കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ അടുത്ത സുഹൃത്തെന്ന് കൊടകര കുഴല്‍പ്പണക്കേസിലെ പ്രതി ധര്‍മരാജന്‍. ബിജെപി സംസ്ഥാന നേതാക്കളുടെ നിർദേശപ്രകാരമാണ് താൻ ബെംഗളൂരുവിൽ നിന്ന് പണം എത്തിച്ചതെന്നും അമിത് ഷായെ കാണാൻ സുരേന്ദ്രന്റെ കൂടെ പോയിട്ടുണ്ടെന്നും ധർമ്മരാജൻ മുൻ അന്വേഷണ സംഘത്തിന് മുൻപാകെ നൽകിയ മൊഴിയിൽ പറയുന്നതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടുചെയ്തു.

To advertise here,

25 കോടി രൂപ ബെംഗളൂരുവിൽ നിന്ന് തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി കൊണ്ടു വന്നുവെന്നും ബിജെപി സംസ്ഥാന നേതാക്കളുടെ നിർദേശപ്രകാരമാണ് താൻ പണം എത്തിച്ചതെന്നുമാണ് മുൻ അന്വേഷണ സംഘത്തിന് മുമ്പിൽ ധർമ്മരാജൻ നൽകിയ മൊഴിയിൽ പറയുന്നത്. അമിത് ഷായെ കാണാൻ കെ സുരേന്ദ്രന്റെ കൂടെ തിരുവനന്തപുരത്തും കോന്നിയിലും പോയെന്നും ധർമ്മരാജന്റെ മൊഴിയിലുണ്ട്.

എന്നാൽ ഇതെല്ലാം പഴയ ആരോപണങ്ങളാണെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രതികരണം. 2021-ൽ വന്ന മൊഴിപകർപ്പുകളാണ്. അതിന് മറുപടിയേ വന്നില്ല. അമിത് ഷായെ കണ്ടില്ലേ. ആ പ്രശ്നം എന്റെ കൈയിൽ നിന്ന് പോയെന്നും സുരേന്ദ്രൻ പറഞ്ഞു.

സത്യമെല്ലാം പുറത്തുവരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. കൊടകരക്കേസ് ബിജെപിയും സിപിഎമ്മും ഒത്തു തീർപ്പാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.

അതേസമയം തിരൂർ സതീഷിന്റെ വീട്ടിൽ താൻ പോയിട്ടില്ലെന്ന ശോഭാ സുരേന്ദ്രന്റെ വാദം തെറ്റാണെന്നാരോപിച്ച് തിരൂർ സതീഷ് രംഗത്തെത്തി. ഭാര്യയോടും മകനോടുമൊപ്പം ശോഭാ സുരേന്ദ്രൻ സതീഷിന്റെ വീടിനുള്ളിൽ നിൽക്കുന്ന ഫോട്ടോ മാധ്യമങ്ങൾക്ക് നൽകി. എന്നാൽ ഈ ഫോട്ടോ വ്യാജമെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ വാദം.