കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച് കളക്ടർ എം.എസ്. മാധവിക്കുട്ടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്.

To advertise here,

നിശ്ശബ്ദമായി കടമ നിർവഹിക്കുന്നവർക്കും മറ്റുള്ളവർക്ക് കാണാൻവേണ്ടി ചെയ്യുന്നതല്ല സേവനമെന്ന് വിശ്വസിക്കുന്നവർക്കും നിലനിൽക്കാൻ ബുദ്ധിമുട്ടാണെന്ന് കുറിപ്പിൽ പറയുന്നു.

കുറിപ്പിനെ അനുകൂലിച്ചും വിശകലനംചെയ്തും കമന്റുകളും നിറഞ്ഞു.

കളക്ടറുടെ കുറിപ്പിലെ പ്രസക്തഭാഗങ്ങൾ

ഒരു മാസം വളരെ അസ്വസ്ഥമായിരുന്നു. സാധാരണ ഞാൻ ചെയ്യുന്ന ജോലിയുടെ പരിധിക്കപ്പുറം, ചില കാര്യങ്ങൾ എന്നെ അസ്വസ്ഥയാക്കി.

അത് ആത്മപരിശോധന നടത്താനും എന്നോടുതന്നെ കൂടുതൽ ഗൗരവമായ ചില ചോദ്യങ്ങൾ ചോദിക്കാനും പ്രേരിപ്പിച്ചു -ഞാൻ എങ്ങനെയുള്ള ഒരു ഉദ്യോഗസ്ഥയാണ്? ഇരിക്കുന്ന പദവിയോട് നീതി പുലർത്തുന്നുണ്ടോ?

എന്റെ ജോലിയിൽ ഞാൻ ആരുമായും ഏറ്റുമുട്ടാറില്ല. അത് ബലഹീനതകൊണ്ടല്ല, മറിച്ച് ഈ സംവിധാനം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുള്ളതുകൊണ്ടാണ്. ഒരു കലഹം നൈമിഷികമായി ഒരു വിജയമായി തോന്നിയേക്കാം. പക്ഷേ, ക്ഷമയോടെയും ശരിയായ പരിശ്രമത്തിലൂടെയും നേടാൻ കഴിയുന്ന ഫലങ്ങൾ -അത് അപൂർവമായേ ഉണ്ടാവൂ.

ചെയ്യേണ്ട മറ്റെല്ലാ കാര്യങ്ങളെയും നഷ്ടപ്പെടുത്തി ഒരു വാദത്തിൽ ജയിക്കുന്നതിനേക്കാൾ, വലിയൊരു പൊതുനന്മയ്ക്കായി നിശ്ശബ്ദമായി മുന്നോട്ടുകൊണ്ടുപോകാനാണ് ഞാൻ ആഗ്രഹിക്കുന്നത്.

പക്ഷേ, ഇതിലും വലിയ ചില കാര്യങ്ങൾ തകരാറിലാണ്.

കഴിഞ്ഞ ആഴ്ച അത് എനിക്ക് കൂടുതൽ വ്യക്തമായി. യഥാർഥത്തിൽ എന്താണ് സിവിൽ സർവീസ് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ആ പദവിയെ മഹത്ത്വവത്കരിക്കുന്ന പ്രവണതയിലൂടെ തിരിച്ചറിയാനാവാത്ത സ്ഥിതിയാണ്. എവിടെയോവെച്ച് ‘പൊതുസേവകൻ’ എന്ന ആശയം ‘പൗരപ്രമുഖൻ’ എന്ന രീതിയിലേക്ക് മാറിയിരിക്കുന്നു. ആ പദവിയുടെ അധികാരത്തെ ആരാധിച്ച്, ആരാധിച്ച് അതിന്റെ ഉത്തരവാദിത്വംപോലും മറക്കുന്ന സ്ഥിതിയിലാണ്.

ഇന്ന്‌ പൊതുസമൂഹവും മാധ്യമങ്ങളും കാണുന്നതോ ആഘോഷിക്കുന്നതോ അല്ല ശരിയായ പ്രവൃത്തി; അത് ആ പ്രവൃത്തിയുടെ പ്രകടനം മാത്രമാണ്. ആ ആവേശത്തിനിടയിൽ, നിശ്ശബ്ദമായി കടമ നിർവഹിക്കുന്ന ഉദ്യോഗസ്ഥർക്കും ഉത്തരവാദിത്വനിർവഹണത്തിന് ഒരു പ്രേക്ഷകസമൂഹം ആവശ്യമില്ലെന്ന് കരുതുന്നവർക്കും മറ്റുള്ളവർക്ക് കാണാൻവേണ്ടി ചെയ്യുന്നതല്ല സേവനമെന്ന് വിശ്വസിക്കുന്നവർക്കും ഇവിടെ നിലനിൽക്കാൻ ബുദ്ധിമുട്ടാണ്. അത് ഞങ്ങൾ തെറ്റായതുകൊണ്ടല്ല, മറിച്ച് പ്രകടനങ്ങൾ പ്രതിഫലിപ്പിക്കാൻ പഠിച്ച ഒരു ഇടത്തിൽ ഞങ്ങൾ അദൃശ്യരായതിനാലാണ്.’