കൊട്ടാരക്കര: കടലാവിള കാർമൽ റസിഡൻഷ്യൽ സ്കൂളിൽ തിങ്കളാഴ്ച അസംബ്ലി നയിച്ചപ്പോൾ പാർത്ഥിപ് പതിവിലധികം ഉത്സാഹവാനായിരുന്നു. സ്കൂളിലെ പത്താം ക്ലാസ് എ ഡിവിഷന്റെ അസംബ്ലി നയിക്കുന്നത് പാർഥിപാണ്. പഠനത്തിലും സ്കൂൾ പ്രവർത്തനങ്ങളിലും മിടുക്കൻ. വായനയും പ്രസംഗവും ആരോടും സൗഹാർദമായ പെരുമാറ്റവും പാർഥിപിനെ അധ്യാപകരുടെയും സഹപാഠികളുടെയും ഇഷ്ടക്കാരനാക്കിയിരുന്നു. ചെണ്ടകൊട്ടാനും പാർഥിപ് പഠിച്ചിരുന്നു. ചൊവ്വാഴ്ച അമ്മ ദിവ്യാമോളാണ് പതിവുപോലെ പാർഥിപിനെ മുക്കോണിമുക്കിൽ സ്കൂട്ടറിൽ എത്തിച്ചു മടങ്ങിയത്. പത്താം ക്ലാസ് ആയതിനാൽ സ്കൂളിൽ എട്ടുമണിക്കെത്തണം. ഇല്ലെങ്കിൽ അനുജത്തി പാർവണയെയും കൂട്ടി സ്കൂൾ ബസിലായിരുന്നേനെ യാത്ര.

To advertise here,

മുക്കോണിക്കിൽ ലോറിമറിഞ്ഞെന്ന വിവരം അറിഞ്ഞ ദിവ്യ സ്കൂളിലെ അധ്യാപകരെ വിളിച്ചു, പാർത്ഥിപ് എത്തിയോ എന്നു തിരക്കി. ഇല്ലെന്നു മനസ്സിലാക്കിയ അധ്യാപകർ പെട്ടെന്നുതന്നെ തിരക്കിയിറങ്ങി. താലൂക്കാശുപത്രിയിലെത്തിയപ്പോൾ ചികിത്സയിലുള്ളവരുടെ കൂട്ടത്തിൽ പാർഥിപിന്റെ പേര് കണ്ടില്ല. മോർച്ചറിയിലുള്ള രണ്ട് അജ്ഞാത മൃതദേഹങ്ങളിൽ ഒന്ന് പാർത്ഥിപാണെന്നു തിരിച്ചറിഞ്ഞ അധ്യാപകർ തകർന്നുപോയി. പാർഥിപിന്റെ അച്ഛൻ പ്രദീപ് ബഹ്‌റൈനിലാണ്. മുത്തശ്ശി ഗീതയും അമ്മയും അനുജത്തിയുമായിരുന്നു പാർഥിപിന് വീട്ടിലെ കൂട്ടുകാർ. ഹരിയെന്നായിരുന്നു അവന്റെ വിളിപ്പേര്. മകന്റെ വേർപാട് താങ്ങാനാകാതെ നിലവിളിച്ചുതളർന്ന മൂവരെയും ആശ്വസിപ്പിക്കാൻ കഴിയാതെ ബന്ധുക്കൾ വലഞ്ഞു. മൃതദേഹം ബുധനാഴ്ച രാവിലെ സ്കൂളിൽ പൊതുദർശനത്തിനുശേഷം വീട്ടിലെത്തിക്കും.