കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാനത്തെ വൈദികരുടെ പ്രതിഷേധത്തിൽ നടപടി. സഭാ ആസ്ഥാനത്ത് പ്രതിഷേധിച്ച 21 വെെദികരിൽ ആറ് വൈദികരെ സസ്പെൻഡ് ചെയ്തു. ബസലിക്ക ആസ്ഥാനത്തെ ​ഗേറ്റ് പ്രതിഷേധക്കാർ തകർത്തു. 15 പേർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. പുലർച്ചെ ബിഷപ്പ് ഹൗസിൽ പ്രാർത്ഥന പ്രതിഷേധം നടത്തുന്ന വിമത വൈദികരെ ബലം പ്രയോഗിച്ച് പുറത്താക്കാൻ പൊലീസ് ശ്രമിച്ചതോടെയാണ് സഭാ ആസ്ഥാനത്ത് സംഘർഷത്തിനിടയാക്കിയത്. പ്രായമായ വൈദികരെ മർദിച്ചതായും വലിച്ചിഴച്ചതായും പ്രതിഷേധക്കാർ ആരോപിച്ചു. കളക്ടറുമായി ചർച്ചക്ക് വിളിച്ചിരുന്നുവെന്നും തങ്ങളുടെ നിലപാട് കളക്ടറെ അറിയിച്ചിട്ടുണ്ടെന്നും പ്രതിഷേധക്കാർ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. 

To advertise here,

ശനിയാഴ്ച പുലർച്ചെയാണ് പ്രതിഷേധത്തിൽ പങ്കെടുത്ത ആറ് വൈദികരെ സസ്പെൻഡ് ചെയ്യുകയും പതിനഞ്ച് വൈദികർക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തത്. എന്നാൽ ഇത് സ്വീകരിക്കുകയോ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററുടെ ഈ നടപടി കൈക്കൊള്ളുകയോ ചെയ്യുന്നില്ലെന്ന് അല്മായ മുന്നേറ്റം വ്യക്തമാക്കി. 

ശനിയാഴ്ച പുലർച്ചെ ഉറങ്ങിക്കിടക്കുകയായിരുന്ന വൈദികരെ എഴുന്നേൽപ്പിച്ച് വസ്ത്രം പോലും മാറാൻ അനുവദിക്കാതെ കൊണ്ടുവന്നതായും, വസ്ത്രം മാറാൻ ശ്രമിച്ചവരുടെ വീഡിയോ എടുത്തതായുമാണ് വൈദികർ ആരോപിക്കുന്നത്. ബിഷപ്പ് ഹൗസിന്റെ ഗേറ്റ് അടക്കം തല്ലിപ്പൊളിച്ചാണ് വൈദികരെ ഗേറ്റിന് സമീപത്ത് എത്തിച്ചതെന്നാണ് വൈദികർ പൊലീസിനെതിരെ ഉയർത്തുന്ന ആരോപണം. എന്തിനാണ് കൊണ്ട് പോകുന്നത് എന്ന ചോദ്യത്തിന് മറുപടി നൽകാൻ പൊലീസുകാർ തയ്യാറായില്ലെന്നും വൈദികർ ആരോപിക്കുന്നു. സമാധാനപരമായി ചർച്ച ചെയ്യുകയായിരുന്നു. എന്നിട്ടും പോലീസ് മൃ​ഗീയമായി പെരുമാറുകയായിരുന്നു. 

എ.സി.പിക്കെതിരേ രൂക്ഷമായ ആരോപണവും പ്രതിഷേധക്കാർ ഉന്നയിക്കുന്നു. കളക്ടറുമായി ചർച്ചക്ക് വിളിച്ചിരുന്നു. തങ്ങളുടെ നിലപാട് കളക്ടറെ അറിയിച്ചിട്ടുണ്ട്. പഴയതുപോലെയാകണമെന്നതാണ് തങ്ങളുന്നയിക്കുന്ന ആവശ്യം. ഒന്നുകിൽ ആസ്ഥാനത്ത് സമരം ചെയ്തതിന് പുറത്താക്കിയവരെ തിരിച്ചെടുക്കുക. അല്ലെങ്കിൽ പ്രതിഷേധിച്ചവരുടെ അറസ്റ്റിലേക്ക് കടക്കുക. ഇതാണ് തങ്ങൾ മുന്നോട്ട് വെക്കുന്നത്. ഇക്കാര്യം കളക്ടറെ അറിയിച്ചിട്ടുണ്ട്. ഇത് സർക്കാരുമായി കൂടിയോലിചിച്ച ശേഷം തീരുമാനമെടുക്കാമെന്നാണ് കളക്ടർ അറിയിച്ചിരിക്കുന്നതെന്ന് സഭാ വക്താവ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. 

ഫാ ജോയ്സ് കൈതക്കോട്ടിൽ അങ്കമാലിയിൽ ആരംഭിച്ച നിരാഹാര സത്യഗ്രഹത്തിന്റെ പൂർത്തീകരണമാണ് അരമനയിൽ പ്രവേശിച്ച 21 വൈദികരുടെ പ്രാർത്ഥന യജ്ഞം.  ഇവരിൽ പ്രതിഷേധിക്കുന്ന 21 വൈദികരെ സഭാ ആസ്ഥാനത്ത് നിന്നും പുറത്താക്കിയതോടെയാണ് സംഘർഷത്തിലേക്ക് കടക്കുന്നത്