തിരുവനന്തപുരം: പതിവ് തെറ്റിക്കാതെ എംപ്ലോയീസ് അസോസിയേഷൻ, ഇത്തവണയും മുഖ്യമന്ത്രിയെ വരവേറ്റത് സ്വാഗത ഗാനവുമായി. സിപിഎം അനുകൂല സംഘടനയായ കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ഇത്തവണയും പുതിയ സ്വാഗത ഗാനത്തോടെയാണ് വരവേറ്റത്.

To advertise here,

മുഖ്യമന്ത്രി വന്നപ്പോൾ അദ്ദേഹത്തെ വേദിയിലിരുത്തിയാണ് ഗാനം ആലപിച്ചത്. ചങ്കാണ് ചെങ്കൊടി എന്ന വരികളോടെയുള്ള ഗാനമാണ് ഇത്തവണ ആലപിച്ചത്. ഇടത് സർക്കാരിനെ ഒന്നാകെ സ്തുതിച്ചുകൊണ്ടുള്ളതാണ് ഗാനം. മുൻപ് മുഖ്യമന്ത്രിയുടെ വാഴ്ത്തുപാട്ട് രചിച്ച ധനവകുപ്പിലെ പൂവത്തൂർ ചിത്രസേനൻ തന്നെയാണ് ഇത്തവണയും പാട്ടിന് പിന്നിൽ.

നേരത്തേ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ സുവർണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലും മുഖ്യമന്ത്രിയെ പുകഴ്ത്തി സ്വാഗതഗാനം ആലപിച്ചിരുന്നു. അന്ന് പാട്ടിൽ ഫിനിക്‌സ് പക്ഷിയായാണ് പിണറായി വിജയനെ വിശേഷിപ്പിച്ചത്. 'കാവലാൾ' എന്ന തലക്കെട്ടിലായിരുന്നു വാഴ്ത്തുപാട്ട്. 'ചെമ്പടക്ക് കാവലാൾ ചെങ്കനൽ കണക്കൊരാൾ' എന്ന വരിയോടെയാണ് പാട്ട് തുടങ്ങുന്നത്. മൂന്ന് വർഷം മുമ്പ് തിരുവനന്തപുരത്ത് സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പിണറായി സ്തുതിയുമായി മെഗാ തിരുവാതിര അവതരിപ്പിച്ചത് വിവാദമായിരുന്നു.