കോഴിക്കോട്: കൊയിലാണ്ടി എംഎൽഎയും സിപിഎം കോഴിക്കോട് ജില്ലാ കമ്മറ്റിയംഗവുമായ കാനത്തിൽ ജമീലയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്.
കുറിപ്പിൻ്റെ പൂർണരൂപം;
കൊയിലാണ്ടി എംഎൽഎയും സിപിഐഎം കോഴിക്കോട് ജില്ലാ കമ്മറ്റിയംഗവുമായ കാനത്തിൽ ജമീലയുടെ നിര്യാണം അത്യന്തം ദുഃഖകരമാണ്.
യാഥാസ്ഥിതിക കുടുംബത്തിൽ നിന്ന് ചെറുപ്രായത്തിൽ തന്നെ കമ്യൂണിസ്റ്റ് പാരമ്പര്യത്തിലേക്ക് വന്ന വ്യക്തിയായിരുന്നു കാനത്തിൽ ജമീല. തദ്ദേശസ്ഥാപനങ്ങളിൽ പ്രവർത്തിച്ച് ഭരണമികവ് തെളിയിച്ച് പടിപടിയായി ഉയർന്നു വന്ന നേതാവായിരുന്നു അവർ. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എന്നിങ്ങനെ ഭരണാധികാരി എന്ന നിലയിൽ മികവ് തെളിയിച്ചാണ് അവർ നിയമസഭാ സാമാജിക ആവുന്നത്. ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ട് ശ്രദ്ധേയയായി.
ലാളിത്യമാർന്ന ഇടപെടലിലൂടെ പൊതു സമൂഹത്തിൻ്റെ അംഗീകാരം നേടി. രാഷ്ട്രീയത്തിന് അതീതമായ സൗഹൃദം കാത്തുസൂക്ഷിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവെന്ന നിലയിൽ മഹിളകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉയർത്തി കൊണ്ടുവരുന്നതിൽ ബദ്ധശ്രദ്ധയായി. കാനത്തിൽ ജമീലയുടെ അകാലവിയോഗത്തിൽ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.
സിപിഎമ്മിന്റെ മികച്ച നേതാവിനെയാണ് നഷ്ടമായത്- സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ
രോഗത്തോട് പോരാടി ജീവിതത്തിലേക്ക് മടങ്ങി വരുമ്പോൾ ആണ് മരണം സംഭവിക്കുന്നത്. പരിപാടികളിൽ പങ്കെടുത്തു തുടങ്ങിയിരുന്നു. നല്ല പെരുമാറ്റത്തിലൂടെ ജന ഹൃദയങ്ങളിൽ സ്ഥാനം നേടി. പഞ്ചായത്ത് മെമ്പർ ആയി തുടങ്ങി എംഎൽഎ വരെ ആയി മികച്ച പ്രവർത്തനം നടത്തി. നിയമസഭയിലും മികവാർന്ന പ്രകടനം നടത്തി. കേരളത്തിനു അകത്തും പുറത്തും ജനങ്ങളിൽ സ്വാധീനം ഉണ്ടാക്കി. കുടുംബത്തിന്റെയും അവരെ സ്നേഹിക്കുന്ന ജനങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും എം വി ഗോവിന്ദൻ പറഞ്ഞു.
പാർട്ടിക്ക് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നതാണ്- മന്ത്രി മുഹമ്മദ് റിയാസ്
അസുഖബാധിത ആയിരുന്നിട്ടും നിയമസഭയിൽ എത്തിയിരുന്നു. ചികിത്സയിൽ ആയിരുന്ന സമയത്തും കൊയിലാണ്ടിയിലെ കാര്യങ്ങൾ ഫോണിൽ വിളിച്ച് പറയാറുണ്ടായിരുന്നു.
സ്നേഹസമ്പന്നയായ ജനപ്രതിനിധി- അനുശോചിച്ച് ബിനോയ് വിശ്വം
കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അനുശോചനം രേഖപ്പെടുത്തി. സഹോദര നിർവിശേഷമായ സ്നേഹത്തോടുകൂടി എല്ലാവരോടും പെരുമാറിപ്പോന്ന സ്നേഹസമ്പന്നയായ ജനപ്രതിനിധിയായിരുന്നു കാനത്തിൽ ജമീല. വിപ്ലവ പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച ജമീല വളരെ ആത്മാർത്ഥതയോടെയുള്ള പൊതുപ്രവർത്തനത്തിലൂടെ എല്ലാ രംഗത്തും ജനങ്ങളുടെ സ്നേഹം പിടിച്ചുപറ്റിയ നേതാവായിരുന്നു. കോഴിക്കോട് ജില്ലാ പഞ്ചായത്തിന്‍റെ സാരഥി, പിന്നീട് കൊയിലാണ്ടി എംഎൽഎ എന്നിങ്ങനെ ജനപ്രതിനിധി, സിപിഎം നേതാവ് എന്നീ നിലകളിൽ അവർ നടത്തിയ പ്രവർത്തനങ്ങൾ എല്ലാ കാലത്തും ഓർമ്മിക്കപ്പെടും. ഇടതുപക്ഷ പ്രസ്ഥാനത്തിന്‍റെ ശക്തയായ ഒരു സഖാവിന്‍റെ വിയോഗത്തിൽ സിപിഐ സംസ്ഥാന കൗൺസിൽ അഗാധമായ ദുഖം രേഖപ്പെടുത്തുന്നതായി ബിനോയ് വിശ്വം അനുശോചന സന്ദേശത്തിൽ പറഞ്ഞു.
എല്ലാവർക്കും മാതൃകയായ പൊതുപ്രവർത്തക- കെ.ബി. ഗണേഷ്‌കുമാർ
ഏറെ വേദനാജനകമാണ് കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല സഖാവിന്റെ അകാലവിയോഗമെന്ന് ഗതാഗതവകുപ്പുമന്ത്രി കെ.ബി. ഗണേഷ് കുമാർ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോഴും പിന്നീട് എംഎൽഎ ആയപ്പോഴും ജനപക്ഷ നിലപാടിലൂന്നിയ പ്രവർത്തനം നടത്തിയ നേതാവിന്റെ വിയോഗം ഒരു കനത്ത നഷ്ടം തന്നെയാണ്. ലാളിത്യം നിറഞ്ഞ പെരുമാറ്റത്തിലൂടെ ഏവരുടെയും ബഹുമാനാദരവുകൾ ഏറ്റുവാങ്ങിയ എല്ലാവർക്കും മാതൃകയായ പൊതുപ്രവർത്തക കൂടിയാണ് സഖാവ് കാനത്തിൽ ജമീല. കാനത്തിൽ ജമീലയുടെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും പാർട്ടി പ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു എന്ന് അനുശോചന സന്ദേശത്തിൽ ഗണേഷ് കുമാർ പറഞ്ഞു.
Content Highlights: Kerala CM Pinarayi Vijayan and CPI State Secretary Binoy Viswam express deep sorrow over the untimely demise of Koyilandi MLA Kanathil Jameela.
Published: 29 Nov 2025, 10:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented