പത്തനംതിട്ട: സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണങ്ങളിൽ അടിപതറി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രാജിവെച്ചു. സ്വമേധയാ ആണ് രാജിയെന്ന് രാഹുൽ പറഞ്ഞെങ്കിലും കോൺഗ്രസ് ഹൈക്കമാൻഡിൻറെ സമ്മർദമാണ് രാജിക്കു പ്രധാനകാരണം. രാഹുലിനെതിരേ ഉയർന്ന ആരോപണങ്ങളോട് മുഖംനോക്കാതെ നടപടിയുണ്ടാവുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞ് ഒരു മണിക്കൂറിനകമായിരുന്നു രാജിപ്രഖ്യാപനം.

To advertise here,

ബുധനാഴ്ച വൈകീട്ട് നടി റിനി ആൻ ജോർജ്, രാഹുലിന്റെ പേരുപറയാതെ ഉയർത്തിയ സൂചനകൾക്ക് വ്യാഴാഴ്ച രാവിലെയോടെത്തന്നെ തെളിച്ചം വന്നു. എഴുത്തുകാരി ഹണി ഭാസ്കർ, രാഹുലിന്റെ പേര് പരാമർശിച്ച് ദുരനുഭവം വെളിപ്പെടുത്തിയതോടെ കോൺഗ്രസ് അപ്പാടേ സമ്മർദത്തിലായി. മറ്റൊരു സ്ത്രീയോട് ഗർഭച്ഛിദ്രം നടത്താൻ ആവശ്യപ്പെടുന്ന ശബ്ദശകലത്തിലെ വ്യക്തി രാഹുലാണെന്ന തരത്തിലുള്ള വാർത്തയും പ്രചരിച്ചു.

വ്യാഴാഴ്ച ഉച്ചവരെ അടൂരിലെ വീട്ടിൽനിന്ന് പുറത്തിറങ്ങാതെ രാഹുൽ മൗനം പാലിച്ചതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങളും ശക്തമായി. ഉച്ചയ്ക്ക് 12.30-ഓടെ വി.ഡി. സതീശന്റെ ശക്തമായ പ്രതികരണംവന്നത്, സംസ്ഥാന നേതൃത്വം രാഹുലിനെ പിന്തുണയ്ക്കുന്നില്ലെന്ന സൂചനയായി മാറി.

രാഹുലിന്റെ മൗനം പ്രസ്ഥാനത്തെ ചോദ്യമുനയിൽ നിർത്തുമെന്ന വാദവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. സ്നേഹയും രംഗത്തെത്തി. അടൂർ മുണ്ടപ്പള്ളിയിലെ അടച്ചിട്ട വീട്ടിൽ പുറത്തിറങ്ങാതെ എട്ടു മണിക്കൂറിരുന്ന രാഹുൽ ഒടുവിൽ ഉച്ചയ്ക്ക് 12.30-നാണ് മാധ്യമങ്ങളെ കണ്ടത്. മാധ്യമങ്ങൾക്കു മുന്നിൽ തന്റെ വാദങ്ങൾ നിരത്തിയശേഷമായിരുന്നു രാജി പ്രഖ്യാപനം.

ആരും ആവശ്യപ്പെട്ടിട്ടല്ല രാജി

പരാതിയുണ്ടെങ്കിൽ രേഖാമൂലം നൽകട്ടെ. അത്തരത്തിൽ പരാതിയുണ്ടെങ്കിൽ നിരപരാധിത്വം കോടതിയിൽ തെളിയിച്ചുകൊള്ളാം. പരാതി ഉന്നയിച്ച യുവനടിയുമായി അടുത്തിടെവരെ നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. ഇപ്പോഴും നല്ല സൗഹൃദമുണ്ട്. എന്നെപ്പറ്റിയാണ് അവർ പറഞ്ഞതെന്ന് ഇപ്പോഴും ഞാൻ വിശ്വസിക്കുന്നില്ല. പരാതി ഉന്നയിച്ചയാൾ എന്റെ പേര് പറഞ്ഞിട്ടില്ല. ഹൈക്കമാൻഡ് രാജിവെക്കാൻ എന്നോട് ആവശ്യപ്പെട്ടെന്ന വാർത്ത തെറ്റാണ്

-രാഹുൽ മാങ്കൂട്ടത്തിൽ