ചാത്തന്നൂര്‍ (കൊല്ലം): വനിതാ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മൂന്നാംനിലയിലെ ആള്‍ത്തുളയുടെ മൂടി തകര്‍ന്നുവീണ് പരിക്കേറ്റ യുവതികളില്‍ ഒരാള്‍ മരിച്ചു. തൃശ്ശൂര്‍ തോളൂര്‍ പള്ളാട്ടില്‍ മനോജിന്റെയും ശര്‍മിളയുടെയും മകള്‍ പി.എം.മനീഷ (26)യാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 7.15-ഓടെ ചാത്തന്നൂര്‍ തിരുമുക്ക് എം.ഇ.എസ്. എന്‍ജിനിയറിങ് വനിതാ ഹോസ്റ്റലിലായിരുന്നു അപകടം. കൊല്ലം മേവറം മെഡിസിറ്റി മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെ 10.21-ഓടെയാണ് ആശുപത്രി അധികൃതര്‍ മരണം സ്ഥിരീകരിച്ചത്.
മനീഷയുടെ ബന്ധുക്കള്‍ ബുധനാഴ്ച രാവിലെതന്നെ ആശുപത്രിയില്‍ എത്തിയിരുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മനീഷയ്‌ക്കൊപ്പം ആള്‍ത്തുളയിലൂടെ വീണ കണ്ണൂര്‍ സ്വദേശി സ്വാതി സത്യന്‍ ഇപ്പോഴും തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. സ്വാതിയില്‍നിന്ന് സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു.
ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മൂന്നാംനിലയുടെ മുകളിലിരുന്ന് കാപ്പി കുടിച്ചശേഷം ഇരുവരും ആള്‍ത്തുളയുടെ മേല്‍മൂടിക്കു മുകളിലിരുന്നു. ഇതേസമയംതന്നെ മേല്‍മൂടിതകര്‍ന്ന് മനീഷയും സ്വാതിയും ആള്‍ത്തുളയിലൂടെ താഴേക്ക് പതിക്കുകയായിരുന്നു. ആള്‍ത്തുളയിലേക്കു വീണ മനീഷയുടെ മുകളിലേക്ക് സ്ലാബിന്റെ കോണ്‍ക്രീറ്റ് പാളികളും പതിച്ചിരുന്നു. മനീഷയുടെ ദേഹത്തേക്കാണ് സ്വാതി പതിച്ചത്.
കുറച്ചു സമയത്തിനുശേഷം സ്വാതി പൈപ്പുകള്‍ക്കിടയിലൂടെ നുഴഞ്ഞുകയറി ആള്‍ത്തുളയ്ക്കു താഴെയുള്ള കമ്പികൊണ്ടുള്ള ചെറിയവാതില്‍ തുറന്ന് പുറത്തേക്ക് ഇഴഞ്ഞിറങ്ങി, ഹോസ്റ്റല്‍ കെട്ടിടത്തിന്റെ കാര്‍ പോര്‍ച്ചിലേക്ക് എത്തുകയായിരുന്നു. സ്വാതി പുറത്തെത്തിയത് മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെട്ടതുകൊണ്ടുമാത്രമാണ് ഇരുവരെയും ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിക്കാനായത്.
മേവറം മെഡിസിറ്റി ആശുപത്രിയിലെ എച്ച്.ആര്‍.വിഭാഗം ജീവനക്കാരിയായിരുന്നു മനീഷ. സഹോദരന്‍ മിഥുന്‍. മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് ചാത്തന്നൂര്‍ പോലീസ് കേസെടുത്തു.
Content Highlights: One of the girls died after falling from the third floor of the hostel building in chathannoor
Published: 08 Feb 2025, 09:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented