കൊച്ചി: ആയുർവേദ വിദ്യാർഥിനി വിസ്മയ സ്ത്രീധനപീഡനത്തെത്തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ കീഴ്‌ക്കോടതി വിധിച്ച ശിക്ഷ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ഭർത്താവ് കൊല്ലം പോരുവഴി ചന്ദ്രവിലാസത്തിൽ കിരൺ കുമാർ നൽകിയ ഉപഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി.

To advertise here,

കീഴ്‌ക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫയൽ ചെയ്ത അപ്പീലിലാണ് ഉപഹർജി നൽകിയിരുന്നത്. അപ്പീലിൽ പിന്നീട് വിശദമായ വാദം കേൾക്കും. കിരണിന് 10 വർഷം കഠിനതടവും പന്ത്രണ്ടര ലക്ഷം രൂപ പിഴയുമായിരുന്നു കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിധിച്ചത്.

നിലമേൽ കൈതോട് കെ.കെ.എം.പി. ഹൗസിൽ ത്രിവിക്രമൻ നായരുടെയും സജിതയുടെയും മകളായ വിസ്മയയെ 2021 ജൂൺ 21-നാണ് ശാസ്താംകോട്ട പോരുവഴിയിലെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മോട്ടോർ വാഹന വകുപ്പിൽ അസി. വെഹിക്കിൾ ഇൻസ്പെക്ടറായിരുന്ന കിരണിന്റെയും വിസ്മയയുടെയും വിവാഹം 2020 മേയ് 20 നായിരുന്നു. കൂടുതൽ സ്ത്രിധനം ആവശ്യപ്പെട്ട് കിരൺ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെത്തുടർന്ന് വിസ്മയ ജീവനൊടുക്കിയെന്നാണ് കേസ്.