കോഴിക്കോട്: ബീച്ച് റോഡില്‍ പ്രമോഷന്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ വാഹനമോടിച്ച സാബിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. അശ്രദ്ധമായും ഇന്‍ഷുറന്‍സ് ഇല്ലാതെയും വാഹനം ഓടിച്ചു, മനഃപൂര്‍വ്വമല്ലാത്ത നരഹത്യ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. 

To advertise here,

അപകടത്തില്‍ മോട്ടോര്‍ വാഹന വകുപ്പും (എം.വി.ഡി) നടപടിയെടുക്കും. വാഹനങ്ങള്‍ ഓടിച്ച സാബിത്തിന്റേയും റയീസിന്റേയും ലൈസന്‍സ് അടുത്ത ദിവസം തന്നെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് എം.വി.ഡി. അറിയിച്ചു. 

അതേസമയം മരിച്ച ആല്‍വിന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെയാണ് ആല്‍വിനും സംഘവും വെള്ളയില്‍ സ്റ്റേഷനു മുന്‍വശത്ത് ബീച്ച് റോഡില്‍ എത്തിയത്. ആല്‍വിനെ സ്റ്റേഷനു മുന്നില്‍ ഇറക്കിയ ശേഷം രണ്ടു കാറുകളും മുന്നോട്ടു പോയി തിരിച്ചു വരികയായിരുന്നു. 

റോഡിന്റെ നടുവില്‍ നിന്നും വീഡിയോ ചിത്രീകരിക്കുകയായിരുന്ന ആല്‍വിനെ ഒരു കാര്‍ ഇടിച്ചുവീഴ്ത്തി. തെറിച്ചുയര്‍ന്ന് റോഡില്‍ തലയടിച്ചു വീണ ആല്‍വിന് നട്ടെല്ലിനും പരുക്കേറ്റിരുന്നു.