മെട്രോ മൂന്നാം ഘട്ടമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നീട്ടുന്നതിന് കേന്ദ്ര പിന്തുണ തേടുന്നു. ആലുവ മെട്രോ സ്റ്റേഷനില്‍നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കും തുടര്‍ന്ന് അങ്കമാലിയിലേക്കും പുതിയ പാത നിര്‍മിക്കാന്‍ വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കുന്നതിനാണ് കേരളം പിന്തുണ തേടിയിരിക്കുന്നത്. ഇതിന് സാമ്പത്തിക പിന്തുണ തേടി കേന്ദ്രത്തിന് കത്തു നല്‍കിയിട്ടുണ്ടെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് അധികൃതര്‍ വ്യക്തമാക്കി. വിമാനത്താവളത്തിന്റെ ഭാഗത്ത് ഭൂഗര്‍ഭ പാത ഉള്‍പ്പെടെയാണ് മൂന്നാം ഘട്ടം വിഭാവനം ചെയ്യുന്നത്.

To advertise here,

മൂന്നാം ഘട്ടത്തിനായി നേരത്തേ പദ്ധതി രൂപരേഖ തയ്യാറാക്കിയിരുന്നു. എന്നാല്‍, ഇതില്‍ മാറ്റങ്ങള്‍ ആവശ്യമായി വന്നതിനാലാണ് പുതിയ രൂപരേഖ ഒരുക്കുന്നത്. കേന്ദ്രം സാമ്പത്തിക പിന്തുണ നല്‍കിയില്ലെങ്കില്‍ പദ്ധതി രൂപരേഖ തയ്യാറാക്കുന്നതിന്റെ ചെലവ് കെ.എം.ആര്‍.എല്‍. തന്നെ വഹിക്കേണ്ടി വരും.

ആലുവ മെട്രോ സ്റ്റേഷനില്‍നിന്ന് അങ്കമാലി വരെ ഒരു പാത. തുടര്‍ന്ന് എയര്‍പോര്‍ട്ടിലേക്ക് കണക്ഷന്‍ ലൈന്‍ എന്ന രീതിയിലായിരുന്നു പദ്ധതി ആദ്യം ആസൂത്രണം ചെയ്തിരുന്നത്. രണ്ടു പാതകളുടെ നിര്‍മാണത്തിന്റെയും മറ്റും അസൗകര്യങ്ങള്‍ വിലയിരുത്തിയാണ് ആലുവ - വിമാനത്താവളം - അങ്കമാലി എന്ന രീതിയില്‍ റൂട്ട് പരിഗണിക്കുന്നത്. ഈ റൂട്ടിന്റെ സാധ്യതകളെല്ലാം പ്രാഥമികമായി വിലയിരുത്തിയിട്ടുണ്ട്. എന്നാല്‍, വിശദമായ പദ്ധതി രൂപരേഖയുടെ അടിസ്ഥാനത്തില്‍ ഇതില്‍ മാറ്റം വരാമെന്ന് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. കൂടുതല്‍ ഭൂമി ഏറ്റെടുക്കേണ്ടി വരുമോ എന്നെല്ലാം പരിശോധിക്കേണ്ടതുണ്ട്. പദ്ധതി രൂപരേഖയുടെ അടിസ്ഥാനത്തില്‍ റൂട്ട്മാറ്റം നിര്‍ദേശിക്കപ്പെട്ടാല്‍ അത് നടപ്പാക്കും. പുതിയ റൂട്ടിന് 8000 കോടി രൂപയോളം ചെലവുവരുമെന്നാണ് വിലയിരുത്തല്‍. പദ്ധതി തുക ഇനിയും ഉയരാനാണ് സാധ്യത കണക്കാക്കുന്നത്.

ഭൂമിക്കടിയിലൂടെ അഞ്ചു കിലോമീറ്റര്‍

വിമാനത്താവളത്തിന്റെ ഭാഗത്തേക്ക് എത്തുമ്പോള്‍ മെട്രോയ്ക്ക് അണ്ടര്‍ഗ്രൗണ്ട് പാതയാണ് പരിഗണനയിലുള്ളത്. അഞ്ചു കിലോമീറ്ററാണ് നിലവില്‍ ഈ പാതയ്ക്ക് നീളം പരിഗണിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരുന്നു. വിശദമായ പദ്ധതി രൂപരേഖയുടെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ ചര്‍ച്ചകള്‍.

ആലുവയില്‍നിന്ന് തുടങ്ങി അത്താണി കഴിഞ്ഞ് കരിയാട് ജങ്ഷനില്‍നിന്ന് മെട്രോപ്പാത എയര്‍പോര്‍ട്ട് ഭാഗത്തേക്ക് തിരിയും. എയര്‍പോര്‍ട്ട് പരിസരത്ത് മാത്രം ഭൂമിക്കടിയിലൂടെ കടന്നുപോകും. പിന്നീട് വീണ്ടും ദേശീയപാതയിലേക്ക് കടന്ന് അങ്കമാലിയിലേക്ക് എന്നതാണ് ഇപ്പോള്‍ പരിഗണനയിലുള്ള പദ്ധതി. എയര്‍പോര്‍ട്ട് ഭാഗത്ത് ഒഴികെ മറ്റിടങ്ങളിലെല്ലാം മുകളിലൂടെയായിരിക്കും പാത. വിശദമായ പഠനത്തിനുശേഷമേ ഇതെല്ലാം അന്തിമമാക്കൂ എന്നും അധികൃതര്‍ പറഞ്ഞു. ആലുവയില്‍നിന്ന് എയര്‍പോര്‍ട്ട് വഴി അങ്കമാലിയിലേക്കുള്ള പുതിയ റൂട്ടിന് 19 കിലോമീറ്റര്‍ നീളമാണ് കണക്കാക്കുന്നത്.

ആദ്യ പദ്ധതി ഇങ്ങനെ

കാക്കനാട് കഴിഞ്ഞാല്‍ മൂന്നാം ഘട്ടമായാണ് അങ്കമാലിയിലേക്കും തുടര്‍ന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും മെട്രോ ആസൂത്രണം ചെയ്തിരുന്നത്. അങ്കമാലി റൂട്ടിനായി ഗതാഗത പഠനവും പദ്ധതി രൂപരേഖ തയ്യാറാക്കലുമെല്ലാം നടന്നിരുന്നു. ആലുവയില്‍നിന്ന് അങ്കമാലി കോതകുളങ്ങര വരെ 11 സ്റ്റേഷനുകളാണുണ്ടായിരുന്നത്. ദൂരം 14 കിലോമീറ്ററും. പദ്ധതി രൂപരേഖ തയ്യാറാക്കിയ കാലയളവില്‍ 3115 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരുന്നത്. 6.5 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കേണ്ടി വരുമെന്നും കണക്കാക്കിയിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ ഗതാഗത പഠനമനുസരിച്ച് 2031-ല്‍ അങ്കമാലി റൂട്ടില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണം 1.12 ലക്ഷം എന്നായിരുന്നു വിലയിരുത്തല്‍.