അരൂര്‍: കൊച്ചിയിലെ ഫ്‌ളാറ്റുകളില്‍നിന്ന് മാലിന്യം ശേഖരിച്ചവര്‍ അത് തള്ളിയത് അരൂര്‍ പഞ്ചായത്ത് ആറ്, ഏഴ് വാര്‍ഡുകളിലെ ഉള്‍പ്രദേശ റോഡുകളിലും സമീപത്തെ ജലാശയങ്ങളിലും. പഞ്ചായത്തംഗങ്ങളടക്കം പരാതിയുമായി എത്തിയതോടെ അരൂരിലെ ആരോഗ്യവിഭാഗം വിശദ പരിശോധനയ്ക്കിറങ്ങി.

To advertise here,

ചാക്കുകെട്ടുകളിലെ രേഖകളുടെയും ലഭ്യമായ സിസി ടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ നടത്തിയ വിശദ അന്വേഷണത്തിനൊടുവില്‍ മാലിന്യം തള്ളിയവരെ കണ്ടെത്തി. ഇവരെക്കൊണ്ടുതന്നെ മാലിന്യം നീക്കം ചെയ്യിക്കുകയും കാല്‍ ലക്ഷം രൂപ പിഴയടയ്ക്കുന്നതിനുള്ള നോട്ടീസും നല്‍കി. അരൂരിലെ കണ്ണേഴത്ത്, പെരുമ്പറമ്പില്‍ എന്നീ വിജനമായ റോഡില്‍ രാത്രിയുടെ മറവിലാണ് കഴിഞ്ഞയാഴ്ച വലിയതോതില്‍ മാലിന്യം തള്ളിയത്. ഇത് ചിത്രസഹിതം മാതൃഭൂമി അടക്കം പ്രസിദ്ധീകരിച്ചിരുന്നു. ഇതേതുടര്‍ന്നായിരുന്നു ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്തംഗങ്ങളും ചേര്‍ന്ന് പരിശോധന നടത്തിയത്.

പാലാരിവട്ടത്തെ ഫ്‌ളാറ്റില്‍നിന്ന് മാലിന്യം നീക്കാന്‍ കരാറെടുത്ത കാക്കനാട് പടമുകള്‍ നബീസ മന്‍സില്‍ അക്ബറാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമായി. ഇയാളില്‍നിന്നും സബ് കോണ്‍ട്രാക്ട് എടുത്ത അന്‍സിലാണ് ഇവിടെ മാലിന്യം തള്ളിയത്. എങ്കിലും രേഖകളില്‍ അക്ബറായതിനാല്‍ ഇയാളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. കുറ്റം സമ്മതിച്ച ഇയാള്‍ ജലാശയങ്ങളില്‍ നിന്നടക്കമുള്ള മാലിന്യം വാരി തിരികെ ലോറിയില്‍ കയറ്റിക്കൊണ്ടുപോയി. 15 ദിവസത്തിനകം പിഴത്തുക അടയ്ക്കണമെന്ന നോട്ടീസാണ് ഇയാള്‍ക്ക് നല്‍കിയിട്ടുള്ളത്.