കോട്ടയം: കഴിഞ്ഞ സർക്കാരിന്റെ മൗനാനുവാദത്തോടെ വെറ്ററിനറി ഡോക്ടർമാരുടെ പെൻഷൻ പ്രായം ഉയർത്താൻ മൃഗസംരക്ഷണവകുപ്പിൽ നടന്ന നീക്കം ഉപേക്ഷിച്ചു. പെൻഷൻ പ്രായം ഉയർത്തണമെന്ന് വകുപ്പ് ഡയറക്ടർ റിപ്പോർട്ട് നൽകിയെങ്കിലും തിരഞ്ഞെടുപ്പ് ഫലം വന്നതിനുപിന്നാലെ സർക്കാരിന്റെ നയപരമായ തീരുമാനം വേണമെന്നുപറഞ്ഞ് അഡീഷണൽ ചീഫ് സെക്രട്ടറി തള്ളി. പിന്നാലെ നിയമനം നടത്താതെയിരുന്ന റാങ്ക് പട്ടികയിലെ 133 പേർക്ക് നിയമന ഉത്തരവും നല്കി.
പെൻഷൻ പ്രായം ഉയർത്തിയാൽ നിയമനം കിട്ടില്ലെന്നുകാട്ടി റാങ്ക് പട്ടികയിലുള്ള ഒരാൾ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചതും ആ പരാതി പരിഗണിക്കണമെന്ന് ട്രിബ്യൂണൽ നിർദേശിച്ചതുമാണ് വഴിത്തിരിവായത്. ആരോഗ്യവകുപ്പിലെ ഡോക്ടർമാരുടെ പെൻഷൻ പ്രായം 56-ൽനിന്ന് 60 വയസ്സായി 2017-ൽ ഉയർത്തിയിരുന്നു. അതുപോലെ മൃഗസംരക്ഷണവകുപ്പിലും വേണമെന്നും അതിൽ തീരുമാനമെടുക്കുംവരെ സേവനകാലം നീട്ടണമെന്നുമായിരുന്നു വെറ്ററിനറി ഡോക്ടർമാരുടെ ആവശ്യം.
സർക്കാർ ഇക്കാര്യം പരിഗണിച്ചു. പഠനം നടത്താൻ മൃഗസംരക്ഷണവകുപ്പ് ഡയറക്ടർ ജനുവരി 21-ന് പത്തുപേരടങ്ങുന്ന സമിതി രൂപവത്കരിച്ചു. ഇക്കാര്യം അറിഞ്ഞ വെറ്ററിനറി സർജൻ ഗ്രേഡ്-2 റാങ്ക് പട്ടികയിലുള്ള ഡോ. കെസിയ മറിയം വർഗീസ് ട്രിബ്യൂണലിനെ സമീപിച്ചു. വിരമിക്കൽ പ്രായം ഉയർത്തിയാൽ ജോലി ലഭിക്കാനുള്ള അവസരം നാലുവർഷത്തേക്ക് ഇല്ലാതാകുമെന്നായിരുന്നു വാദം. ഉചിതമായ ഉത്തരവ് മൂന്നുമാസത്തിനകം നല്കാൻ മാർച്ച് 31-ന് ട്രിബ്യൂണൽ സർക്കാരിന് നിർദേശം നല്കി. പെൻഷൻപ്രായം ഉയർത്തുന്നത് സംസ്ഥാനത്തിന് ഭാരമാകില്ലെന്നായിരുന്നു സമിതിയുടെ കണ്ടെത്തൽ.
നാലുവർഷംകൊണ്ട് വിരമിക്കുന്ന 343 ഡോക്ടർമാരുടെ പെൻഷൻ ആനുകൂല്യം മാറ്റിവെക്കുന്നതിലൂടെ 274 കോടി രൂപയുടെ അടിയന്തര സാമ്പത്തികബാധ്യത സർക്കാരിന് ഒഴിവാക്കാമെന്നും പറഞ്ഞു. അതേസമയം, വിരമിക്കൽ പ്രായം ഉയർത്തുന്നത് സർക്കാരിന് നല്ലതാണെങ്കിലും അടുത്ത നാലുവർഷത്തേക്ക് നിയമനം കുറവായിരിക്കുമെന്നും തൊഴിലില്ലായ്മ രൂക്ഷമാകുമെന്നും ഡയറക്ടറുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഈ നാലുവർഷം കൊണ്ട് 800 വെറ്ററിനറി ബിരുദധാരികൾ പഠനം പൂർത്തിയാക്കി പുറത്തുവരും. പി.എസ്.സി. വഴി പ്രതീക്ഷിക്കാവുന്ന നിയമനം 130 മാത്രം. മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലും രാത്രി സേവനത്തിനുമായി മറ്റൊരു 172 പേർക്കുകൂടി നിയമനം നല്കാൻ കഴിയും. പങ്കാളിത്ത പെൻഷൻകാരുടെ പെൻഷൻപ്രായം 60 ആയതിനാൽ ഭാവിയിൽ നിയമനം ബുദ്ധിമുട്ടാകും. ഇത്രയും വിശദീകരിച്ചശേഷവും പെൻഷൻ പ്രായം ഉയർത്താനാണ് ശുപാർശ ചെയ്തത്.
റിപ്പോർട്ട് നല്കിയതും അത് പരിഗണിച്ചതും രഹസ്യമായിട്ടായിരുന്നു. ഇക്കാര്യം അന്വേഷിച്ചിറങ്ങിയ റാങ്ക് പട്ടികയിലുള്ളവരോട്, കേട്ടതൊന്നും ശരിയല്ലെന്നാണ് അന്നത്തെ മന്ത്രിയും വകുപ്പിലെ ഉന്നതരും പറഞ്ഞത്.
Content Highlights: Animal Husbandry Department officially dropped the proposal to increase the retirement age of veterinary doctors., 133 candidates from the rank list received appointment orders following the government's decision., Administrative Tribunal intervention prevented the move after job seekers filed complaints., The initial proposal suggested increasing the retirement age to 60, mirroring the Health Department., Financial analysis showed potential savings, but highlighted the risk of increased unemployment among new graduates.
Published: 18 Jun 2026, 08:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented