
കൊട്ടിയം മൈലക്കാട് ദേശിയ പാത നവീകരണത്തിന് നിർമ്മിച്ച സർവിസ് റോഡ് തകർന്നപ്പോൾ
കൊല്ലം: അപകടത്തിൽ കുടുങ്ങിയ സ്കൂൾ ബസിലെ കുട്ടികൾ വെള്ളിയാഴ്ചത്തെ വീട്ടിലേക്കുള്ള യാത്ര ഒരിക്കലും മറക്കില്ല. ഇനി ഒരു ദിവസവും പേടിയോടെയല്ലാതെ അവർക്ക് സ്കൂളിലേക്കും തിരിച്ചും യാത്ര ചെയ്യാനാനുമാകില്ല. തൊട്ടുമുന്നിൽ റോഡ് പിളരുന്നതും വശത്തെ ഉയരത്തിലുള്ള ഭിത്തി ഇടിഞ്ഞുതാഴുന്നതും ശ്വാസമടക്കിയാണ് അവർ കണ്ടത്. എന്താണ് സംഭവിക്കുന്നതെന്നറിയാതെ എല്ലാവരും പകച്ചുപോയി. ഡ്രൈവറും ആയയും സമചിത്തതവിടാതെ അവരെ ആശ്വസിപ്പിച്ചു. നാട്ടുകാരും കൂടിച്ചേർന്ന് കുട്ടികളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. അത്യാഹിതങ്ങളുണ്ടായില്ലെങ്കിലും ദേശീയപാത നിർമാണം നടക്കുന്നയിടങ്ങളിൽ തുടർച്ചയായുണ്ടാകുന്ന അപകടങ്ങൾ വലിയ ഭീതിയാണുണ്ടാക്കുന്നത്.
രാവിലെമുതൽതന്നെ റോഡ് നിറയെ വെള്ളമുണ്ടായിരുന്നെന്ന് നാട്ടുകാർ പറയുന്നു. ജില്ലയിലെമ്പാടും ദേശീയപാത നിർമാണത്തിന്റെ മേൽനോട്ടക്കുറവിനെച്ചൊല്ലി വ്യാപക പരാതിയുണ്ട്. സാധാരണഗതിയിൽ വൈകുന്നേരങ്ങളിൽ വാഹനങ്ങളുടെ വലിയനിര ഈ ഭാഗത്തുണ്ടാകാറുണ്ട്. അപകടമുണ്ടായപ്പോൾ വാഹനങ്ങളുടെ എണ്ണം നന്നേകുറവായിരുന്നത് അപകടത്തിന്റെ വ്യാപ്തി കുറയാൻ കാരണമായി. ഇരുചക്രവാഹനങ്ങളും ഈ സമയം റോഡിലില്ലായിരുന്നു. റോഡിലുണ്ടായ വലിയ വിള്ളലുകൾ ബൈക്കോ സ്കൂട്ടറോ വീണുപോകാൻ തക്ക വലുപ്പമുള്ളവയാണ്. ആദ്യം വിള്ളലുണ്ടായശേഷം പതിയെ വലിയ കുഴികളായി മാറുകയായിരുന്നെന്ന് സംഭവസമയം സ്ഥലത്തുണ്ടായിരുന്നവർ പറയുന്നു. അപകടമുണ്ടായത് പകൽസമയത്തായതിനാലാണ് വിള്ളൽ യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. രാത്രിയായിരുന്നു റോഡിൽ വിള്ളലുണ്ടായിരുന്നതെങ്കിൽ അപകടത്തിന്റെ ചിത്രം മറ്റൊന്നായേനേ.
സർവീസ് റോഡിന് ചേർന്നുള്ള ഓടയുടെ കോൺക്രീറ്റ് പാളികൾ റോഡിലെ വിള്ളൽ കൂടുതലിടങ്ങളിലേക്ക് വ്യാപിക്കുന്നതിനെ തടഞ്ഞു. എങ്കിലും റോഡിനോടു ചേരുന്ന തോടിന്റെ ഭാഗത്ത് വയൽപ്രദേശത്ത് മീറ്ററുകൾ ദൂരെവരെ തറയിൽ വിള്ളലുണ്ടായിട്ടുണ്ട്.
Published: 06 Dec 2025, 03:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented