തിരുവനന്തപുരം: സംസ്ഥാന സർക്കാന്റെ ധനസ്ഥിതി സംബന്ധിച്ച് പുറത്തിറക്കിയ ധവളപത്രത്തിനെതിരേ മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പറയുന്നത് കള്ളമാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ചുവർഷമായി പ്രതിപക്ഷ നേതാവായിരുന്ന സതീശൻ പറഞ്ഞുകൊണ്ടിരുന്നത് ആറുലക്ഷം കോടിയാണ് സംസ്ഥാനത്തിന്റെ കടമെന്നാണ്. അന്നുതന്നെ 4.85 കോടിയേ ഉള്ളൂവെന്ന് തിരുത്തിയതാണ്. ഇന്ന് 5.7 കോടിയാണ് കടമെന്ന് മുഖ്യമന്ത്രിതന്നെ ധവളപത്രത്തിൽ വ്യക്തമാക്കിയതോടെ അന്ന് തങ്ങൾ പറഞ്ഞിരുന്നത് ശരിയായിരുന്നെന്ന് വ്യക്തമായെന്നും ബാലഗോപാൽ പറഞ്ഞു.

To advertise here,

1.25 ലക്ഷം കോടി രൂപയോളം സർക്കാർ ഉദ്യോഗസ്ഥർക്ക് നൽകാനുണ്ടെന്ന മുൻപത്തെ വാദവും പൊളിഞ്ഞു. ധവളപത്രത്തിൽ 48,000 കോടി രൂപയെന്നാണ് പറയുന്നത്. രേഖകൾ കള്ളം പറയില്ല. കേന്ദ്ര സർക്കാരിന്റെ ഫിസ്‌കൽ നയങ്ങളിൽ വന്ന മാറ്റങ്ങൾ കേരളത്തിന്റെ വരുമാനത്തെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ധവളപത്രം തയ്യാറാക്കേണ്ടത് ധനവകുപ്പാണെന്നും അതു സംബന്ധിച്ച വിവരങ്ങൾ പുറത്തുകൊടുക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ഖജനാവിനകത്തെ വിവരങ്ങൾക്ക് രഹസ്യസ്വഭാവം പുലർത്തണം. ഇന്ദിരാ ഗാരന്റിക്ക് വരുന്ന ചെലവുകളും ഇതേപോലെ ഈ വിഭാഗത്തെക്കൊണ്ടുതന്നെ പഠിപ്പിച്ച് യഥാർഥ ചെലവ് കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.

ധവളപത്രം തയ്യാറാക്കുമ്പോൾ എന്തുകൊണ്ടാണ് ഈ സ്ഥിതിയിലേക്ക് വന്നതെന്നുകൂടി അതിൽ വ്യക്തമാക്കണം. സംസ്ഥാന സർക്കാരിന് ലഭിക്കാനുള്ള പണം ഏതൊക്കെയാണെന്നടക്കം വ്യക്തമാക്കണം. കേന്ദ്രം സംസ്ഥാനത്തിനുവേണ്ട പല വിഹിതങ്ങളും വെട്ടിക്കുറച്ചിട്ടുണ്ട്. കോവിഡ് സമയത്ത് ജി.എസ്.ഡി.പി.യുടെ 39 ശതമാനംവരെ ഉയർന്നിരുന്ന കടബാധ്യത ഇപ്പോൾ 33.6 ശതമാനമായി കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.