തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനങ്ങളുടെ മോഡിഫിക്കേഷൻ ഉപാധികളോടെ മാത്രമേ അനുവദിക്കുകയുള്ളൂ എന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. സുരക്ഷ അവഗണിച്ചുള്ളതും ശബ്ദം, വെളിച്ചം എന്നിവ വർധിപ്പിക്കുന്ന തരത്തിലുള്ളതുമായ മോഡിഫിക്കേഷൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
'വാഹന മോഡിഫിക്കേഷൻ വിഷയത്തിൽ 100 ദിവസത്തിനുള്ളിൽ ചില കാര്യങ്ങൾ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. മിതമായ പരിഷ്‌കരണങ്ങൾ ആവാം. ശബ്ദവും വെളിച്ചവും പുറത്തേക്ക് വരുന്ന തരത്തിലുള്ള, തീ പറത്തുന്ന തരത്തിലുള്ള പരിഷ്‌കരണങ്ങൾ പാടില്ല. മോഡിഫിക്കേഷനുകൾ നടത്തുന്നവർ സ്വന്തമായി ഒരു പരിധി നിശ്ചയിക്കണം.' മന്ത്രി പറഞ്ഞു.
തെറ്റുകളിൽ വലുത് ചെറുത് എന്ന് നോക്കാൻ കഴിയില്ലെന്നും മോഡിഫിക്കേഷന് ചുമത്തേണ്ട ചാർജുകളെക്കുറിച്ച് ചർച്ചകൾ നടക്കുന്നതേയുള്ളൂ എന്നും മന്ത്രി സി.പി. ജോൺ പറഞ്ഞു. കൊല്ലം കൊട്ടാരക്കരയിൽ ടിപ്പർ ലോറി അപകടത്തിൽ സ്‌കൂൾ കുട്ടിയടക്കം മൂന്നുപേർക്ക് ജീവൻ നഷ്ടമായ സംഭവത്തെക്കുറിച്ചും മന്ത്രി സംസാരിച്ചു.
ഇത്തരം അപകടങ്ങൾ ഒഴിവാക്കുന്നതിനായി മോട്ടോർ വാഹന വകുപ്പുമായി സഹകരിച്ച് കൂടുതൽ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് മന്ത്രി അറിയിച്ചു. ടിപ്പർ ലോറികൾക്ക് സമയ നിയന്ത്രണം ഏറ്റെടുക്കുന്നതിലും ഫലപ്രദം പെർമിറ്റ് റദ്ദാക്കുന്നതടക്കമുള്ള കർശനമായ നടപടികളിലേക്ക് കടക്കുന്നതാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
'കൊട്ടാരക്കരയിൽ അപകടം നടന്ന സമയം ടിപ്പറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലാത്ത സമയത്താണ് നടന്നത്. രണ്ടോ മൂന്നോ മണിക്കൂർ അധികം നിയന്ത്രണം ഏർപ്പെടുത്തിയാൽ അവർ ബാക്കി കിട്ടുന്ന സമയത്ത് ഇപ്പോഴത്തേതിലും മരണപ്പാച്ചിലാവും നടത്തുക. അത് കൂടുതൽ അപടകങ്ങൾക്ക് വഴിവെക്കുകയേ ഉള്ളൂ. പകരം അത്തരം നിയമലംഘനങ്ങൾക്ക് കടുത്ത നടപടികൾ എടുക്കുക.'
ഡ്രൈവർമാരും സ്വയം നിയന്ത്രിച്ചാൽ മാത്രമേ ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ കഴിയുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു. വീര്യം കുറഞ്ഞ മദ്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോട് എതിർപ്പ് അറിയിച്ചിട്ടില്ലെന്നും സി.പി. ജോൺ പറഞ്ഞു. 'ഞങ്ങൾ ഇപ്പോൾ കാബിനറ്റിന്റെ ഭാഗമാണ്, അതുകൊണ്ട് വ്യത്യസ്തമായ അഭിപ്രായമില്ല. മുഖ്യമന്ത്രി വി.ഡി. സതീശൻ എന്താണോ പറഞ്ഞത്, അതുതന്നെ ശരി.' മന്ത്രി വ്യക്തമാക്കി.
Content Highlights: Strict ban on modifications causing excessive noise, light, or fire hazards. 100-day deadline set for implementing new modification guidelines. Focus on stricter permit cancellation for tipper trucks involved in accidents. Emphasis on driver self-regulation to reduce road accidents. Government stance on prioritizing safety over minor modifications.
Published: 24 Jun 2026, 12:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented