കഴക്കൂട്ടം: സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരികയാണെന്നും, സിപിഎം ഭരിക്കുന്ന കേരളത്തിൽ വനിതകൾ സുരക്ഷിതരല്ലെന്നും കെപിസിസി അംഗം അഡ്വ. ജെ.എസ് അഖിൽ. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഇത്തരം സംഭവങ്ങളെ ഒറ്റപ്പെട്ടതായി ചിത്രീകരിച്ച് ലഘൂകരിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ജെബി മേത്തർ എംപിയുടെ നേതൃത്വത്തിൽ നടക്കുന്ന 'സാഹസ് യാത്ര'യ്ക്ക് കഴക്കൂട്ടത്ത് നൽകിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2025-ൽ ഇതുവരെ സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 11,036 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ, 2025 ജൂലൈ വരെ 2811 പോക്സോ കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും സർക്കാർ ഗൗരവത്തോടെ വിഷയത്തെ കാണുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സ്ത്രീ പീഡന പരാതിയിൽ അന്വേഷണം നേരിട്ട് കുറ്റപത്രം സമർപ്പിക്കപ്പെട്ട സിപിഎം എംഎൽഎക്കെതിരെ പാർട്ടി ചെറുവിരൽ അനക്കാൻ പോലും തയ്യാറായിട്ടില്ലെന്നും ഇത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോൺഗ്രസിൻ്റെ ഒരു യുവ എംഎൽഎക്കെതിരെ ആരോപണം ഉയർന്നപ്പോൾ തന്നെ പാർട്ടി നേതൃസ്ഥാനം രാജിവെപ്പിക്കുകയും പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തത് രാഷ്ട്രീയ ചരിത്രത്തിൽ ആദ്യ സംഭവമാണെന്ന് അഖിൽ പറഞ്ഞു. പ്രതിപക്ഷ നേതാവ്, കെപിസിസി പ്രസിഡൻ്റ്, എഐസിസി സംഘടനാ ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ഒറ്റക്കെട്ടായാണ് ഈ മാതൃകാപരമായ തീരുമാനമെടുത്തത്. ഈ തീരുമാനം പാർട്ടി പ്രവർത്തകർ അംഗീകരിക്കുകയും അനുസരിക്കുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. "മുറിവിൽ കുത്തി വ്രണമാക്കുകയല്ല, മുറിവുണങ്ങാനുള്ള സമയമാണ് നൽകേണ്ടത്" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സഭയ്ക്കകത്തും പുറത്തും സർക്കാരിൻ്റെ അഴിമതികളെ തുറന്നുകാട്ടുന്നതുകൊണ്ടാണ് സിപിഎം അദ്ദേഹത്തെ ലക്ഷ്യം വെക്കുന്നതെന്ന് അഖിൽ ആരോപിച്ചു. കോൺഗ്രസിൻ്റെ പേരിൽ വ്യാജ ഐഡികൾ ഉണ്ടാക്കി പ്രതിപക്ഷ നേതാവിനെതിരെ സൈബർ ആക്രമണം നടത്തി പാർട്ടിയിൽ ഒറ്റപ്പെടുത്താൻ സിപിഎം ബോധപൂർവം ശ്രമിക്കുന്നുണ്ട്. ഈ സൈബർ ബുള്ളിംഗിനെതിരെ എല്ലാ കോൺഗ്രസ് പ്രവർത്തകരും ഒറ്റക്കെട്ടായി പൊരുതണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
വരുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനെ സെമി ഫൈനലായി കണ്ട്, 2026-ൽ കോൺഗ്രസിനെ അധികാരത്തിലെത്തിക്കുക എന്ന ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും, ശത്രുക്കളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങളെ അവഗണിച്ച് മുന്നോട്ട് പോകണമെന്നും അദ്ദേഹം പ്രവർത്തകരോട് അഭ്യർത്ഥിച്ചു.
Content Highlights: Congress leader criticizes Kerala govt`s handling of crimes against women
Published: 19 Sept 2025, 06:02 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented