കൊച്ചി: കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ വെടിയേറ്റുമരിച്ച കൊച്ചി ഇടപ്പള്ളി സ്വദേശി എന്‍. രാമചന്ദ്രന് കണ്ണീരോടെ യാത്രാമൊഴി. പൊതുദര്‍ശനത്തിനു ശേഷം മൃതദേഹം ഇടപ്പള്ളി പൊതു ശ്മശാനത്തില്‍ എത്തിച്ചു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. സംസ്കാരച്ചടങ്ങിന് ശേഷം മുഖ്യമന്ത്രി രാമചന്ദ്രന്‍റെ വീട് സന്ദർശിക്കും.

To advertise here,

വികാരനിർഭരമായ രംഗങ്ങൾക്കിടെ രാമചന്ദ്രന്‍റെ മൃതദേഹം വീട്ടിൽനിന്ന് പുറത്തേക്കെടുത്തപ്പോൾ വർഗീയതയ്ക്കും ഭീകരതയ്ക്കും എതിരായ മുദ്രാവാക്യം വിളികൾ ഉയർന്നു. കുടുംബാഗങ്ങൾ അടക്കം ആ മുദ്രാവാക്യം ഏറ്റുവിളിച്ചു. ഭാരത് മാതാ കീ ജയ് വിളികളും ഉയർന്നു. 

രാവിലെ ഏഴുമണിമുതല്‍ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ നടന്ന പൊതുദര്‍ശനത്തിൽ വിവിധ മേഖലകളിൽനിന്നുള്ള പ്രമുഖരടക്കം ആയിരങ്ങൾ അന്തിമോപചാരം അര്‍പ്പിച്ചു. പിന്നീട് പത്തരയോടെ മങ്ങാട്ടുറോഡിലെ വസതിയിലെത്തിച്ച മൃതദേഹം കാണാൻ നിരവധി പേർ ഒഴുകിയെത്തി. ശ്മശാനത്തിലേയ്ക്കുള്ള യാത്രയ്ക്കിടയിലും വഴിയരികിൽ നൂറുകണക്കിനുപേർ രാമചന്ദ്രന് വിടനൽകാൻ കാത്തുനിന്നു.

കേന്ദ്രമന്ത്രി സുരേഷ് ഗോപി, ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, മന്ത്രിമാരായ പി. രാജീവ്, എ.കെ. ശശീന്ദ്രന്‍,  പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, കൊച്ചി മേയര്‍ എം. അനില്‍കുമാര്‍, എറണാകുളം കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, നടന്‍ ജയസൂര്യ ഉള്‍പ്പെടെ നിരവധി പേര്‍ അന്തിമോപചാരമര്‍പ്പിച്ചു.

കശ്മീരില്‍ വിനോദയാത്രയ്ക്കു പോയ എന്‍. രാമചന്ദ്രന്‍, ചൊവ്വാഴ്ചയാണ് മകളുടെയും കൊച്ചുമക്കളുടെയും മുന്നില്‍വെച്ച് ഭീകരരുടെ വെടിയേറ്റു മരിച്ചത്. ആക്രമണത്തില്‍ രാമചന്ദ്രന്‍ അടക്കം 26 പേരാണ് കൊല്ലപ്പെട്ടത്.