ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ ബോട്ട് മറിഞ്ഞ് കാണാതായ കൊല്ലം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

ശ്രീരാഗ്
ചവറ: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ ബോട്ട് മറിഞ്ഞ് കാണാതായ കൊല്ലം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. തേവലക്കര നടുവിലക്കര ഗംഗാഭവനിൽ രാധാകൃഷ്ണന്റെയും ഷീലയുടെയും മകൻ ശ്രീരാഗി(36)ന്റെ മൃതദേഹം കണ്ടെത്തിയെന്ന് തിങ്കളാഴ്ച ഉച്ചയോടെയാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.
ഇറ്റലി ആസ്ഥാനമായ സ്കോർപ്പിയോ ഷിപ്പിങ് കമ്പനിയുടെ ‘സ്വീ ക്വസ്റ്റ്’ കപ്പലിലെ ഇലക്‌ട്രോ ഓഫീസറാണ് ശ്രീരാഗ്. ഏഴുവർഷമായി കപ്പലിൽ ജോലിചെയ്യുന്ന ശ്രീരാഗ് മൊസാംബിക്കിൽ എത്തിയിട്ട് മൂന്നുവർഷമായി. ആറുമാസമായി നാട്ടിലുണ്ടായിരുന്ന ശ്രീരാഗ് കഴിഞ്ഞ തിങ്കളാഴ്ചയാണ് മൊസാംബിക്കിലേക്ക് പോയത്.
മൊസാംബിക്കടുത്ത് ബെയ്‌റ എന്ന സ്ഥലത്ത് തുറമുഖത്തിനടുത്തായി നങ്കൂരമിട്ടിരിക്കുന്ന കപ്പലിലേക്കുപോയ ഇന്ത്യക്കാരുൾപ്പെടെ 21-അംഗ സംഘം സഞ്ചരിച്ച ബോട്ടാണ് മുങ്ങിയത്. ഇതിൽ 15 പേർ രക്ഷപ്പെട്ടിരുന്നു. തിരച്ചിലിൽ മൂന്നുപേരുടെ മൃതദേഹം കിട്ടിയിരുന്നു. ശേഷിച്ച മൂന്നുപേർക്കായി തിരച്ചിൽ നടത്തിവരികയായിരുന്നു.
ശ്രീരാഗിനെ കാണാതായതോടെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ഇടപെട്ട് തിരച്ചിൽ ഉൗർജിതമാക്കിയിരുന്നു. ശ്രീരാഗിന്റെ ബന്ധുക്കളും ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിരുന്നു.
നടപടികൾ പൂർത്തീകരിച്ചശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്നാണ് ബന്ധുക്കൾക്ക് കിട്ടിയ വിവരം. ഭാര്യ: ജിത്തു. മക്കൾ: അതിഥി, അനശ്വർ. മൃതദേഹം ശ്രീരാഗിന്റേതാണെന്ന് സ്ഥിരീകരിച്ചതായി ഷിപ്പിങ് ഡയറക്ടർ ജനറൽ അധികൃതർ എൻ.െക. പ്രേമചന്ദ്രൻ എംപിയെയും അറിയിച്ചിരുന്നു. മൃതദേഹം ഷിപ്പിങ് ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ നാട്ടിൽ എത്തിക്കുമെന്നും കുടുംബത്തിന് ധനസഹായം നൽകുമെന്നും അധികൃതർ ഉറപ്പ് നൽകിയതായി എംപി പറഞ്ഞു.
ശ്രീരാഗിന്റെ വീട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സന്ദർശിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച അദ്ദേഹം കേന്ദ്രസർക്കാരിന്റെ എല്ലാസഹായവും ഉറപ്പ് നൽകി.
Content Highlights: Kollam Native's Body Recovered: Electrifying Officer Lost at Sea in Mozambique Tragedy
Published: 21 Oct 2025, 08:39 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented