കുന്നതെന്നും അഗ്‌നിരക്ഷാനിലയങ്ങളിൽനിന്ന് അപേക്ഷനൽകാറില്ലെന്നും കോഴിക്കോട് റീജണൽ ഫയർ ഓഫീസർ 'മാതൃഭൂമി'യോട് പറഞ്ഞു.
Content Highlights: Massive fire at Jayalakshmi Silks in Kozhikode causes ₹50 crore damage.
Published: 19 Feb 2026, 08:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented