തിരുവനന്തപുരം: പോലീസിൽ ഉന്നതതലത്തിൽ നടന്ന അഴിച്ചുപണിക്കു പിന്നാലെ ഒരു വിഭാഗം ഉദ്യോഗസ്ഥർക്ക് അതൃപ്തി. ചില ഉദ്യോഗസ്ഥർ ആഭ്യന്തരമന്ത്രിയെ കണ്ട് ബുദ്ധിമുട്ടുകൾ ബോധിപ്പിച്ചു.

To advertise here,

തിരുവനന്തപുരം കമ്മിഷണറായിരുന്ന കെ. കാർത്തിക്കിന്റെ തൃശ്ശൂരേക്കുള്ള സ്ഥലംമാറ്റം വ്യക്തിപരമായ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ഒഴിവാക്കിയേക്കും. അദ്ദേഹത്തിന് തിരുവനന്തപുരത്തുതന്നെ മറ്റൊരു തസ്തികയിൽ നിയമനം നൽകുമെന്നാണ് വിവരം. ഉത്തര മേഖലാ ഐ.ജി.യുടെ നിയമനവും ഉടനുണ്ടാകും.

മേൽത്തട്ടിലെ സ്ഥലംമാറ്റം സംബന്ധിച്ച് ആക്ഷേപങ്ങളൊന്നും ഉയരുന്നില്ലെങ്കിലും ജില്ലാ പോലീസ് മേധാവിമാരുടെ മാറ്റങ്ങളിൽ അതൃപ്തിയുണ്ട്. ചില ഉദ്യോഗസ്ഥരെ ജില്ലകളിൽ നിന്ന് മാറ്റിയെങ്കിലും പകരം നിയമനം നൽകിയിട്ടില്ല. ആരോപണവിധേയർക്ക് ജില്ലകളിൽ നിയമനം നൽകിയെന്ന ആക്ഷേപവുമുണ്ട്.

കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ നിയമനം രാഷ്ട്രീയനിയമനമാണെന്ന് ഉദ്യോഗസ്ഥരിൽ ചിലർ ചൂണ്ടിക്കാട്ടുന്നു. അവിടെ കമ്മിഷണറായിരുന്ന എസ്.പി.യെയാണ് കോഴിക്കോട് റൂറലിൽ മേധാവിയാക്കിയതെന്നാണ് സർക്കാർ വാദം. പുതുതായി നിയമിച്ച കമ്മിഷണറും എസ്.പി. തന്നെയാണ്. കോഴിക്കോട് ഡി.സി.പി. കമ്മിഷണറെക്കാൾ ജൂനിയർ തന്നെയാണെന്നും പറയുന്നു.

തിരുവനന്തപുരത്ത് ഡി.ഐ.ജി.യെ നിയമിച്ചതും ഉദ്യോഗസ്ഥരിൽ ചിലരുടെ അസംതൃപ്തിക്ക് കാരണമായിട്ടുണ്ട്. പോലീസ് കമ്മിഷണറേറ്റ് തീരുമാനം ഉപേക്ഷിച്ചതിനു പിന്നാലെ തിരുവനന്തപുരത്ത് കമ്മിഷണർ ചുമതല നൽകിയിരുന്നത് ഡി.ഐ.ജി.ക്ക് തന്നെയാണെന്നും ചൂണ്ടിക്കാട്ടുന്നു.

നിലവിലെ കമ്മിഷണറും കഴിഞ്ഞ കമ്മിഷണറും ഡി.ഐ.ജി.മാർ തന്നെയായിരുന്നു. പോലീസ് ആസ്ഥാനത്ത് നിന്ന് എ.ഡി.ജി.പി. എസ്. ശ്രീജിത്തിനെ മാറ്റി പകരം ഐ.ജി.യെ നിയോഗിച്ചതും മാറ്റങ്ങൾ പാളിയെന്നതിന് ഉദാഹരണമായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, വീണ്ടും ഉടനൊരു മറ്റങ്ങൾക്ക് സർക്കാർ തയ്യാറാകില്ലെന്നാണ് വിവരം.