ന്യൂഡൽഹി: മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെന്നിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാൻ ശുപാർശ. മലയാളിയും കേരള ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റിസ് മുഷ്താഖിനെ സിക്കിം ചീഫ് ജസ്റ്റിസായി നിയമിക്കാനും സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു. നിലവിലെ ചീഫ് ജസ്റ്റിസ് നിതിൻ ജംദാർ വിരമിക്കുന്ന ഒഴിവിലേക്കാണ് ജസ്റ്റിസ് സെന്നിന്റെ നിയമനം. ദീർഘകാലം കൊൽക്കത്ത ഹൈക്കോടതി ജഡ്ജി ആയിരുന്നു ജസ്റ്റിസ് സൗമെൻ സെൻ.

To advertise here,

2025 ഒക്ടോബറിലാണ് ജസ്റ്റിസ് സെൻ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. 2011 ലാണ് ജസ്റ്റിസ് സെൻ കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റു. അതിന് മുമ്പ് രണ്ട് പതിറ്റാണ്ടു കാലം കേന്ദ്ര സർക്കാർ അഭിഭാഷകനായിരുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, സെബി, സിഡ്ബി തുടങ്ങി പ്രധാനപ്പെട്ട സാമ്പത്തിക സ്ഥാപനങ്ങളുടെ അഭിഭാഷകനായിരുന്നു ജസ്റ്റിസ് സെൻ.

പിൽകാലത്ത് ബിജെപിയിൽ ചേർന്ന കൽക്കട്ട ഹൈക്കോടതി ജഡ്ജി അഭിജിത് ഗംഗോപാധ്യായ എഴുതിയ വിവാദ വിധി സ്റ്റേ ചെയ്തതിലൂടെയാണ് ജസ്റ്റിസ് സൗമെൻ സെൻ നേതൃത്വം നൽകിയ ഡിവിഷൻ ബെഞ്ച് ദേശീയ ശ്രദ്ധ ആകർഷിക്കുന്നത്. ജസ്റ്റിസ് സെന്നിന്റെ ഡിവിഷൻ ബെഞ്ചും, ജസ്റ്റിസ് അഭിജിതും തമ്മിലുള്ള തർക്കത്തിൽ സുപ്രീം കോടതി ഭരണഘടന ബെഞ്ചിനുവരെ ഇടപെടേണ്ടി വന്നിരുന്നു. സുപ്രീം കോടതിയിലേക്ക് ഉയർത്തപ്പെട്ടില്ലെങ്കിൽ ജസ്റ്റിസ് സൗമെൻ സെൻ 2027-ജൂലൈ 26 ന് വിരമിക്കും.

സിക്കിം ചീഫ് ജസ്റ്റിസാകുന്ന രണ്ടാമത്തെ മലയാളി

ജസ്റ്റിസ് പയസ് കുര്യാക്കോസിന് ശേഷം സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകുന്ന രണ്ടാമത്തെ മലയാളിയാകും ജസ്റ്റിസ് മുഷ്താഖ്. സിക്കിമിലെ ആദ്യ മലയാളി ചീഫ് ജസ്റ്റിസ് പയസ് കുര്യാക്കോസ് ആയിരുന്നു. 2013 ലാണ് സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ആറ് മാസത്തോളം ജസ്റ്റിസ് പയസ് കുര്യാക്കോസ് സേവനം അനുഷ്ടിച്ചിട്ടുള്ളത്. ഒരു പതിറ്റാണ്ടിന് ശേഷമാണ് മറ്റൊരു മലയാളി സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകുന്നത്.

2014 ജനുവരി 23-ന് ആണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് കേരള ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിതനാകുന്നത്. 2016 മാർച്ച് 10-ന് സ്ഥിരം ജഡ്ജിയായി. 1967-ൽ കണ്ണൂരിലെ താണയിൽ ജനിച്ച ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ഉഡുപ്പിയിലെ വി.ബി. ലോ കോളേജിൽനിന്നാണ് നിയമപഠനം പൂർത്തിയാക്കിയത്. മഹാത്മാ ഗാന്ധി സർവ്വകലാശാലയിൽനിന്നാണ് നിയമത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയത്. 1989-ൽ അഭിഭാഷകനായി എന്റോൾ ചെയ്തശേഷം കണ്ണൂരിലെ വിവിധ കോടതികളിൽ ഏഴ് വർഷത്തോളം പ്രാക്ടീസ് ചെയ്തു.

പാരീസ് യൂണിവേഴ്‌സിറ്റിയിൽനിന്ന് ഫ്രഞ്ച് സർക്കാരിന്റെ സ്‌കോർളർഷിപ്പോടെ ബഹിരാകാശം, ടെലികമ്യൂണിക്കേഷൻ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളിലാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ ബിരുദാനന്തര ബിരുദം. ഹേഗ് അക്കാഡമി ഓഫ് ഇന്റർനാഷണൽ ലോയിൽനിന്ന് പ്രൈവറ്റ് ഇന്റർനാഷണൽ ലോയിൽ കോഴ്‌സും പൂർത്തിയാക്കിയിട്ടുണ്ട്. രാജ്യാന്തര സെമിനാറുകളിൽ നിയമവുമായി ബന്ധപ്പെട്ട നിരവധി പ്രബന്ധങ്ങളും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് അവതരിപ്പിച്ചിട്ടുണ്ട്.

പരേതനായ പ്രമുഖ അഭിഭാഷകൻ പി. മുസ്തഫയുടെ മകനാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്. എ. സൈനാബി ആണ് മാതാവ്. ആമിന യു.എൻ ആണ് ഭാര്യ. മക്കൾ: അയിഷ സെനാബ് കെൻസ, അസിയ നുസ, അലി മുസ്തഫ.