കണ്ണൂർ:തളിപ്പറന്പ് എംഎൽഎ ടി.കെ. ഗോവിന്ദനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. ഗോവിന്ദൻ തളിപ്പറമ്പ് മണ്ഡലത്തിന്റെ ‘ബ്രൂട്ടസ്’ ആണെന്നും അദ്ദേഹം ഒരു വർഗവഞ്ചകനാണെന്നും രാഗേഷ് വിമർശിച്ചു. സ്ഥാനാർഥി മാറിയിരുന്നെങ്കിൽ പോലും ഗോവിന്ദൻ തളിപ്പറമ്പിൽ മത്സരിക്കുമായിരുന്നു. തിരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടു മുൻപ് അദ്ദേഹം എതിരാളികളുമായി രഹസ്യ ധാരണ ഉണ്ടാക്കിയതായും രാഗേഷ് കുറ്റപ്പെടുത്തി.
പാർട്ടി പല ഭാഗങ്ങളിൽനിന്നും ആക്രമണം നേരിട്ടുകൊണ്ടിരുന്ന ഘട്ടത്തിലാണ് കൂടെയിരുന്ന് ടി.കെ. ഗോവിന്ദൻ പാർട്ടിയുടെ നെഞ്ചിൽ കുത്തിയതെന്ന് രാഗേഷ് പറഞ്ഞു. ‘ഈ പാർട്ടിയെ പലരും ചേർന്ന് പലയിടത്തുനിന്നും ആക്രമിക്കുമ്പോൾ, കൂടെ ഇരിക്കുന്ന ഒരുത്തൻ വന്ന് തളിപ്പറമ്പ് മണ്ഡലത്തിലെ പാർട്ടിയുടെ നെഞ്ചത്ത് വെച്ച് കുത്തുകയാണ് ചെയ്യുന്നത്. ഈ മണ്ഡലത്തിന്റെ ബ്രൂട്ടസാണ് സാക്ഷാൽ ടി.കെ. ഗോവിന്ദൻ മാഷ്. പാർട്ടിക്കൊപ്പം നിന്ന് അതിന്റെ നെഞ്ചിലേക്ക് കത്തി വെച്ച് കുത്തിയ ബ്രൂട്ടസാണ് നിങ്ങൾ.’- കെ.കെ. രാഗേഷ് പറഞ്ഞു.
തന്നെ എന്തുകൊണ്ട് സ്ഥാനാർഥിയാക്കിക്കൂടാ എന്ന് ജില്ലാ കമ്മിറ്റി യോഗത്തിൽ ഗോവിന്ദൻ ചോദിച്ചെന്നും രാഗേഷ് ആരോപിച്ചു. തളിപ്പറമ്പ് മണ്ഡലത്തിൽ ഒരു വനിതാ സ്ഥാനാർഥി വരണമെന്നും തുടർച്ചയായി മത്സരിക്കുന്നവർ മാറിനിൽക്കണമെന്നുമാണ് പാർട്ടി ആഗ്രഹിച്ചത്. ഇതിനായി നടന്ന ചർച്ചകൾക്കൊടുവിൽ ഗോവിന്ദൻ യോഗത്തിൽ വെച്ച് ‘എനിക്കെന്താ ഒരു തകരാർ? എന്റെ പേരെന്താ സെക്രട്ടറി പറയാത്തത്? ഈ യോഗത്തിൽ ഇരിക്കുന്ന ഒരാൾക്കും എന്റെ പേര് പറയാൻ എന്താ തോന്നാത്തത്?’ എന്ന് ചോദിച്ചതായി രാഗേഷ് പറഞ്ഞു.
മുതിർന്ന നേതാക്കൾ ആരും തന്നെ ബന്ധപ്പെട്ടില്ലെന്ന ഗോവിന്ദന്റെ വാദവും രാഗേഷ് തള്ളി. ഇ.പി. ജയരാജൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ഗോവിന്ദനെ നേരിട്ട് ബന്ധപ്പെട്ടിരുന്നു. നിങ്ങൾ ഒരുപക്ഷേ സ്ഥാനാർഥിയെ മാറ്റിയേക്കാമെങ്കിലും ഉയർന്നുവന്ന ചർച്ചയിൽ എന്റെ പേരില്ലാത്തതിനാൽ എന്നെ നിശ്ചയിക്കില്ലല്ലോ, പിന്നെന്തിനാണ് ഞാൻ നിങ്ങൾ പറയുന്നതിന് വിധേയപ്പെടുന്നത് എന്നായിരുന്നു ഗോവിന്ദൻ നേതാക്കളോട് ചോദിച്ചതെന്ന് രാഗേഷ് കുറ്റപ്പെടുത്തി. സ്ഥാനാർഥി മാറിയിരുന്നെങ്കിൽ പോലും ഗോവിന്ദൻ മത്സരിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തളിപ്പറമ്പ് മേഖലയിൽ പാർട്ടി വിശ്വസിച്ച് ചുമതല ഏൽപ്പിച്ച ആളായിരുന്നിട്ടും തിരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാർഥിനിർണയത്തെക്കുറിച്ച് ആളുകളുടെ ഇടയിൽ പോയി രഹസ്യമായി സംസാരിച്ച് അദ്ദേഹം രഹസ്യപ്രചാരണം നടത്തുകയായിരുന്നു എന്ന് രാഗേഷ് ആരോപിച്ചു. സ്ഥാനാർഥി നിർണ്ണയത്തിൽ വീഴ്ച സംഭവിച്ചതായി പാർട്ടിയുടെ ജില്ലാ, സംസ്ഥാന, കേന്ദ്ര കമ്മിറ്റികളുടെ റിവ്യൂവിൽ തുറന്നു സമ്മതിച്ചിരുന്നു. എന്നാൽ, ഇതിന് പിന്നാലെ പത്രസമ്മേളനം നടത്തി ‘ഇപ്പോൾ ഞാൻ പറഞ്ഞതല്ലേ ശരി, പാർട്ടി ചെയ്തത് തെറ്റല്ലേ’ എന്ന് ചോദിച്ച് ഗോവിന്ദൻ വഞ്ചന കാണിക്കുകയാണെന്നും രാഗേഷ് ആരോപിച്ചു.
Content Highlights: CPM Kannur District Secretary KK Ragesh has lashed out at party leader TK Govindan, calling him the 'Brutus' of Taliparamba and accusing him of treason, secret pacts with opponents, and undermining the party during the elections.
Published: 30 Aug 2026, 08:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented