കോന്നി: ‘ഇവിടെ വേണ്ടത്ര ഉപകരണങ്ങൾ ഇല്ല, ചികിത്സിച്ചാൽ ജീവഹാനിവരെ വന്നേക്കാം’- കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലെ സർജറി വിഭാഗം മേധാവിയായ ഡോക്ടർ ബുധനാഴ്ച തന്റെ ഓഫീസിന് മുന്നിൽ പതിച്ച നോട്ടീസിലെ വാചകമാണിത്. സർജറി വിഭാഗം മേധാവി ഡോ. കെ. ശിവപ്രസാദാണ് ഇങ്ങനെ അച്ചടിച്ച് ഒട്ടിച്ചത്.

To advertise here,

സംഭവം വിവാദമായതോടെ അധികൃതർ നോട്ടീസ് കീറിക്കളഞ്ഞു. ഡോക്ടറോട് ആശുപത്രി സൂപ്രണ്ട് ഡോ.എസ്. ഷാജി വിശദീകരണം ചോദിച്ചിട്ടുണ്ട്.

ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന രോഗികളുടെ ബന്ധുക്കളിൽനിന്ന് വാങ്ങുന്ന സമ്മതപത്രത്തിന്റെ മാതൃകയിലാണ് ഇക്കാര്യങ്ങൾ അച്ചടിച്ച് ഒട്ടിച്ചത്. ശസ്ത്രക്രിയയ്ക്ക് മുൻപ്‌, രോഗികളെയൊ ബന്ധുക്കളെയൊകൊണ്ട് ഒപ്പിടീക്കുന്ന സമ്മതപത്രം ഇങ്ങനെയാകണമെന്നും ഡോക്ടർ നിർദേശിച്ചു.

ജീവഹാനി വന്നേക്കാം എന്നതുകൂടാതെ ഏഴ് കാര്യങ്ങൾക്കൂടി നോട്ടീസിലുണ്ടായിരുന്നു.

  1.   തീവ്രപരിചരണ വിഭാഗം സുസജ്ജമല്ല.
  2.  പരിശീലനം കിട്ടിയ ജീവനക്കാർ വേണ്ടത്രയില്ല.
  3.  ശസ്ത്രക്രിയാമുറിയിൽ വിദഗ്ധരായ സഹപ്രവർത്തകരില്ല.
  4. . പൊളിഞ്ഞുവീഴുന്ന പെയിന്റുകൾക്കുള്ളിൽനിന്ന് രോഗികൾക്ക് അണുബാധ വന്നേക്കാം.
  5.  ജീവൻരക്ഷാദൗത്യം വേണ്ടിവന്നാൽ ഹൃദ്രോഗ വിദഗ്ധനോ വൃക്കരോഗ വിദഗ്ധനോ ഇല്ല.
  6.  വൈകീട്ട് അഞ്ചിനുശേഷം ഫാർമസി ഇല്ല.
  7. . വന്യമൃഗങ്ങളുടെ ശല്യമുണ്ട്.

ഇത്രയൊക്കെ പോരായ്മകളുണ്ടെന്ന് അറിഞ്ഞുകൊണ്ട്, മരണംവന്നാലും ശസ്ത്രക്രിയചെയ്യാൻ പൂർണ സമ്മതമാണെന്നുകാണിക്കുന്ന സമ്മതപത്രം രോഗിയൊ ബന്ധുക്കളൊ നൽകണമെന്നാണ് നോട്ടീസിൽ ഡോക്ടർ ആവശ്യപ്പെട്ടിരുന്നത്.

ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന രോഗികളുടെയും മെഡിക്കൽ കോളേജുകളിലെ അസൗകര്യങ്ങളുടെയും പൂർണ ഉത്തരവാദിത്വം ഡോക്ടർക്കാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും നോട്ടീസിന്റെ തുടക്കത്തിൽ കാണിച്ചിട്ടുണ്ട്്.

മന്ത്രി പറഞ്ഞിട്ടെന്ന് ഡോക്ടർ

സമ്മതപത്രം പതിച്ചത് ആരോഗ്യമന്ത്രി പറഞ്ഞിട്ടാണെന്ന ആരോപണം ഡോ. ശിവപ്രസാദ് മാധ്യമങ്ങൾക്ക് മുന്നിലും ഉന്നയിച്ചു. എന്നാൽ ഇത് മന്ത്രിയുടെ ഓഫീസ് നിഷേധിച്ചു.

പരിമിതമായ സൗകര്യങ്ങൾക്കിടയിലും ഇവിടെ രോഗികളുടെ ബന്ധുക്കളുടെ പിന്തുണയോടെ കുറഞ്ഞ ചെലവിൽ മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടറാണ് ശിവപ്രസാദ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്ന് ഒന്നരവർഷം മുൻപാണ് ഇവിടേക്ക് സ്ഥലം മാറിയെത്തിയത്. സ്വയം വിരമിക്കലിന് അപേക്ഷ നൽകിയിരുന്നെങ്കിലും സർക്കാർ അനുമതി നൽകിയിരുന്നില്ല.

ഡോക്ടർ അച്ചടക്കനടപടി നേരിട്ടയാൾ -മന്ത്രി വീണാ ജോർജ്

ഡോക്ടർ ശിവപ്രസാദ് അച്ചടക്കനടപടിക്ക് വിധേയനായിട്ടുണ്ടെന്ന് മന്ത്രി വീണാ ജോർജ് പ്രതികരിച്ചു. കോന്നി മെഡിക്കൽ കോളേജിൽ ഓപ്പറേഷൻ തിയേറ്റർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ഭാര്യയുടെ പേരിലുള്ള സ്വകാര്യ ആശുപത്രിയിൽ സർജറി നടത്തിയതിന് ഡോക്ടർക്കെതിരേ വിജിലൻസ് നടപടി സ്വീകരിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.