കോടിയേരി ബാലകൃഷ്ണൻ| Photo: Mathrubhumi
തിരുവനന്തപുരം: കെ -റെയില്‍ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെ-റെയില്‍ പദ്ധതി നടപ്പിലാക്കുകയെന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടാണ്. ഇതടക്കം തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ജനങ്ങളോട് പറഞ്ഞാണ് വോട്ട് വാങ്ങിയത്. എന്നാല്‍ പദ്ധതിയുടെ പേരില്‍ ഒരാളുടെയും ഭൂമി ബലം പ്രയോഗിച്ച് ഏറ്റെടുക്കില്ല. അരാജക സമരമാണ് ഇപ്പോള്‍ നടക്കുന്നതെന്നും പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ കോടിയേരി വ്യക്തമാക്കുന്നു.
ജനങ്ങളുടേയും സംഘടനകളുടേയും അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് മടിയില്ല. കെ-റെയില്‍ പദ്ധതി കേരളത്തിന്റെ പശ്ചാത്തല വികസനത്തിന് അനിവാര്യ ഘടകമാണ്. ഗതാഗത സൗകര്യം വര്‍ധിപ്പിക്കാന്‍ കെ-റെയില്‍ കൂടിയേ തീരു. പ്രകടനപത്രികയില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനമാണ് അത്. അത് പ്രാവര്‍ത്തികമാക്കാനുള്ള പദ്ധതിയുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. അതിനെതിരെ കുപ്രചാരണം നടത്തുകയാണ് യുഡിഎഫും ബിജെപിയും ഒപ്പം മതതീവ്രവാദ സംഘടനകളും. വോട്ടര്‍മാര്‍ അംഗീകരിച്ച പദ്ധതിയാണെന്ന് സമരം ചെയ്യുന്നവര്‍ ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
സര്‍വേ കല്ലുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്. സാമൂഹിക ആഘാത പഠനത്തിനുവേണ്ടിയുള്ള നടപടിയാണത്. ഇതിന് ശേഷം ഒരു വിദഗ്ധ സമിതിയെ നിയോഗിച്ച് ഭൂമി നഷ്ടപ്പെടുന്നവരുടെ അഭിപ്രായം കൂടി കേട്ട ശേഷം സ്ഥലത്തിന് വില നിര്‍ണയിക്കും. തൃപ്തികരമായ വില നിശ്ചയിച്ച ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കുകയുള്ളൂവെന്നും ബലം പ്രയോഗിച്ച് ഒരാളുടേയും ഭൂമി ഏറ്റെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങള്‍ മറച്ചുവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് യുഡിഎഫും, ബിജെപിയും ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളെക്കുറിച്ചും ലേഖനത്തില്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. യുപിഎ ഭരണകാലത്ത് പെട്രോള്‍ വില വര്‍ധനവിനെതിരെ സമരം ചെയ്യുകയും എണ്ണവില കുറച്ച് നല്‍കും എന്ന് വാഗ്ദാനം ചെയ്യുകയും ചെയ്ത ബിജെപി എല്ലാം എണ്ണക്കമ്പനികളുടെ തലയില്‍ക്കെട്ടിവെച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. കഴിഞ്ഞ വര്‍ഷം കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും ഈ വര്‍ഷം ഉത്തര്‍ പ്രദേശ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടന്നപ്പോഴും വില വര്‍ധിക്കാത്തതില്‍ നിന്ന് ഇരട്ടത്താപ്പ് വ്യക്തമാണെന്നും കോടിയേരി പറയുന്നു.
സ്വര്‍ണത്തിന്റെ മാറ്ററിയാന്‍ പണ്ട് ഉരകല്ലിനെ ആശ്രയിച്ചിരുന്നത് പോലെ രാഷ്ട്രീയ കക്ഷികളുടെ മാറ്റ് അറിയാന്‍ അവര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചോ ഇല്ലെയോ എന്ന് മാത്രം നോക്കിയാല്‍ മതി. ഇത്തരത്തില്‍ പ്രഖ്യാപനങ്ങളും പ്രവര്‍ത്തിയും തമ്മില്‍ പൊരുത്തപ്പെടാത്ത കാര്യത്തില്‍ ഇണകക്ഷികളാണ് കോണ്‍ഗ്രസും ബിജെപിയും എന്നും കോടിയേരി എഴുതിയ ലേഖനത്തില്‍ വിമര്‍ശിക്കുന്നു. ഇന്ധന വില, പാചകവാതക വില എന്നിവ വര്‍ധിപ്പിക്കുന്ന കാര്യം പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: kodiyeri balakrishnan on k rail and protests against the mega project
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..