തൃശ്ശൂർ: ശനിയാഴ്ചനടന്ന പ്ലസ്‌വൺ ഫിസിക്‌സ് പരീക്ഷയിലും നിറയെ അക്ഷരത്തെറ്റുകൾ. ഇംഗ്ലീഷിലും മലയാളത്തിലും ചോദ്യങ്ങൾ ഉൾപ്പെടുത്തിയാണ് ചോദ്യക്കടലാസ് തയ്യാറാക്കിയിട്ടുള്ളത്. പ്ലസ് ടു മലയാളം പാർട്ട്‌ രണ്ട് ചോദ്യക്കടലാസിൽ ഇരുപതോളം തെറ്റുകൾവന്നത് വാർത്തയായിരുന്നു.

To advertise here,

ഫിസിക്‌സ് പരീക്ഷയിലെ നാലാമത്തെ ചോദ്യം ‘വ്യത്യസ്ത അളുവുകളോടെ ദ്രാവകം നിറചു മൂന്നപാത്രങ്ങൾ എ, ബി, സി തന്നിരിക്കുന്നു. ഇത്... എന്ന പ്രതിഭാസമാണ്’ എന്നാണ്. 21-ാം ചോദ്യത്തിൽ ശാസ്ത്രജ്ഞൻ ‘ശാസ്ത്രനനാ’യി. 23 എയിൽ ‘ചിത്രീകുരുക്കുക’യും 23 ബിയിൽ ‘പ്രാവൃത്തി’യും വന്നിട്ടുണ്ട്. വാക്കുകൾക്കിടയിൽ വേണ്ട അകലം ഇടാതെയാണ് പല ചോദ്യങ്ങളും. വ്യാകരണത്തെറ്റുകളും ഏറെ.

മുൻദിവസങ്ങളിലെ ബോട്ടണി, സുവോളജി, കെമിസ്ട്രി, ഇക്കണോമിക്‌സ് ചോദ്യക്കടലാസുകളിലും വ്യാപക പിശകുകളാണുണ്ടായിട്ടുള്ളത്. ഒന്നാംവർഷ ബോട്ടണി ചോദ്യക്കടലാസിൽ ദ്വിബീജപത്ര സസ്യം എന്നതിന് ‘ദി ബീജ’ പത്രമെന്നും അവായു ശ്വസനം എന്നത് ‘ആ വായു’ ശ്വസനമെന്നുമാണുള്ളത്. ‘വൈത്യാസങ്ങൾ’ എന്നാണ് വ്യത്യാസങ്ങൾക്കു പകരമായിവന്നത്. കെമിസ്ട്രി ചോദ്യക്കടലാസിൽ എളുപ്പത്തിൽ ‘എളുപ്പു’ത്തിലായി. ഇക്കണോമിക്‌സിൽ കുറയുന്നു എന്നതിനുപകരം വന്നത് ‘കരയുന്നു’ എന്നാണ്.

സംസ്ഥാനത്തിനുപുറത്തുനിന്ന് തയ്യാറാക്കുന്ന പൊതുപരീക്ഷാ ചോദ്യക്കടലാസുകൾ പ്രൂഫ് വായനയ്ക്കായി നൽകുന്ന പതിവുണ്ട്. എന്നാൽ, ഇതു പരിശോധിച്ച് അന്തിമ ചോദ്യക്കടലാസ് തയ്യാറാക്കാൻ അനുമതിനൽകേണ്ട അധ്യാപകർ വീഴ്ചവരുത്തിയതിനെത്തുടർന്നാണ് ഇത്രയധികം അക്ഷരത്തെറ്റുകൾ കടന്നുവന്നത്.