
കൊച്ചി: കായികമേളയില്‍ പ്രതിഷേധിച്ച രണ്ട് സ്‌കൂളുകള്‍ക്ക് അടുത്ത കായിക മേളയില്‍ വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ മന്ത്രിയെ കാണാനൊരുങ്ങി കോതമംഗലം മാര്‍ ബേസില്‍ സ്‌കൂള്‍ മാനേജ്‌മെന്റ്. കായികമേളയില്‍ കായിക താരങ്ങള്‍ പ്രതിഷേധിച്ചതുമായി ബന്ധപ്പെട്ട് ടീച്ചര്‍മാരുടെ അടുത്തെല്ലാം അന്വേഷണം വരുകയും മാപ്പ് എഴുതി നല്‍കുകയും ചെയ്തിരുന്നുവെന്നും എന്നിട്ടും എന്തുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം വന്നതെന്ന് അറിയില്ലെന്നും കോതമംഗലം മാര്‍ ബേസില്‍ സ്‌കൂള്‍ മാനേജര്‍ ജോര്‍ജ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. നിലവില്‍ എംഎല്‍എയുമായി സംസാരിച്ചിട്ടുണ്ടെന്നും വിലക്ക് നീക്കണമെന്ന് ആവശ്യപ്പെടാനായി മന്ത്രിയെ നേരിട്ട് കണാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂളുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഇനി പ്രതികരിച്ചിട്ട് കാര്യമില്ല. മുഖ്യമന്ത്രിക്ക് പരാതി നല്‍കാനൊന്നും ഇല്ല. ഇപ്പോള്‍ ഇവിടുത്തെ എം എല്‍ എയുമായിട്ട് സംസാരിച്ചിട്ടുണ്ട്. അദ്ദേഹം ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ഈ കുട്ടികളെ വിദ്യാഭ്യാസ വകുപ്പിന് വെറുതേ മാറ്റി നിര്‍ത്താന്‍ സാധിക്കില്ലല്ലോ- മാര്‍ ബേസില്‍ സ്‌കൂള്‍ മാനേജര്‍ ജോര്‍ജ് പറഞ്ഞു.
എറണാകുളത്ത് വെച്ച് നടന്ന സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ തിരുവനന്തപുരം ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിന് രണ്ടാം സ്ഥാനം നല്‍കിയതിനെതിരെയായിരുന്നു കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളും തിരുന്നാവായ നാവാമുകുന്ദ സ്‌കൂളിലെ വിദ്യാര്‍ഥികളും പ്രതിഷേധിച്ചത്. സംഭവത്തിന് പിന്നാലെ അന്വേഷണത്തിന് മൂന്നംഗ സമിതിയെ വിദ്യാഭ്യാസ വകുപ്പ് ചുമതലപ്പെടുത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് നടപടി.
ദേശീയ സീനിയര്‍ മീറ്റില്‍ മാര്‍ബേസിലില്‍നിന്ന് ആറു കുട്ടികള്‍ പങ്കെടുക്കും. ജൂനിയര്‍ മീറ്റില്‍ രണ്ടു കുട്ടികള്‍ പങ്കെടുത്തിരുന്നു. സബ് ജുനിയര്‍ ലെവല്‍ മുതലുള്ള നിരവധി കുട്ടികളാണ് സംസ്ഥാനമേളയില്‍ പങ്കെടുക്കാന്‍ കാത്തിരിക്കുന്നത്. കൂടാതെ പത്താംക്ലാസ്, പ്ലസ് ടു കഴിയുന്ന കുട്ടികളും നിരാശയോടെയാണ് നിലവിലെ വിലക്കിനെ കാണുന്നത്.
കുട്ടികളുടെ അവകാശത്തെ തടയാന്‍ കഴിയില്ല- ഷിബി മാത്യു (കായിക അധ്യാപിക- മാര്‍ ബേസില്‍ സ്‌കൂള്‍)
സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ തിരുവനന്തപുരം ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിന് രണ്ടാം സ്ഥാനം നല്‍കിയതിനെതിരെയായിരുന്നു കുട്ടികള്‍ അന്ന് പ്രതിഷേധിച്ചത്. സ്‌പോര്‍ട്‌സ് സ്‌കൂളിനെ ഇത്തരത്തില്‍ പരിഗണിക്കുമെന്ന കാര്യവും അറിയിച്ചിരുന്നില്ല. ജില്ലയില്‍ അങ്ങനെയായിരുന്നില്ല നടത്തിയിരുന്നത്. രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്തും നാവാമുകുന്ദയും മാര്‍ ബേസിലുമായിരുന്നു. വെബ്‌സൈറ്റിലും അങ്ങനെ തന്നെയായിരുന്നു. ഇതിനിടെ ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിന് രണ്ടാം സ്ഥാനം നല്‍കിയപ്പോള്‍ കുട്ടികളുടെ ഭാഗത്ത് നിന്നുണ്ടായ സ്വാഭാവിക പ്രതികരണമായിരുന്നു അത്. അന്ന് അത് അവിടെ കഴിഞ്ഞു. പിന്നീട് കുട്ടികള്‍ അവരുടെ പരിശീലനവും ക്ലാസുകളുമായി പോവുകയാണ്. ഇതിനിടെയാണ് ഇപ്പോള്‍ ഇങ്ങനെയൊരു നടപടി.
വിലക്കേര്‍പ്പെടുത്തുകയാണെങ്കില്‍ പത്താംക്ലാസിലും പ്ലസ്ടുവിലുമൊക്കെ പഠിക്കുന്ന കുട്ടികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയില്ല. രണ്ട് തവണ മത്സരിപ്പിച്ച് മൂന്നാം തവണ നല്ല റിസല്‍ട്ട് തരുന്ന കുട്ടികളുണ്ട്. അതൊക്കെ ഇല്ലാതാകും. അഞ്ചാംക്ലാസ് മുതലുള്ള കുട്ടികള്‍ ഉണ്ട്. സബ്ജൂനിയര്‍ മുതലുള്ള കുട്ടികളുടെ അവസരങ്ങള്‍ നഷ്ടമാകും.
മെഡല്‍ വാങ്ങുന്നതിനുപരി കോണ്‍ഫിഡന്‍സ് കൂടിയാണ് നഷ്ടപ്പെടുന്നത്. കുട്ടികളുടെ അവകാശമാണ് ഇതെല്ലാം. കുട്ടികളുടെ അവകാശത്തെ തടയാന്‍ കഴിയില്ല. അന്നുണ്ടായ സംഭവത്തില്‍ കുട്ടികളുടെ സ്വാഭാവിക പ്രതിഷേധമാണ് ഉണ്ടായത്. കുട്ടികള്‍ അവിടെ മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തത്. ഇതെല്ലാം ജനങ്ങള്‍ കാണുന്നുണ്ടല്ലോ പൊതുജനങ്ങളാണ് ഇതെല്ലാം തീരുമാനിക്കേണ്ടത്.
Content Highlights: Kerala schools meet ban, School management seeks intervention
Published: 04 Jan 2025, 02:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented