
തിരുവനന്തപുരം: പ്രതിഷേധങ്ങളൊന്നുമില്ലാതെ തന്നെ സെക്രട്ടേറിയറ്റിൽ ചൊവ്വാഴ്ച ഒരു നിശ്ശബ്ദവിപ്ലവം നടന്നു. പത്തുവർഷമായി അടഞ്ഞുകിടന്ന നോർത്ത് ഗേറ്റ് (സമര ഗേറ്റ്) വീണ്ടും മലർക്കെ തുറന്നു. ആ ഗേറ്റിന്റെ ഒരു വശത്ത് ബോർഡിൽ ഇങ്ങനെ എഴുതിയിരുന്നു-‘നോർത്ത് ഗേറ്റ് സന്ദർശനസമയം വൈകീട്ട് മൂന്നുമുതൽ അഞ്ചുവരെ’. എന്നാൽ കഴിഞ്ഞ 10 വർഷമായി ഇതിലൂടെ ഒരു സന്ദർശകനും ഉദ്യോഗസ്ഥനും ഭരണാധികാരിയും സെക്രട്ടേറിയറ്റിലേക്ക് കയറിപ്പോയില്ല.
എന്നും ബാരിക്കേഡിന് പിന്നിലായി പോലീസ് സംരക്ഷണത്തിൽ അടഞ്ഞുകിടക്കാനായിരുന്നു നോർത്ത് ഗേറ്റിന്റെ വിധി. ചൊവ്വാഴ്ച മുഖ്യമന്ത്രി വി.ഡി. സതീശൻ തന്റെ ഔദ്യോഗികവാഹനത്തിൽ ഈ വഴി പുറത്തേയ്ക്ക് പോയി ഗേറ്റിന് ‘ശാപമോക്ഷം’ നൽകി. മുദ്രാവാക്യങ്ങളുയർത്തി കോൺഗ്രസ് പ്രവർത്തകരും അത് ആഘോഷമാക്കി. ‘‘സന്തോഷം, നന്നായി...’’ വൈകീട്ട് ജോലി കഴിഞ്ഞ് ഇതുവഴി പുറത്തേക്കിറങ്ങിയ ജീവനക്കാരും സന്തോഷം മറച്ചുവെച്ചില്ല.
എം.ജി. റോഡിൽനിന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന നോർത്ത് ബ്ളോക്കിലേക്ക് കടക്കാവുന്ന പ്രവേശനകവാടമാണ് സമരഗേറ്റ് എന്നറിയപ്പെടുന്ന നോർത്ത് ഗേറ്റ്. ഭരണസംവിധാനത്തിനെതിരായ എല്ലാ പ്രതിഷേധങ്ങളും ഈ കവാടത്തിന് മുന്നിലാണ് അരങ്ങേറുന്നത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് നോർത്ത് ഗേറ്റ് സ്ഥിരമായി അടച്ചത്. സമരങ്ങൾ അക്രമാസക്തമായാൽ പ്രതിഷേധക്കാർ സെക്രട്ടേറിയറ്റിലേയ്ക്ക് കടക്കുമെന്ന വിലയിരുത്തലിലാണ് ഈ ഗേറ്റ് പൂട്ടിയിടാൻ സർക്കാർ തീരുമാനിച്ചത്. മുള്ളുകമ്പികൾ ചുറ്റിയ ബാരിക്കേഡുകൾ അടുക്കി ഗേറ്റിന് സംരക്ഷണകവചവുമൊരുക്കി.
ഗേറ്റ് കഴിഞ്ഞുള്ള ആദ്യകെട്ടിടം മുഖ്യമന്ത്രിയുടെ പൊതുജന പരാതിപരിഹാര സെൽ ഓഫീസാണ്. ഇവിടെയെത്തേണ്ടവർ സ്റ്റാച്യൂവിൽനിന്ന് കന്റോൺമെന്റ് ഗേറ്റ് വഴിയാണ് എത്തിയിരുന്നത്.
സന്ദർശകർക്കും ഉദ്യോഗസ്ഥർക്കും ഇനി ഇതുവഴി പ്രവേശനമുണ്ടാകും. എന്നാൽ, ഏതൊക്കെ സമയത്താണ് എന്നതിന്റെ ഉത്തരവ് പുറത്തിറങ്ങിയിട്ടില്ല. വരുംദിവസങ്ങളിൽ നോർത്ത് ഗേറ്റ് വീണ്ടും മെയിൻ ഗേറ്റാകുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
Published: 20 May 2026, 04:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented