കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ചു നടന്ന സ്വർണം പൊട്ടിക്കൽ കേസിൽ രണ്ടുപേർകൂടി അറസ്റ്റിലായി. മലപ്പുറം മുണ്ടുപറമ്പ് സ്വദേശി മുഹമ്മദ് സൽമാൻ സാലിഹ് (26), പരപ്പനങ്ങാടി സ്വദേശി പി.പി. സാദിഖ് (38) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും കോടതി റിമാൻഡ്‌ചെയ്തു.
പോലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ ഞായറാഴ്ചയാണ് സൽമാൻ സാലിഹ് സ്വർണവുമായി കരിപ്പൂരിൽ ഇറങ്ങിയതും സ്വർണം കവരാനെത്തിയ സംഘങ്ങളെ കബളിപ്പിച്ച് കടന്നുകളഞ്ഞതും. സ്വർണക്കടത്ത് കാരിയറാണ് ഇയാൾ. രാത്രി 9.30-ന് ജിദ്ദയിൽനിന്ന് കരിപ്പൂരിൽ സ്വർണവുമായി വിമാനമിറങ്ങിയ സൽമാനെ തട്ടിക്കൊണ്ടുപോയി സ്വർണം കവർച്ചചെയ്യാനെത്തിയ 13 പേരെ അറസ്റ്റുചെയ്തിരുന്നു. കരിപ്പൂരിൽ അഞ്ചു സംഘങ്ങൾ സ്വർണം കവരാനായി എത്തിയിരുന്നു. എന്നാൽ, സൽമാൻ ഈ സംഘങ്ങൾക്കു പിടികൊടുക്കാതെ കടന്നുകളഞ്ഞു. ഇതോടെ സൽമാനെ കാണാനില്ലെന്നുകാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ഇയാളുടെ കൂട്ടാളിയാണ് പിടിയിലായ സാദിഖ്.
സൽമാനെ കണ്ടെത്തി കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് കവർച്ചസംഘങ്ങളെ കബളിപ്പിച്ച് സ്വർണവുമായി കടന്ന കാര്യം പുറത്തായത്. സ്വർണം കൊടുത്തുവിട്ട യഥാർഥ ഉടമ പറഞ്ഞയാൾക്ക് കൈമാറാതെ മറ്റൊരാൾക്ക് സ്വർണം കൈമാറി തുല്യമായി വീതിക്കാൻ സൽമാൻ തീരുമാനിക്കുകയായിരുന്നു.
വിമാനത്താവളത്തിൽ എത്തിയ സൽമാൻ ഇയാളുടെ സംഘത്തിനൊപ്പം കാറിൽ കയറി മുക്കത്തുള്ള വീട്ടിൽ പോയി. അവിടെ സാദിഖും മറ്റു രണ്ടുപേരും ഉണ്ടായിരുന്നു. നാലുപേരുംകൂടി കാറിൽ എറണാകുളത്തുപോയി മുറിയെടുത്തു. മുറിയിൽവെച്ച് ട്രോളിബാഗ് പൊളിച്ച് അതിനകത്തുള്ള സ്വർണമെടുത്തു പങ്കിട്ടുവെന്നാണ് സൽമാൻ പോലീസിനോടു പറഞ്ഞിട്ടുള്ളത്.
കള്ളക്കടത്തു സ്വർണം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് അന്വേഷണോദ്യോഗസ്ഥർ പറഞ്ഞു.
Content Highlights: Two additional suspects arrested in connection with the 2026 Karipur gold smuggling incident., The primary carrier bypassed five robbery gangs waiting at the airport., The accused conspired to steal and distribute the smuggled gold among themselves., Police investigation is ongoing to recover the gold and identify further accomplices.
Published: 13 Jun 2026, 08:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented