
കൊടുവള്ളി (കോഴിക്കോട്): കാറിന് സൈഡ് നല്‍കിയില്ലെന്നാരോപിച്ച് വിവാഹസംഘത്തിന്റെ ടൂറിസ്റ്റ് ബസിനുനേരേ പട്ടാപ്പകല്‍ ഗുണ്ടാസംഘത്തിന്റെ ആക്രമണം. ബസിനുനേരേ സ്ഫോടകവസ്തു എറിഞ്ഞ സംഘം ബസ് അടിച്ചുതകര്‍ത്തു. ബസിനുനേരേ എറിഞ്ഞ ഒരു പന്നിപ്പടക്കം നടുറോഡില്‍വെച്ച് പൊട്ടി. മറ്റൊന്ന് ബസിനുതട്ടി തൊട്ടടുത്ത പെട്രോള്‍പമ്പിലേക്ക് വീണു. ഇത് പൊട്ടാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ കൊടുവള്ളി വെണ്ണക്കാട് പെട്രോള്‍പമ്പിന് സമീപത്തായിരുന്നു അക്രമം.
സംഭവത്തില്‍ കുപ്രസിദ്ധ ഗുണ്ട കാസര്‍കോട് ഭീമനടി ആട് ഷമീര്‍ (34), തിരുവനന്തപുരം നെടുമങ്ങാട് ചെറ്റച്ചല്‍ അഷ്ന മന്‍സിലില്‍ അമീന് അജ്മല്‍ (25), കാസര്‍കോട് കൊളവയല്‍ സുമയ്യ മന്‍സിലില്‍ അബ്ദുല്‍ അസീസ് എന്ന കൊളവയല്‍ അസീസ് (31) എന്നിവരെ കൊടുവള്ളി പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കൊപ്പം കാറിലുണ്ടായിരുന്ന ഒരാള്‍ ഒളിവിലാണ്. ഗുണ്ടാസംഘത്തെ പിടികൂടാനുള്ള ശ്രമത്തിനിടെ കൊടുവള്ളി പോലീസ് സ്റ്റേഷനിലെ എസ്ഐ ആന്റണി ഉള്‍പ്പെടെ മൂന്നുപോലീസുകാര്‍ക്ക് പരിക്കേറ്റു.
വെണ്ണക്കാടുള്ള റോയല്‍ ആര്‍ക്കേഡ് കല്യാണമണ്ഡപത്തില്‍ പയമ്പ്രയില്നിന്നുള്ള വിവാഹസംഘവുമായി എത്തിയ ബസ് റോഡില്‍ നിര്‍ത്തി ആളുകളെ ഇറക്കിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ചെറിയരീതിയില്‍ വളവുള്ള ഭാഗത്ത് ബസ് നിര്‍ത്തിയപ്പോള്‍ ദേശീയപാതയില്‍ ഗതാഗതക്കുരുക്കുണ്ടായി. ബസിനുപിന്നിലെത്തിയ ഗുണ്ടാസംഘം ബസ്ഡ്രൈവറെയും ക്ലീനറെയും അസഭ്യം വിളിച്ചതായി നാട്ടുകാര്‍ പറഞ്ഞു. ആളുകളെ ഇറക്കിയശേഷം തിരിക്കാനുള്ള സൗകര്യത്തിനാണ് ബസ് പെട്രോള്‍പമ്പിലേക്ക് കയറ്റിയത്.
പിന്നാലെയെത്തിയ ആട് ഷമീറും സംഘവും ബസിനു കുറുകെ കാര്‍ നടുറോഡില്‍ നിര്‍ത്തിയശേഷം ബസ് ജീവനക്കാരുമായി വാക്കേറ്റത്തിലായി, പിന്നീട് ബസ് അടിച്ചുതകര്‍ക്കുകയുമായിരുന്നു. ദേശീയപാതയില്‍ സ്ഫോടകവസ്തുക്കള്‍ എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം പ്രതികള്‍ കാറില്‍ രക്ഷപ്പെട്ടു. ഇവരെ പിന്തുടര്‍ന്ന കൊടുവള്ളി ഇന്‍സ്പെക്ടര്‍ കെ.പി. അഭിലാഷും സംഘവും എട്ടുകിലോമീറ്റര്‍ അകലെ മടവൂര്‍ പള്ളിക്കല്‍ താഴത്തുവെച്ച് നാട്ടുകാരുടെ സഹായത്തോടെ നാടകീയമായി ഇവരെ പിടികൂടുകയായിരുന്നു.
പ്രതികളെ കീഴ്പ്പെടുത്തിയത് സാഹസികമായി
കൊടുവള്ളി: പ്രതികളെ പോലീസ് പിടികൂടിയത് സാഹസികമായി. പെട്രോള്‍ പമ്പില്‍വെച്ച് ബസ് അടിച്ചുതകര്‍ത്ത ശേഷം ആട് ഷമീറും സംഘവും കാറില്‍ക്കയറി രക്ഷപ്പെടുകയായിരുന്നു. ഉടന്‍തന്നെ നാട്ടുകാര്‍ കൊടുവള്ളി പോലീസ് സ്റ്റേഷനില്‍ വിളിച്ചറിയിച്ചു. വയര്‍ലെസ് സന്ദേശം ലഭിച്ച എസ്ഐ വി.പി. ആന്റണി, സിപിഒ. റിജോ മാത്യു, ഡ്രൈവര്‍ എന്‍. നവാസ് എന്നിവരുടെ മുന്നിലൂടെയാണ് സംഘത്തിന്റെ കാര്‍ കടന്നുപോയത്. സംശയം തോന്നിയ പോലീസ് കാറിനെ പിന്തുടര്ന്നു. പ്രതികളുടെ കാര്‍ പോലീസ് ജീപ്പിനെ ഇടിച്ചു തെറിപ്പിക്കാന്ശ്രമിച്ചു. തുടര്‍ന്നും പിന്തുടര്ന്നപ്പോള് പള്ളിക്കല്ത്താഴത്ത് വെച്ച് കാര്‍ ഒരു ഇടുങ്ങിയ റോഡിലേക്ക് കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മുന്പോട്ട് പോകാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഇവര്‍ ഇറങ്ങി ഓടാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് നാട്ടുകാരുടെ സഹായത്തോടെ ഇവരെ കീഴ്പ്പെടുത്തുകയായിരുന്നു.
ആക്രമണകാരണം ക്വട്ടേഷന്ശ്രമം പരാജയപ്പെട്ടത്?
കൊടുവള്ളി: വെണ്ണക്കാടില് ഗുണ്ടാസംഘം വിവാഹസംഘത്തിന്റെ ബസ് അടിച്ചുതകര്‍ക്കാന്‍ കാരണം ക്വട്ടേഷന്ശ്രമം പരാജയപ്പെട്ടതെന്ന് സൂചന. വിവാഹസംഘത്തെ ഇറക്കാന്‍ ടൂറിസ്റ്റ് ബസ് റോഡില്‍ നിര്‍ത്തിയപ്പോള്‍ ഗുണ്ടാസംഘം പിന്തുടര്‍ന്ന വാഹനം രക്ഷപ്പെട്ടതിലുള്ള വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് സൂചന. പ്രതികള്‍ സഞ്ചരിച്ച വാഹനവും ഇവരുടെ മൊബൈല്‍ഫോണ്‍ വിവരങ്ങളും പരിശോധിച്ചാലേ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരൂ.
Content Highlights: koduvally tourist bus gunda attack 3 gundas arrested by kerala police
Published: 28 Apr 2025, 09:11 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented