തിരുവാര്‍പ്പ് (കോട്ടയം): മഴ കനത്തപ്പോള്‍ കല്യാണവീട്ടിലേക്ക് വിളിക്കാതെ വന്നതാണ് വെള്ളക്കെട്ടെന്ന അതിഥി. പക്ഷേ, അങ്ങനെയങ്ങ് വിട്ടുകൊടുക്കാന്‍ പറ്റുമോ. വെള്ളക്കെട്ടിനുമീതെ തട്ടിട്ട് വിവാഹമേളമൊരുക്കുകയാണ് തിരുവാര്‍പ്പ് ചെങ്ങളത്തെ ശ്രീശൈലമെന്ന വീട്. മൈലാഞ്ചി കല്യാണം മുതല്‍ അതിഥികളെ സ്വീകരിച്ച് അകത്തേക്ക് കയറ്റുന്നതുവരെ ഈ തട്ടില്‍നിന്നാണ്. വെള്ളക്കെട്ടിന്റെ ദുരിതംപേറുന്ന മനുഷ്യരുടെ അതിജീവനം.

To advertise here,

മോഹന്‍കുമാറിന്റെയും ഉഷാ മോഹന്റെയും മകള്‍ ഡോ. പാര്‍വതി മോഹന്റെ വിവാഹമാണ് തോരാമഴയുടെ കഷ്ടതകളെ പ്രതിരോധിച്ച് നടത്തുന്നത്. എല്ലാ വര്‍ഷവും പ്രദേശത്ത് വെള്ളക്കെട്ട് ഉണ്ടാകുമെങ്കിലും ഈ വര്‍ഷം വിവാഹ സമയത്ത് തന്നെയെത്തിയത് ഇവരെ കുറച്ചൊന്നുമല്ല കഷ്ടപ്പെടുത്തിയത്. വീട് മോടികൂട്ടുന്നതിനും വിവാഹവസ്ത്രങ്ങള്‍ വാങ്ങുന്നതിനും മറ്റ് ഒരുക്കങ്ങള്‍ക്കുമെല്ലാം വലിയ തടസ്സമുണ്ടായി.

ആറുമാസം മുമ്പാണ് യുകെയില്‍ എന്‍ജിനീയറായ തൃപ്പൂണിത്തുറ സ്വദേശിയുമായി ഡോ. പാര്‍വതി മോഹന്റെ വിവാഹം നിശ്ചയിച്ചത്. വരന്റെ അവധി കണക്കാക്കിയാണ് വിവാഹ തീയതി തീരുമാനിച്ചത്. അപ്രതീക്ഷിതമായി എത്തിയ തോരാമഴയില്‍ മൂന്നാം തവണയാണ് തങ്ങള്‍ വെള്ളക്കെട്ടില്‍ അകപ്പെട്ടതെന്ന് ഗൃഹനാഥനായ മോഹന്‍കുമാര്‍ പറഞ്ഞു. ഞായറാഴ്ച കോട്ടയത്താണ് വിവാഹം.